പാലാ : പാലാ സെന്റ് തോമസ് കാമ്പസിലൂടെ നടന്ന നീങ്ങുന്നതിനിടെ മുടിയ്ക്ക് വലിച്ച് വീഴ്ത്തിയ ശേഷം കഴുത്തിന് ശക്തമായി കുത്തിപ്പിടിച്ചതോടെ നിഥിന മോളുടെ ബോധം മറഞ്ഞിരുന്നെന്നും ഇതിന് ശേഷമാണ് അഭിഷേക് കഴുത്തറത്തതെന്നും പൊലീസ്. പ്രൊഫഷണൽ കില്ലറുടെ വൈദഗ്ദ്ധ്യത്തോടെയാണ് അഭിഷേക് കൃത്യം നിർവഹിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേകിന്റെ പിടുത്തത്തിൽ ബോധം മറഞ്ഞ് പ്രധാന ഞരമ്പുകൾ വികസിച്ചു. ഒറ്റപ്പെടുത്തത്തിൽ ബോധം നഷ്ടപ്പെടുത്താനും സെക്കൻഡുകൾക്കൊണ്ട് കഴുത്ത് മുറിക്കാനുമുള്ള അഭിഷേകിന്റെ വൈദഗ്ദ്ധ്യം പൊലീസിനെയും ഞെട്ടിച്ചു. കഴുത്തിലെ മുറിവിന് ആറ് സെന്റിമീറ്റർ ആഴമുണ്ടെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. സ്വരനാളിയും അന്നനാളവും രക്തധമനികളും മുറിഞ്ഞു. മുൻപ് പേപ്പർ കട്ടർ ഉപയോഗിച്ച് വാഴപ്പിണ്ടി പോലുള്ളവയിൽ മുറിച്ച് പരിശീലനം നേടിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. രണ്ടാഴ്ച മുൻപ് ഒരു സുഹൃത്തിനോട് 'അവളെ ഞാൻ കുത്തുമെന്ന് ' പറഞ്ഞതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സുഹൃത്തിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. സൈബർസെല്ലിന്റെ സഹായത്തോടെ അഭിഷേകിന്റെ ഫോൺ വിശദാംശങ്ങളും തേടുന്നുണ്ട്. അഭിഷേകിന്റെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അയൽവാസികൾ എന്നിവരിൽ നിന്ന് പൊലീസ് ഉടൻ വിശദമായ മൊഴിയെടുക്കും. ഇന്നലെ പാലാ സി.ഐ കെ.പി ടോംസൺ നിഥിനാമോളുടെ വീട്ടിലെത്തി അമ്മ ബിന്ദുവിനെ കണ്ട് സംസാരിച്ചു.