ആളൂർ: ആളൂർ പീഡനക്കേസിലെ പ്രതിയുടെ മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളിയത് മുതൽ ഇരയായ പെൺകുട്ടിയെയും തങ്ങളെയും ഭീഷണിപ്പെടുത്തിയും വ്യാജ കേസ് നൽകിയും പീഡിപ്പിക്കുകയാണെന്ന് ഇരയുടെ ബന്ധുക്കൾ അറിയിച്ചു. ഭീഷണികൾ ഉണ്ടായ ഓരോ സന്ദർഭത്തിലും ആളൂർ പൊലീസിനെ സമീപിച്ചിട്ടും മൊഴി രേഖപ്പെടുത്താനോ കേസ് രജിസ്റ്റർ ചെയ്യാനോ തയ്യാറായില്ലെന്നും ഇവർ പറയുന്നു.
കേസിൽ നിന്ന് പിന്തിരിഞ്ഞില്ലെങ്കിൽ അപായപ്പെടുത്തുമെന്ന ഭീഷണി കാൾ വന്നത് സംബന്ധിച്ച് പരാതിപെട്ട ഇരയായ പെൺകുട്ടിയോട് സ്റ്റേഷനിലെത്തി നേരിട്ട് മൊഴി നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിയ പെൺകുട്ടിയോടും ഭർത്താവിനോടും കുറച്ച് ദിവസം കഴിഞ്ഞേ മൊഴി സ്വീകരിക്കാനാകൂവെന്ന് പറഞ്ഞ് മടക്കി അയച്ചു. ഈ നടപടിക്കെതിരെ പെൺകുട്ടി ഡി.ജി.പി, അഡീഷണൽ ഡി.ജി.പി എന്നിവർക്ക് പരാതി നൽകി. ആളൂർ പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 326/2021 കേസിൽ കൂടുതൽ വകുപ്പ് ചേർക്കാൻ ചാലക്കുടി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയോട് നിർദ്ദേശിച്ച ഹൈക്കോടതി ഉത്തരവ് തിരുത്താൻ കേസിലെ ഒന്നാം പ്രതിയും മറ്റുളളവരും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. പീഡനക്കേസിലെ പ്രതിയെ സഹായിക്കാനും അന്വേഷണം വഴിതെറ്റിക്കാനുമുളള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് ഹർജിക്കാരിലൊരാളായ ഒളിമ്പ്യൻ മയൂഖ ജോണി ആരോപിച്ചു.