കൊല്ലം : ശക്തികുളങ്ങര ഹാർബറിൽ അനധികൃത വിദേശ മദ്യ വ്യാപാരം നടത്തിയയാളെ പൊലീസ് പിടികൂടി. ചവറ തോട്ടിന് വടക്ക് പയ്യലക്കാവിന് സമീപം അമ്പാടിയിൽ വീട്ടിൽ ബാബു (56) ആണ് അറസ്റ്റിലായത്. ശക്തികുളങ്ങര ഫിഷറീസ് ഹാർബറിനുളളിൽ മോട്ടോർ സൈക്കിളിന്റെ സൈഡ് ബോക്സിൽ സംഭരിച്ച് വച്ച ഏഴ് ലിറ്റർ വിദേശ മദ്യവുമായിട്ടാണ് ഇയാൾ പിടിയിലായത്. 3250 രൂപയും ഉണ്ടായിരുന്നു. ശക്തികുളങ്ങര, നീണ്ടകര ഹാർബറുകൾ കേന്ദ്രീകരിച്ച് മോട്ടോർസൈക്കിളിൽ മൊബൈൽ മദ്യകച്ചവടം നടത്തുന്നതായി ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് ഇയാൾ പിടിയിലായത്. ജില്ലാ മയക്ക് മരുന്ന് വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ശക്തികുളങ്ങര ഇൻസ്പെക്ടർ യു.ബിജു, എസ്.ഐ വി .അനീഷ്, എ.എസ്.ഐ മാരായ കെ. പ്രദീപ്, എസ്.പ്രദീപ്കുമാർ, ജില്ലാ ഡാൻസാഫ് ടീം അംഗങ്ങളായ എസ്.ഐ ആർ.ജയകുമാർ, എ.എസ്.ഐ ബൈജൂ ജെറോം, സി.പി.ഓ മാരായ മനു, സജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.