തിരുവനന്തപുരം: എം.സി റോഡിൽ മണ്ണന്തല വയമ്പാച്ചിറ കുളത്തിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു. ജയലക്ഷ്മി ട്രഡേഴ്സ് ഉടമ നാലാഞ്ചിറ കുരിശടി റോഡ് വായനശാലയ്ക്ക് സമീപം എസ്.ആർ.എ 63, ലക്ഷ്മി ഭവനിൽ ജയലക്ഷ്മിയുടേയും ക്രിസ്തുദാസിന്റെയും മകൻ സി.ജെ ദീപ്തു (34),അയിരൂപ്പാറ മൈലാടുംമുകൾ വിഷ്ണു ഭവനിൽ സതീശന്റേയും ശൈലജയുടേയും മകൻ വിഷ്ണു ശങ്കർ (27) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.10നായിരുന്നു അപകടം.
വട്ടപ്പാറ ഭാഗത്ത് നിന്ന് മണ്ണന്തലയിലേക്ക് വരികയായിരുന്ന ബൈക്കും എതിരെ വന്ന ഓൺലൈൻ മത്സ്യ വിപണന സ്ഥാപനത്തിലെ പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചു വീണ ഇവരെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മണ്ണന്തല പൊലീസ് കേസെടുത്തു. വിഷ്ണുവിന്റെ ഭാര്യ ഷിജിന. മകൾ അൻഹ ശങ്കർ. സഹോദരി വിദ്യാ ശങ്കർ. ദീപ്തുവിന്റെ ഭാര്യ ഗായത്രി. പത്തുവയസും ആറ് മാസവും പ്രായമായ മക്കളുണ്ട്.