കൊച്ചി: ലക്ഷദ്വീപിലെ ആദ്യ ഗാന്ധി പ്രതിമ കവരത്തിയിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനാവരണം ചെയ്തു. ജനങ്ങൾ 'ഭാരത് മാതാ കീ ജയ്' വിളിച്ചും ദേശീയ പതാകയേന്തിയും പരിചകളി അവതരിപ്പിച്ചുമാണ് രാജ്നാഥ് സിംഗിനെ സ്വീകരിച്ചത്.
ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ, എം.പി മുഹമ്മദ് ഫൈസൽ, കളക്ടർ അസ്‌കർ അലി, നാവിക സേനയുടെയും തീരസംരക്ഷണ സേനയുടെയും ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ആറടി ഉയരമുള്ള വെങ്കല പ്രതിമ കവരത്തിയുടെ കവാടപ്രദേശമായ ജെട്ടി ഭാഗത്താണ് സ്ഥാപിച്ചത്. ഗാന്ധി സ്‌ക്വയർ എന്ന പേരിലായിരിക്കും ഇനി ഈ പ്രദേശം അറിയപ്പെടുക. 8.2 ലക്ഷം രൂപ ചെലവിട്ട് ആന്ധ്രാപ്രദേശിലാണ് പ്രതിമ നിർമ്മിച്ചത്.