തിരുവനന്തപുരം: വിവിധ രാജ്യങ്ങളിൽ കൊവിഡ് വൈറസിന്റെ ജനതിക മാറ്റം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹര്യത്തിൽ വിദേശത്ത് നിന്നെത്തുന്നവർക്ക് കേന്ദ്രനിർദ്ദേശപ്രകാരം ക്വാറന്റൈൻ നിർബന്ധമാക്കിയതായി മന്ത്രി വീണാജോർജ് അറിയിച്ചു.
യു.കെയിൽ നിന്നും വരുന്നവർ 10ദിവസവും സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നുംഎത്തുന്നവർ 7ദിവസവുമാണ് നിർബന്ധിത ക്വാറന്റൈനിൽ കഴിയേണ്ടത്. എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും എയർപോർട്ടിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തും. ബാക്കിയുള്ള രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് എയർപോർട്ടിൽ നടത്തുന്ന ആർ.ടി.പി.സി.ആർ പരിശോധന നെഗറ്റീവാണെങ്കിലും 14ദിവസത്തെ സ്വയം നിരീക്ഷണം ആവശ്യമാണ്. കൊവിഡ് വ്യാപനം കുറഞ്ഞതോടെ എയർപോർട്ടിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെെഗറ്റീവാണെങ്കിൽ ക്വാറന്റൈൻ നിർബന്ധമാക്കിയിരുന്നില്ല. ഇതാണ് ഇപ്പോൾ മാറ്റം വരുത്തിയത്.
ഇതുകൂടാതെ യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീൽ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലാൻഡ്, സിംബാബ്‌വെ തുടങ്ങിയയിടങ്ങളിൽ നിന്നും വന്നവരുടെ സാമ്പിളുകൾ വൈറസിന്റെ ജനിതകമാറ്റ പരിശോധനയ്ക്ക് അയക്കുമെന്നും മന്ത്രി വ്യക്തമാക്കി.