സ്റ്റോക്ക്ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നോബൽ പുരസ്കാരം അമേരിക്കൻ ഗവേഷകരായ ഡേവിഡ് ജൂലിയസും (65), ആർഡം പാറ്റപൂഷ്യനും (54) പങ്കിട്ടു. ചൂടും സ്പർശനവും വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീവ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള (റിസപ്റ്റേഴ്സ്) പഠനത്തിനാണ് പുരസ്‌കാരം. സ്പർശനം, ചൂട്, വേദന തുടങ്ങിയവ വൈദ്യുത സ്പന്ദനങ്ങളായി ശരീരം എത്തിക്കുന്നതെങ്ങനെയെന്ന സുപ്രധാന കണ്ടെത്തലാണ് ഇവരുടേതെന്നും വേദന നിവാരണത്തിന് പുതിയവഴി തുറക്കുമെന്നും പുരസ്കാര നിർണയ കമ്മിറ്റി വിലയിരുത്തി.
സമ്മാനത്തുകയായ 10 ദശലക്ഷം സ്വീഡിഷ് ക്രോണർ (8.52 കോടി രൂപ) പങ്കിട്ടെടുക്കും. ലബനനിലെ ബെയ്റൂട്ടിൽ ജനിച്ച പാറ്റപൂഷ്യൻ അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. കാലിഫോർണിയ ലാ ഹോലയിലെ സ്ക്രിപ്സ് റിസർച്ചിൽ പ്രൊഫസറാണ്. ന്യൂയോർക്ക് സ്വദേശിയായ ഡേവിഡ് ജൂലിയസ് ബെർക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. കാലിഫോർണിയ സർവകലാശാലയിൽ പ്രൊഫസറാണ്.
ഭൗതികശാസ്ത്രത്തിനുള്ള പുരസ്കാരം ഇന്നും രസതന്ത്രത്തിനുള്ള പുരസ്കാരം ബുധനാഴ്ചയും സാഹിത്യം, സമാധാനം എന്നിവയുടേത് യഥാക്രമം വ്യാഴം, വെള്ളി ദിവസങ്ങളിലും പ്രഖ്യാപിക്കും. അതേസമയം, സാമ്പത്തിക നോബൽ 11ന് പ്രഖ്യാപിക്കും. പുരസ്കാരങ്ങൾ ഡിസംബർ 10ന് വിതരണം ചെയ്യും.