കൊലയ്ക്ക് പിന്നിൽ ഭാര്യയുമായുള്ള ബന്ധം തകർന്നതിന്റെ പക
അടിമാലി: ആനച്ചാലിലെ കുടുബത്തിലെ നാല് പേരെയും വക വരുത്തുകയായിരുന്നു ലക്ഷ്യമെന്ന് ഏഴ് വയസുകാരനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുനിൽകുമാർ പൊലീസിനോട് വെളിപ്പെടുത്തി.
ഭാര്യ ഷൈലയുമായുണ്ടായിരുന്ന ബന്ധം വേർപ്പെട്ടതിന് പിന്നിൽ ഭാര്യാസഹോദരി സഫിയയും മാതാവ് സൈനബയുമാണെന്നാണ് സുനിൽകുമാർ വിശ്വസിച്ചിരുന്നത്. ഇവരെയും കുട്ടികളെയും ഇല്ലാതാക്കിയാൽ ഷൈലയുമൊത്ത് ജീവിക്കാമെന്ന് കരുതി. കൊലപാതകത്തിനായി സഫിയയുടെ വീടിന്റെ പുറക് വശത്തെ കതക് തകർത്താണ് അകത്ത് കയറിയത്. വീടിന്റെ വാതിൽ തുറക്കാൻ കഴിയാതെ വന്നാൽ ഉപയോഗിക്കാൻ കമ്പിപ്പാരയും കരുതിയിരുന്നു. അമ്മയും കുട്ടിയും ഉറങ്ങിക്കിടന്ന മുറിയിലെത്തി സഫിയയെ ആദ്യം ചുറ്റികയ്ക്ക് തലയ്ക്കടിച്ചു. തുടർന്ന് കുട്ടിയുടെ തലയിലും അടിച്ചു. രണ്ട് പേരും മരിച്ചെന്നു കരുതി സൈനബ താമസിക്കുന്ന അടുത്ത വീടിന്റെ പുറക് വശത്തെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറി. സൈനബയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു. സഫിയയുടെ മൂത്ത മകൾ ആഷ്മിയെ ഉപദ്രവിക്കാതെ പ്രതി നേരത്തെ താമസിച്ചിരുന്ന ഷെഡിൽ കൊണ്ടുപോയി. അവിടെ നിന്ന് ആഷ്മി ഓടി രക്ഷപ്പെടുകയായിരുന്നു.
സുനിൽ കുമാറിന്റെ ഷെഡിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റികയും പിച്ചാത്തിയും കണ്ടെടുത്തു. സംഭവ സമയം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ സമീപത്തുള്ള പുഴയിൽ ഒഴുക്കിക്കളഞ്ഞതായി പ്രതി പറഞ്ഞു. ഇടുക്കി ഡിവൈ.എസ്.പി. ഇമ്മാനുവേൽ പോളിന്റെ നേതൃത്വത്തിൽ മുരിക്കാശേരി, കരിമണൽ, വെള്ളത്തൂവൽ സ്റ്റേഷനിൽ നിന്നുള്ള സി.ഐമാർ ഉൾപ്പെടെയുള്ളവരുടെ കനത്ത സുരക്ഷയിലാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള സഫിയയും മാതാവ് സൈനബയും അപകടനില തരണം ചെയ്തു.
കൽപ്പണിക്കാരനായ സുനിൽകുമാറിന് സുപരിചിതമായ ആയുധം ചുറ്റികയാണ്. മൂർച്ചയേറിയ പുതിയ പിച്ചാത്തിയും കൃത്യത്തിനായി കരുതിയിരുന്നു. എന്നാൽ, ഉറങ്ങിക്കിടക്കുന്നവരെ കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുന്നതിനേക്കാൾ എളുപ്പം ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയാണെന്ന് പ്രതി കരുതി.