SignIn
Kerala Kaumudi Online
Tuesday, 16 April 2024 7.36 PM IST

ചില്ലറ പുരാവസ്തു സങ്കടങ്ങൾ

cartoon

കള്ളന് കഞ്ഞിവച്ചവർ എന്ന അർത്ഥത്തിൽ കേരള പൊലീസിനെ മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിന് കാവലേർപ്പെടുത്തിക്കൊടുത്തവരായി സ്ഥാപിച്ചെടുക്കാൻ പ്രതിപക്ഷം ശ്രമിച്ചു. മോൻസൻ മാവുങ്കലുമായി ചേർത്തുവച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ ഉയരുന്ന ആരോപണ പുകമറകളെ മായ്ച്ച് കളയുകയെന്ന ഗൂഢനീക്കവും പ്രതിപക്ഷത്തിനുണ്ടായിരുന്നു എന്ന് തോന്നി. പ്രതിപക്ഷത്തിന്റെ പ്രത്യേക മാനസികാവസ്ഥയിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട മുഖ്യമന്ത്രി പിണറായി വിജയൻ, മുള്ളും മുനയും ധാരാളം ചേർത്ത് കെ. സുധാകരനെപ്പറ്റി പറയാതെ പലതും പറഞ്ഞു. സുധാകരനെപ്പറ്റി പറഞ്ഞോയെന്ന് ചോദിച്ചാൽ പറഞ്ഞില്ല. എന്നാൽ പറഞ്ഞില്ലേയെന്ന് ചോദിച്ചാലോ, പറഞ്ഞു! മുഖ്യമന്ത്രി ഇച്ഛിച്ചത് പോലെ പ്രതിപക്ഷം ആ ചൂണ്ടയേറിൽ കൊത്തി.

മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകിയത് പി.ടി. തോമസും മറ്റുമാണ്. മോൻസന്റെ കേന്ദ്രം ആരെല്ലാം സന്ദർശിച്ചുവെന്നും ആരെല്ലാം ദിവസങ്ങളോളം അവിടെ തങ്ങിയെന്നും ചികിത്സയ്ക്ക് വിധേയമായി എന്നുമെല്ലാം സഭയ്ക്ക് മാത്രമല്ല, കേരളത്തിലെ ജനങ്ങൾക്കുമറിയാം എന്നാണ് മുഖ്യമന്ത്രിയുടെ മുനവച്ച വാക്ക്. മോൻസന്റെ ചെയ്തികൾക്കെതിരെ വന്ന പരാതികളിൽ പരാമർശിച്ചത് ഏതെങ്കിലും പൊലീസുദ്യോഗസ്ഥന്റെ പേരല്ലെന്ന് അദ്ദേഹം പ്രതിപക്ഷത്തോട് പറഞ്ഞു. ഫെമ പ്രകാരം വലിയ തുക തട്ടിച്ചതിന് ഡൽഹി വഴി സഹായത്തിന് പ്രധാനപ്പെട്ടയാളുടെ സാന്നിദ്ധ്യമുണ്ടായിയെന്ന പരാതിയൊക്കെ വന്നിരിക്കുകയാണ്- മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

നിങ്ങൾ കെ. സുധാകരനെ സ്പുട്നികിൽ കയറ്റി ശൂന്യാകാശത്തേക്ക് അയയ്‌ക്കാനൊന്നും പോകുന്നില്ല എന്നായിരുന്നു പി.ടി. തോമസ് തിരിച്ചടിച്ചത്.

2019 മേയ് 22ന് കിട്ടിയ ഇന്റലിജന്റ്സ് റിപ്പോർട്ട് കൈയിൽ വച്ചാണ് മോൻസൻ മാവുങ്കലിന് പൊലീസ് കാവലേർപ്പെടുത്തിയതെന്ന് തോമസ് കുറ്റപ്പെടുത്തി. കഴിഞ്ഞ മാസം ആറിന് പരാതി കിട്ടിയപ്പോഴാണ് വിവരമറിയുന്നതെന്ന് മുഖ്യമന്ത്രിക്ക് സഭയിൽ പറയാൻ കൊള്ളാം, ആളുകൾ വിശ്വസിക്കണമെന്നില്ല എന്നദ്ദേഹം ഓർമ്മിപ്പിച്ചു.

മോൻസന്റെ തട്ടിപ്പിനെതിരെ പൊലീസ് 2019 മുതലിങ്ങോട്ട് ചെയ്യാത്തതായി ഒന്നുമില്ലെന്ന ഉറച്ച ബോദ്ധ്യത്തിലായിരുന്നു മുഖ്യമന്ത്രി. ഏതൊരു വ്യക്തിയും ജീവനും സ്വത്തിനും സംരക്ഷണമാവശ്യപ്പെട്ട് പൊലീസിന് പരാതി നൽകിയാൽ അതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസ് പ്രത്യേക ശ്രദ്ധ നൽകുക പതിവാണെന്നദ്ദേഹം, മോൻസന്റെ വീടിന് കാവലേർപ്പെടുത്തിയ പൊലീസിനെയോർത്ത് നിഷ്കളങ്കനായി!

പ്രാക്ടീസിംഗ് ഡോക്ടറാണെന്ന് കരുതി ധാരാളമാളുകൾ കോസ്മെറ്റിക് ചികിത്സയ്ക്ക് മോൻസന്റെയടുത്ത് എത്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സാമാന്യവത്കരിച്ചത് കെ.പി.സി.സി പ്രസിഡന്റ് അകപ്പെട്ട പ്രതിസന്ധി ഉൾക്കൊണ്ടുതന്നെയായിരുന്നു. മോൻസൻ തട്ടിപ്പുകാരനാണെന്ന് ഇന്റലിജന്റ്സ് എ.ഡി.ജി.പി റിപ്പോർട്ട് കൊടുത്തിട്ടും രണ്ടേകാൽ കൊല്ലം പൊലീസ് എന്ത് ചെയ്യുകയായിരുന്നു എന്നദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി അതിനൊന്നും മറുപടിക്ക് നിന്നില്ല. "കെ.പി.സി.സി പ്രസിഡന്റ് ഏതന്വേഷണത്തിനും തയാറാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആ പേര് പറഞ്ഞ് നമ്മുടെ ചെലവിൽ പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കാൻ നോക്കേണ്ട"- സതീശന്റെ മുന്നറിയിപ്പ് ഇപ്രകാരമായിരുന്നു. അവർ ഇറങ്ങിപ്പോയി പ്രതിഷേധിച്ചു.

ഒന്നാം ദിവസം നാല് ബില്ലുകളായിരുന്നെങ്കിൽ ഇന്നലെ സഭയിലെത്തിയത് മൂന്ന് ബില്ലുകൾ. സംസ്ഥാന ചരക്കുസേവന നികുതി ഭേദഗതി ബിൽ, പൊതുവില്പന നികുതി ഭേദഗതി ബിൽ, ധനസംബന്ധമായ ഉത്തരവാദിത്വ ഭേദഗതി ബിൽ. മൂന്നും ഓർഡിനൻസുകൾക്ക് പകരമുള്ളവ. ബിൽ ചർച്ചയ്ക്ക് നിയന്ത്രണമില്ലാത്തതിനാൽ കാട് കയറിപ്പോയി സായൂജ്യമടയാൻ അംഗങ്ങൾ മത്സരിച്ചു.

നിയമനിർമ്മാണത്തിന് മുൻകൈയെടുത്ത മന്ത്രിസഭയുടെ ഭാഗമായതിൽ അഭിമാനിക്കാൻ രണ്ട് ദിവസങ്ങളിലും ബില്ലുകളവതരിപ്പിച്ച മന്ത്രിമാർ വെമ്പൽകൊണ്ടു. വരും ദിവസങ്ങളിലും ആവർത്തിച്ചേക്കാം. പ്രതിപക്ഷത്തിന് പക്ഷേ അതത്ര രുചിച്ചിട്ടില്ല. ഇന്നലെ ബില്ലവതരിപ്പിച്ച മന്ത്രി കെ.എൻ. ബാലഗോപാലിനോടവർ ഏറ്റുമുട്ടി. സഭാസമ്മേളനം നടക്കാത്ത കാലത്ത് നിസാരകാര്യത്തിന് പോലും ഓർഡിനൻസിറക്കിയതല്ലേ എല്ലാത്തിനും കാരണമെന്ന് ചെന്നിത്തല ചോദിച്ചു. എലിയെ പേടിച്ച് ഇല്ലം ചുടാനാകുമോയെന്ന ഭാവത്തിലായിരുന്നു ധനമന്ത്രി. സഭ ചേരാനാവാത്ത അവസ്ഥയിൽ നിയമമുണ്ടാക്കാൻ ഓർഡിനൻസ് വേണ്ടേ?

റവന്യൂകമ്മി കുറച്ചു കൊണ്ടുവന്ന് ധനസ്ഥിരത ഉറപ്പുവരുത്താനുള്ള ധന ഉത്തരവാദിത്വനിയമം, ഇതിന്റെ പേരിൽ കേന്ദ്രത്തിന്റെ പണമൊക്കെ വാങ്ങിയെടുത്ത ശേഷം മാത്രം സഭ പാസാക്കുന്നത് അസംബന്ധമല്ലേയെന്ന് മാത്യു കുഴൽനാടൻ ചോദിച്ചു. കൊവിഡും പ്രളയവുമൊക്കെ കാരണം സഭ ചേരാനാവാത്തതിനാലല്ലേ ഓർഡിനൻസ് ഇറക്കിയതെന്ന് ധനമന്ത്രി തിരിച്ചു ചോദിക്കാതിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NIYAMASABHA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.