തിങ്കളാഴ്ചത്തെ കളക്ഷൻ: 7,28,749 രൂപ
ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രാബല്യത്തിൽ വന്നതോടെ ഒറ്റദിവസം വരുമാനം ഏഴ് ലക്ഷത്തിൽ എത്തിച്ച് കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോ.
തിങ്കളാഴ്ച നടത്തിയ 52 ഷെഡ്യൂളുകളിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. കൊവിഡിനു മുമ്പ് പത്ത് മുതൽ പന്ത്രണ്ട് ലക്ഷം വരെയായിരുന്നു ഡിപ്പോയുടെ പ്രതിദിന കളക്ഷൻ. ലോക്ക് ഡൗൺ വന്നതോടെ എല്ലാം താളം തെറ്റി. സർവീസ് പുനരാരംഭിച്ചപ്പോൾ യാത്രക്കാരില്ലാത്തതിനാൽ ഷെഡ്യൂളുകൾ വെട്ടിക്കുറയ്ക്കുന്നതായിരുന്നു പതിവ്. ഇപ്പോൾ സർവ്വീസുകളുടെ എണ്ണം കൂട്ടിയതും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും വരുമാനം കൂടാൻ കാരണമായി.
ഒരു കിലോമീറ്ററിൽ ചുരുങ്ങിയത് മുപ്പത് രൂപ വരുമാനം എന്ന തരത്തിൽ നഷ്ടമില്ലാത്ത നിലയിലാണ് സർവ്വീസുകൾ നടത്തുന്നത്. കൊവിഡിന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോൾ, കൂടുതൽ ആളുകൾ ഇപ്പോൾ കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നുണ്ട്. തിങ്കളാഴ്ച ദിവസങ്ങളിലാണ് കൂടുതൽ കളക്ഷൻ ലഭിക്കുന്നത്. യാത്രക്കാരുടെ എണ്ണം കൂടിയതോടെ ദിവസവും അൻപതോളം ഷെഡ്യൂകളുകൾ സർവീസ് നടത്തുന്നുണ്ട്. കൊവിഡ് കാലത്ത് ആലപ്പുഴയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിരുന്ന ഏറ്റവും വലിയ പ്രതിദിന കളക്ഷൻ 6.19 ലക്ഷം രൂപയായിരുന്നു.
യാത്രക്കാരുടെ ബാഹുല്യത്തിന് ആനുപാതികമായി അധിക സർവീസുകൾ നടത്തുന്നുണ്ട്. റീജിയണൽ വർക്ക്ഷോപ്പിൽ നിന്ന് രണ്ട് ഓർഡിനറി ബസുകളും ഒരു ഡീലക്സ് ബസും കഴിഞ്ഞദിവസം അധികമായി നിരത്തിലിറക്കി. യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു
- രഞ്ജിത്ത്, കൺട്രോളിംഗ് ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി