തൃശൂർ: മോൻസൺ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോല നൽകിയത് താനാണെന്നും സിനിമാ സംബന്ധമായ ആവശ്യത്തിനാണ് വില്പന നടത്തിയതെന്നും അവകാശപ്പെട്ട് പുരാവസ്തു വില്പനക്കാരൻ. ചെമ്പോലയിൽ ശബരിമല ക്ഷേത്രത്തിന്റെ അധികാരം സംബന്ധിച്ച് ഒന്നുമില്ലെന്നും വഴിപാടുകളെപ്പറ്റിയാണ് പറയുന്നതെന്നും തൃശൂർ വെളിയന്നൂർ സ്വദേശി ഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ശബരിമലയിൽ നാളികേരം ഉടയ്ക്കാനും എടുക്കാനുമുള്ള അവകാശം ഒരാൾക്ക് കൈമാറുന്നത് വ്യക്തമാക്കുന്നതാണ് ചെമ്പോല. ഇരുന്നൂറ് കൊല്ലം പഴക്കമുള്ള ചെമ്പോലയാണ് അത്. മൂന്നുകൊല്ലം മുൻപാണ് തന്റെ കൈയിൽ എത്തിയത്. കോലെഴുത്തിലായതിനാൽ സാധാരണക്കാർക്ക് ചെമ്പോല വായിക്കാൻ കഴിയില്ല. സന്തോഷ് എന്ന വ്യക്തിയാണ് സിനിമയ്ക്ക് വേണ്ടി തന്റെ കൈയിൽ നിന്ന് വാങ്ങിയത്. എത്ര രൂപയ്ക്കാണ് നൽകിയതെന്ന് ഓർമ്മയില്ല. ഇതിൽ വിവാദമാക്കാൻ മാത്രം എന്താണുള്ളതെന്ന് അറിയില്ല. തൃശൂർ ഫിലാറ്റലിക് ക്ലബിൽ വച്ച് കാലപ്പഴക്കം തോന്നിയത് കൊണ്ടാണ് ഒരാളിൽ നിന്ന് ചെമ്പോല വാങ്ങിയത്. ക്ലബ് അംഗമായ ഒരു പുരാവസ്തു വിദഗ്ദ്ധനും ചെമ്പോല പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്തിയിരുന്നു. ചെമ്പോല മോൻസന്റെ കൈയിലെത്തിയത് അറിഞ്ഞിരുന്നില്ല. മോൻസണുമായി നേരിട്ട് ഇടപാടൊന്നുമില്ല. വർഷങ്ങളായി പുരാവസ്തുക്കളുടെ വില്പനക്കാരനാണ് ഗോപാൽജി.