കൊച്ചി: ദാരിദ്ര്യരേഖയ്‌ക്കു മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരാണെന്ന് ധരിക്കരുതെന്ന് സർക്കാരിനോട് ഹൈക്കോടതി. എ.പി.എൽ (ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ള) വിഭാഗക്കാർക്ക് സർക്കാർ ആശുപത്രികളിൽ കൊവിഡാനന്തര രോഗചികിത്സയ്ക്ക് പ്രതിദിനം 750 രൂപ നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചപ്പോഴാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. എ.പി.എൽ വിഭാഗത്തിൽപ്പെടുന്ന സാധാരണക്കാരെക്കുറിച്ച് സർക്കാർ ആലോചിച്ചിരുന്നോയെന്ന് ചോദിച്ച ഡിവിഷൻ ബെഞ്ച് ഇവരിൽ നിന്ന് 750 രൂപ ദിനംപ്രതി ചികിത്സയ്ക്ക് ഈടാക്കുന്നത് പുനഃപരിശോധിക്കണമെന്നും വാക്കാൽ പറഞ്ഞു. കൊവിഡ് ചികിത്സയ്ക്ക് നിശ്ചയിച്ച നിരക്ക് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ നൽകിയ റിവ്യൂ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.
വാർഷിക വരുമാനം മൂന്നു ലക്ഷം രൂപവരെയുള്ളവർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യമായി കൊവിഡാനന്തര ചികിത്സ നൽകുമെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. മറ്റുള്ളവരിൽ നിന്ന് പണം ഈടാക്കുന്നത് നയപരമായ തീരുമാനത്തിന്റെ ഭാഗമാണെന്നും വിശദീകരിച്ചു. ഹർജി ഒക്ടോബർ 27 നു പരിഗണിക്കാൻ മാറ്റി.
കോടതിയുടെ ചാേദ്യങ്ങൾ
കൊവിഡ് നെഗറ്റീവായി ഒരുമാസം വരെയുള്ള മരണവും കൊവിഡ് മരണമായി കണക്കാക്കുമ്പോൾ ഇക്കാലയളവിലുള്ള രോഗങ്ങൾക്ക് സൗജന്യമായി ചികിത്സ നൽകാനാവാത്തതെന്തുകൊണ്ട്?
കൊവിഡ് സ്ഥിരീകരിച്ച് ഏഴു മുതൽ 10 ദിവസം വരെ കഴിയുമ്പോൾ നെഗറ്റീവായാലും ആരോഗ്യപ്രശ്നങ്ങൾ നീണ്ടുനിൽക്കും. ഇതിനു പ്രത്യേക ചെലവ് എങ്ങനെയീടാക്കും? ഇതെങ്ങനെ ജനങ്ങൾ വഹിക്കും?
മൂന്നു ലക്ഷത്തിനുമേൽ ഒരു രൂപ കൂടുതലുള്ള ഒരാളിൽ നിന്ന് പ്രതിമാസം 25,000 രൂപ കൊവിഡാനന്തര ചികിത്സയ്ക്ക് വാങ്ങിയാൽ പിന്നെയെന്തു ബാക്കിയുണ്ടാവും?