ചേർത്തല: കോൺഗ്രസ് (എസ്) ചേർത്തല ബ്ലോക്ക് കമ്മിറ്റിയിലെ ഭാരവാഹി തർക്കം കോടതിയിൽ. ബ്ലോക്ക് മുൻ പ്രസിഡന്റ് ദയാനന്ദബാബു ചേർത്തല കോടതിയിൽ നൽകിയ ഹർജിയിൽ പ്രതികൾക്ക് നോട്ടീസ് അയച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ. ഹരിദാസ് ഒന്നാം പ്രതിയും സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അഞ്ചാം പ്രതിയുമായാണ് ഹർജി നൽകിയിരിക്കുന്നത്. ജില്ലാ ബ്ലോക്ക് ഭാരവാഹികളായ ടോമി എബ്രഹാം, രഘുനാഥ്, വിനോദ് എന്നിവരാണ് മറ്റു പ്രതികൾ.
ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ദയാനന്ദബാബുവിനെ നീക്കിയതിനെതിരെയാണ് ഹർജി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കുന്നതിനും പ്രസിഡന്റിന്റെ പ്രവർത്തനങ്ങൾ തടയുന്നതിനും ഇവർക്ക് അധികാരമില്ലെന്നും നിയമവിരുദ്ധമായാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്നുമാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.
ഇതിനൊപ്പം ജോലിവാഗ്ദാനം ചെയ്ത് ഒന്നര ലക്ഷം രൂപ കൈപ്പറ്റിയതായും ആരോപണമുണ്ട്. പുരാവസ്തു വകുപ്പിൽ താത്കാലിക നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് 2016 ഡിസംബറിൽ പണം കൈപ്പറ്റിയതായി കാട്ടി കുത്തിയതോട് പൊലീസിലും പരാതി നൽകിയിട്ടുണ്ട്.
എന്നാൽ പാർട്ടി നടപടിയെ തുടർന്ന് കെട്ടിച്ചമച്ച ആരോപണങ്ങളാണ് ഉയർത്തിയിരിക്കുന്നതെന്നും സംഘടനാപരമായ നടപടികളാണ് സ്വീകരിച്ചതെന്നും കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ടി.കെ. ഹരിദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |