അമ്പലപ്പുഴ: മത്സ്യബന്ധനത്തിനിടയിൽ വീണ് തലയ്ക്ക് പരിക്കേറ്റ മത്സ്യത്തൊഴിലാളിക്ക് രക്ഷകരായി തീരദേശ പൊലീസ്. പുന്തല ഇല്ലത്ത് പറമ്പിൽ ദേവരാജനാണ് (56) പൊലീസ് തുണയായത്. ബുധനാഴ്ച രാവിലെ തോട്ടപ്പള്ളി തുറമുഖത്തിന് പടിഞ്ഞാറ് ഏഴ് നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. ബോട്ട് ജീവനക്കാർ അറിയിച്ചതനുസരിച്ച് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. കമലൻ, എ.എസ്.ഐ കൃഷ്ണകുമാർ, സി.പി.ഒമാരായ ടി.എസ്. തോമസ്, അജേഷ്, കോസ്റ്റൽ വാർഡൻ സഞ്ജയ് ദേവ്, വൈശാഖ്, സുധി എന്നിവർ ചേർന്ന് നാട്ടുകാരനായ രാജേഷിന്റെ വള്ളത്തിൽ രാജേഷും മറ്റ് രണ്ട് തൊഴിലാളികൾക്കുമൊപ്പമാണ് തോട്ടപ്പള്ളി ഹാർബറിലെത്തിച്ചത്. ഇവിടെ നിന്ന് പൊലീസ് ജീപ്പിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.