SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.50 PM IST

ആലുവയിൽ കമ്മത്ത് ബ്രദേഴ്‌സും കളമൊഴിയുന്നു നുരയും കല്ലുസോഡ ഇനി കുളിരൂറും ഓർമ്മ മാത്രം

ramanadha-divakara-kammat

ആലുവ: പഴമയുടെ പെരുമയുമായി എട്ട് പതിറ്റോണ്ടിലേറെയായി പ്രവർത്തിച്ചിരുന്ന ആലുവയിലെ കല്ല് സോഡ വിൽപ്പന കേന്ദ്രത്തിനും താഴിടുന്നു. നഗരമധ്യത്തിൽ ബാങ്ക് കവല സിറ്റി ടവറിൽ സഹോദരന്മാരായ രാമനാഥ കമ്മത്തും ദിവാകര കമ്മത്തുമാണ് വേദനയോടെ ഒടുവിൽ കളമൊഴിയുന്നത്.

കല്ലുസോഡയുടെ പുറത്തേക്കുള്ള വിൽപ്പന വർഷങ്ങൾക്ക് മുമ്പേ അവസാനിപ്പിച്ചെങ്കിലും സ്വന്തം സ്ഥാപനമായ കെ.വി. കമ്മത്ത് ആൻഡ് ബ്രോസിൽ സോഡ കുടിക്കാനും അനുബന്ധ പാനീയങ്ങൾക്കായുമെത്തുന്നവർക്ക് കല്ല് സോഡയാണ് കമ്മത്ത് സഹോദരന്മാർ നൽകിയിരുന്നത്. കാലം പിന്നിലേക്ക് തള്ളിയിട്ടും കൈവിടാതെ കൊണ്ടുനടന്ന കല്ല് സോഡയുടെയും പ്രത്യേക മുന്തിരി ജ്യൂസിന്റെയും വിൽപ്പന ഏറെ വേദനയോടെയാണ് കമ്മത്ത് സഹോദരന്മാർ അവസാനിപ്പിക്കുന്നത്. ഇവിടെ നിന്ന് ശീതളപാനീയങ്ങൾ സ്ഥിരമായി കുടിക്കാൻ എത്തുന്നവരും ധാരാളമുണ്ട്. വരുമാനം കുറഞ്ഞത് മാത്രമല്ല ഇരുവരുടെയും ആരോഗ്യപരമായ പ്രയാസങ്ങളുമാണ് പ്രവർത്തനം അവസാനിപ്പിക്കാൻ കാരണം.

1940ൽ പിതാവ് കെ. വെങ്കിടേശ്വര കമ്മത്തും സഹോദരൻ കെ.രത്നാകര കമ്മത്തും ചേർന്ന് ശാസ്ത ലെയിനിലെ കാഞ്ഞിരത്തിങ്കൽ വീട്ടിലാണ് സ്ഥാപനമാരംഭിച്ചത്. അഞ്ച് വർഷത്തിന് ശേഷം ബാങ്ക് കവലയിലേക്ക് മാറ്റി. വെങ്കിടേശ്വര കമ്മത്തിന്റെ മൂത്തമകൻ ദിവാകര കമ്മത്ത് 1970 മുതൽ നടത്തിപ്പിൽ പങ്കാളിയായി. പിന്നാലെ രാമനാഥ കമ്മത്തുമെത്തി. 1982ൽ രത്നാകര കമ്മത്തും 2001ൽ വെങ്കിടേശ്വര കമ്മത്തും മരണപ്പെട്ടതോടെ നടത്തിപ്പ് ചുമതല പൂർണമായും ഇരുവർക്കുമായി.

സോഡാ നിർമാണ യൂണിറ്റുകൾക്ക് ആവശ്യമായ സാധനങ്ങളുടെ വിൽപ്പനയും ഉണ്ടായിരുന്നു. വിപണിയിൽ കല്ലുസോഡ നിറക്കുന്ന മെഷീൻ ലഭ്യമാണെങ്കിലും ആവശ്യമായ കുപ്പി ലഭ്യമല്ലാത്തതാണ് മുഖ്യപ്രതിസന്ധി. മക്കളെല്ലാവരും മറ്റുള്ള ജോലിയിലേക്ക് തിരിഞ്ഞതിനാൽ കട തുടർന്നു നടത്താൻ ആളില്ലാത്തതിനാൽ ഒക്ടോബർ 30ന് കമ്മത്ത് സഹോദരങ്ങൾ കടക്ക് ഷട്ടറിടും.

സോഡ വ്യവസായം പ്രതിസന്ധിയിലെന്ന് തൊഴിലാളികൾ

വൻകിട കമ്പനികളുടെ കടന്നുവരവോടെ സോഡ വ്യവസായം പ്രതിസന്ധിയിലാണെന്ന് ജില്ലാ സോഡ നിർമ്മാണ തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി) ജില്ലാ സെക്രട്ടറി പി.എൻ. ദേവദാസ് പറഞ്ഞു. ഇത്തരം കമ്പനികൾ പ്ളാസ്റ്റിക്ക് കുപ്പികളിൽ സോഡ നൽകുകയാണ്. ലാഭകരമാണെങ്കിലും അപകട സാധ്യത കൂടുതലും കുപ്പിയുടെ ലഭ്യതകുറവുമാണ് കല്ലുസോഡ നിർമ്മാണം നിശ്ചലമാകാൻ കാരണം. ആലുവയിലെ കമ്മത്ത് ബ്രദേഴ്സ് ആലുവയിലെ മാത്രമല്ല, ജില്ലയിലെ തന്നെ അവസാനത്തെ കല്ലുസോഡ നിർമ്മാണ യൂണിറ്റുകളിൽ ഒന്നായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KALLUSODA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.