കൊച്ചി: എറണാകുളം കലൂരിൽ കാന നവീകരണ ജോലി ചെയ്തുകൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളി കോൺക്രീറ്റ് സ്ലാബ് ദേഹത്തു വീണ് മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ആന്ധ്രാ ചിറ്റൂർ സ്വദേശി ധനപാൽ നായക് (45) ആണ് മരിച്ചത്. ചിറ്റൂർ സ്വദേശികളായ ശിവാജി നായിക്, ബംഗാരു സ്വാമി നായിക് എന്നിവർക്കാണ് പരിക്ക്. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്തവരാണ് അപകടത്തിൽപ്പെട്ടത്.
കലൂർ ഷേണായീസ് ക്രോസ് റോഡിലുള്ള കാനയുടെ നവീകരണ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക്, സമീപത്തുള്ള ചെറിയാൻ വർഗീസിന്റെ വീടിന്റെ വർക്ക് ഏരിയയുടെ മേൽക്കൂരയായി വച്ചിരുന്ന കോൺക്രീറ്റ് സ്ലാബ് വീഴുകയായിരുന്നു.
സൺഷേഡിൽ നിന്ന് ചെറിയ മതിലിലേക്കാണ് സ്ലാബ് ഘടിപ്പിച്ചിരുന്നത്. സ്ലാബിന് ബലം നൽകാൻ അടിയിൽ ജാക്കികൾ വച്ചിരുന്നു. തൊഴിലാളികൾ കാനയിലെ മണ്ണ് നീക്കിയപ്പോൾ ജാക്കി ഒടിഞ്ഞ് സ്ലാബ് താഴേക്ക് പതിച്ചെന്നാണ് പൊലീസ് പറയുന്നത്.
രണ്ടുപേർ മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയെന്നായിരുന്നു ആദ്യ വിവരം. ഇവരെ അഗ്നിശമനസേന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ച ശേഷമാണ് മൂന്നാമതൊരാൾ കൂടി കുടുങ്ങിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് ധനപാലിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. അഞ്ചു പേരാണ് ജോലിക്കുണ്ടായിരുന്നത്.
പരിക്കേറ്റ ശിവാജി നായികിനെ ജില്ലാ ജനറൽ ആശുപത്രിയിലും ബംഗാരു സ്വാമി നായികിനെ കളമശേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഗാന്ധിനഗറിൽ നിന്നുള്ള അഗ്നിശമനസേനാ വിഭാഗവും നോർത്ത് പൊലീസുമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. യാതൊരു സുരക്ഷാ സംവിധാനവും പാലിക്കാതെയാണ് വീട്ടുടമ കോൺക്രീറ്റ് സ്ലാബ് സ്ഥാപിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |