തൃശൂർ: കൊടകര കുഴൽപ്പണ തട്ടിപ്പ് കേസിൽ നഷ്ടപ്പെട്ട പണത്തിൽ 1.4 ലക്ഷം കൂടി കണ്ടെത്തി. കേസിലെ മുഖ്യപ്രതിയായ ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ സ്വദേശി രഞ്ജിത്തിന്റെ ഭാര്യ ദീപ്തി സുഹൃത്തായ ചാലക്കുടി സ്വദേശി ഷിന്റോയെ സൂക്ഷിക്കാൻ ഏൽപ്പിച്ച പണമാണ് കണ്ടെത്തിയത്. കേസിലെ ഇരുപത്തിരണ്ടാം പ്രതിയാണ് ദീപ്തി. ഷിന്റോയെ പണം ഏൽപ്പിച്ചിട്ടുണ്ടെന്ന് ദീപ്തി പറഞ്ഞതനുസരിച്ച് ഇയാളെ വിളിച്ചുവരുത്തുകയും തുടർന്ന് ഷിന്റോ പണം കൈമാറുകയുമായിരുന്നു. സ്ഥലം വിറ്റ് ലഭിച്ചതാണെന്ന് പറഞ്ഞാണ് പണം ഏൽപ്പിച്ചതെന്ന് ഇയാൾ പറഞ്ഞു. ഇതോടെ നഷ്ടപ്പെട്ട പണത്തിൽ 1.48 കോടി രൂപ കണ്ടെത്തി. കുറ്റപത്രം സമർപ്പിച്ചശേഷം ആരംഭിച്ച രണ്ടാംഘട്ട അന്വേഷണത്തിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്തതിൽ ആദ്യമായാണ് പണം കണ്ടെത്തുന്നത്. ചോദ്യം ചെയ്യൽ തുടരുകയാണ്. ബാക്കി പണവും പണത്തിന്റെ ഉറവിടവും മറ്റ് ബന്ധങ്ങളും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം.