SignIn
Kerala Kaumudi Online
Thursday, 18 April 2024 10.08 AM IST

സ്‌ത്രീ ക്ഷേമത്തിലേക്ക് ഇനിയെത്ര ദൂരം

photo

സമൂഹത്തിൽ നിന്നു ഒറ്റപ്പെട്ട് ദുരിതം പേറുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനുമാണ് വനിതാ കമ്മിഷൻ പോലുള്ള സംവിധാനം നിലവിൽ വന്നത്. വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ എം.സി. ജോസഫൈന് സ്ത്രീവിരുദ്ധ പരാമർശത്തെ തുടർന്നാണ് പുറത്ത് പോകേണ്ടി വന്നത്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും മനസറിഞ്ഞ് അവരുടെ പ്രശ്നങ്ങൾ തങ്ങളുടേതാണെന്ന തിരിച്ചറിവോടു കൂടി പെരുമാറുന്ന നേതൃത്വം ഉണ്ടെങ്കിലേ ഇത്തരം സ്ഥാപനങ്ങളിൽ തങ്ങൾക്ക് ഇടമുണ്ടെന്ന് നിസഹായരായ സ്ത്രീകൾക്ക് തോന്നൂ.

മൂന്നുമാസം ഒഴിഞ്ഞുകിടന്ന വനിതാ കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്തേക്ക് പി. സതീദേവിയെ നിയോഗിച്ചിരിക്കുകയാണ്. സ്ത്രീധന പീഡനം, പ്രണയപ്പക എന്നിവ വ്യാപകമാകുന്ന വേളയിൽ അദ്ധ്യക്ഷയായി സതീദേവി നേരിടുന്നത് നിരവധി വെല്ലുവിളികളാണ്. സ്ത്രീകൾ വീട്ടിനകത്തു പോലും സുരക്ഷിതരല്ലെന്നാണ് സമീപകാല സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. പങ്കാളിയെ വകവരുത്താൻ ഹൈടെക് മാർഗങ്ങൾ തിരയുന്ന യുവാക്കളും നമുക്കിടയിലുണ്ട്.

വാർത്താപ്രാധാന്യം നേടിയ ഉത്രവധത്തിൽ അടുത്ത ദിവസം വിധിയുണ്ടാകുമെന്നത് ഏറെ പ്രതീക്ഷ പകരുന്നു. ഭാര്യയെ കൊല്ലാൻ വിഷസർപ്പത്തെ ഉപയോഗിക്കുന്ന തരത്തിൽ ക്രിമിനൽ മനസുള്ളവർ ഈ സമൂഹത്തിൽ ഉണ്ടാകുമ്പോഴാണ് വീടിനുള്ളിലും സ്‌ത്രീ സുരക്ഷ മുൾമുനയിലാകുന്നത്. ഈ ഘട്ടത്തിലാണ് വനിതാ കമ്മിഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് പ്രസക്തിയേറുന്നത്.

പ്രണയപ്പകയിൽ കൊല്ലപ്പെട്ട നിതിനയുടെ വീട് സന്ദർശിച്ച വനിതാ കമ്മിഷൻ അദ്ധ്യക്ഷ സതീദേവി പറഞ്ഞ കാര്യം ഏറെ ശ്രദ്ധേയവും സ്വാഗതാർഹവുമാണ്. സ്‌കൂൾ കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകണമെന്നാണ് അവരുടെ നിർദേശം. ഇക്കാര്യത്തിൽ സർക്കാരുമായി ചർച്ച നടത്തും. സംസ്ഥാനത്തെ കുറ്റകൃത്യ നിരക്ക് കുറയ്ക്കാൻ പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും സതീദേവി പറഞ്ഞു.

പ്രണയം പ്രാണനാണെന്നാണ് അർത്ഥം. എന്നാൽ പുതിയ കാലത്ത് പ്രണയം പ്രാണനെടുക്കലായി മാറി. കണ്ണൂരിലെ മാനസയും പാലായിലെ നിതിനയും പ്രാണനെടുക്കുന്ന പ്രണയത്തിന്റെ രക്തസാക്ഷികളായിരുന്നു. എന്താണ് യഥാർത്ഥ പ്രണയമെന്ന് കമിതാക്കളെ പഠിപ്പിക്കാനും വനിതാ കമ്മിഷൻ പോലുള്ള സ്ഥാപനങ്ങൾ തയ്യാറാകണം.

ജനാധിപത്യ മഹിളാ അസോസിയേഷൻ പോലുള്ള സംഘടനയുടെ അമരത്ത് പ്രവർത്തിച്ച സതീദേവിക്ക് സ്ത്രീകളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ കഴിയുമെന്ന കാര്യം ഉറപ്പാണ്.

ലൈംഗിക വിദ്യാഭ്യാസമെന്ന് കേൾക്കുമ്പോൾ പലരുടെയും നെറ്റിചുളിയുന്ന അവസ്ഥയാണ്. അതിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ വലിയ വിമർശനങ്ങൾ ഉയർന്നു വരാറുണ്ട്. എന്നാൽ ലൈംഗിക വിദ്യാഭ്യാസം നടപ്പാക്കിയാൽ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ലിംഗനീതിയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ബോധവത്കരണം നൽകാനായി ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നെ അത്തരം പ്രൊജക്ടുകൾ കൊണ്ടുവരണം.

വിദ്യാസമ്പന്നരായ ചെറുപ്പക്കാരിൽ ഇത്തരത്തിലുള്ള ഹീനമായ ക്രൂരകൃത്യം ചെയ്യാനുള്ള മാനസികാവസ്ഥ രൂപപ്പെടുന്നതെങ്ങനെയെന്ന് ഗൗരവമേറിയ പഠനം വേണം. സമൂഹമാദ്ധ്യമങ്ങളിലടക്കം ഇടപെടുന്ന കൗമാരക്കാരിൽ പല അബദ്ധധാരണകളുമുണ്ടെന്നും അവർ പറയുന്നു.

വിധവകളുടെ പ്രശ്നങ്ങൾ മുഖ്യം

സ്ത്രീധന പീഡനത്തിന് പുറമെ വനിതാ കമ്മിഷനു മുന്നിലെ മറ്റൊരു പ്രധാന പ്രശ്നം വിധവകൾ നേരിടുന്ന ഒറ്റപ്പെടലാണ്. കാലമെത്ര പുരോഗമിച്ചിട്ടും വിധവകൾക്ക് ചുറ്റും അദൃശ്യമായ ലക്ഷ്മണരേഖകൾ നാട് ,നഗര വ്യത്യാസമില്ലാതെ ഇന്നുമുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ വിധവകളുള്ള രാജ്യം ഇന്ത്യയായതിനാൽ ചുറ്റും കണ്ണുതുറന്നു നോക്കിയാൽ ഈ അതിർവരമ്പുകൾ കാണാം. ഭാര്യ നഷ്ടപ്പെട്ട പുരുഷന്മാരെ അകറ്റിനിറുത്താത്ത സമൂഹം ഭ‌ർത്താവ് മരിച്ച സ്ത്രീകളെ മുദ്ര കുത്തി അകറ്റാൻ മത്സരിക്കുകയാണ്.

ആരുടെയും കാരുണ്യത്തിനായി കാത്തുനിൽക്കാതെ സ്വയംപര്യാപ്തയാകാൻ ഉതകുന്ന തരത്തിൽ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുമ്പോൾ പോലും സമൂഹം വിധവകളെ അത്രകണ്ട് പ്രോത്സാഹിപ്പിച്ച ചരിത്രമല്ല ഉള്ളത്. ഭാര്യ മരണപ്പെട്ടവർ മറ്റൊരു വിവാഹം കഴിച്ച് പഴയപടി ജീവിതം കരുപ്പിടിക്കുമ്പോൾ പുനർവിവാഹമെന്ന അവകാശം ചങ്കൂറ്റമുള്ള സ്ത്രീകൾക്ക് മാത്രമായി ചുരുങ്ങുകയാണ്. സാമ്പത്തിക അരക്ഷിതത്വം, ശാരീരിക പരിമിതികൾ, ആരോഗ്യപ്രശ്‌നങ്ങൾ, ഏകാന്തത, അനാഥത്വം, പരിമിതമായ സഞ്ചാരസ്വാതന്ത്ര്യം എന്നിങ്ങനെ ഒറ്റപ്പെടലിലേക്ക് നടക്കുന്ന ഘടകങ്ങൾ നിരവധിയാണ്. സ്വത്ത് മറ്റൊരു കുടുംബത്തിലേക്ക് അന്യാധീനപ്പെട്ടു പോകാതിരിക്കാൻ മരുമകളെ സ്വന്തം വീട്ടിലേക്ക് പറഞ്ഞുവിടുന്ന കുടുംബങ്ങൾ ഇന്നും കേരളത്തിലുണ്ട്. ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ പതിയണം.

ക്ഷേമപദ്ധതികൾ ഏറെയുണ്ട്

വിധവകളുടെ ക്ഷേമത്തിനായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പക്ഷെ അത് കാര്യമായി അർഹതപ്പെട്ടവരുടെ കൈകളിലെത്തുന്നില്ലെന്നതാണ് വാസ്തവം.

വിധവകൾക്ക് വീട് വയ്ക്കാനും സംരംഭങ്ങൾ ആരംഭിക്കാനും നിയമ സഹായവും കൗൺസിലിംഗും നൽകാനും സർക്കാർ തലത്തിൽ നിരവധി സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ വാർഷിക വരുമാനം മാനദണ്ഡമാക്കിയാണ് അർഹത കണക്കാക്കുന്നത്. ഇതുമൂലം കൂട്ടുകുടുംബത്തിൽ കഴിയുന്ന സ്ത്രീകൾ ആനുകൂല്യത്തിൽ നിന്നും പിന്തള്ളപ്പെടുകയാണ്. പരിമിതികൾ ഏറെയുണ്ടെങ്കിലും അവയിലൊന്നും കാലിടറാതെ മുന്നേറാൻ വിധവകൾക്കായി സംസ്ഥാനത്ത് ഇന്ന് നിരവധി ഇടങ്ങളുണ്ട് . തൊഴിൽവകുപ്പിന്റെയും കുടുംബശ്രീയുടെയും പദ്ധതികൾ അവയിൽ ചിലത് മാത്രം. ഇതിലൊക്കെ വനിതാ കമ്മിഷന്റെ ഇടപെടലുണ്ടെങ്കിൽ മാത്രമേ നമ്മുടെ സഹോദരിമാർക്ക് ജീവിതം സമാധാനത്തോടെയും സന്തോഷത്തോടെയും നയിക്കാനാകൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FEATURE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.