കുട്ടികൾ സ്കൂളിലേക്ക് വരുമ്പോൾ വലിയ പ്രതീക്ഷയുണ്ട്. കൊവിഡ് കുറഞ്ഞുവരികയാണെങ്കിലും ആശങ്കകളുണ്ട്. ബസുകളിലും ഓട്ടോയിലുമുള്ള കുട്ടികളുടെ യാത്രയുടെ കാര്യത്തിലും ആശയക്കുഴപ്പമുണ്ട്. ഓൺലൈനും ഓഫ് ലൈനും ഒരുമിച്ച് നടത്താൻ അദ്ധ്യാപകർക്ക് പ്രയാസമാകും. എന്തായാലും സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തന്നെ അദ്ധ്യയനം സുഗമമായി നടത്തും.
-എം.എസ്. രാജു, ഹെഡ്മാസ്റ്റർ ഇൻ ചാർജ്,
ശ്രീ ദുർഗാവിലാസം ഹൈസ്കൂൾ, പേരാമംഗലം
കൊവിഡിനൊപ്പം സഞ്ചരിച്ചുകൊണ്ട് കേരളപ്പിറവിയുടെ പുതിയയാണ്ടിൽ അദ്ധ്യയനം തുടങ്ങുന്നത് വലിയ സന്തോഷം നൽകുന്നു. കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം ജനുവരിയിൽ ഭാഗികമായി സ്കൂൾ തുറന്നപ്പോഴുണ്ടായ അനുഭവം ഏതു പ്രതിസന്ധിയെയും അതിജീവിക്കാൻ കഴിയുമെന്നതാണ്. ക്ളാസ് മുറികൾ സാനിട്ടൈസ് ചെയ്തും കുട്ടികളെ അകലമിട്ടിരുത്തിയും സർക്കാർ നൽകുന്ന മാർഗരേഖയനുസരിച്ച് വീണ്ടും ക്ളാസുകൾ ആരംഭിക്കാനാകും.
പി. ഉഷ, പ്രിൻസിപ്പൽ,
എസ്.എൻ.ഡി.പി എച്ച്.എസ്.എസ്
ചെന്നീർക്കര, പത്തനംതിട്ട
സ്കൂളുകൾ തുറക്കുന്നതോടെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യവും സർഗാത്മകമായ കഴിവുകളും മെച്ചപ്പെടുത്താം. സ്കൂളിൽ വരാനാണ് വിദ്യാർത്ഥികളെല്ലാം ആഗ്രഹിക്കുന്നത്. സ്മാർട്ട് ഫോണും ലാപ്ടോപ്പും പരിചിതമല്ലാത്ത മുതിർന്ന അദ്ധ്യാപകർക്ക് മാനസിക പിരിമുറുക്കം കുറയ്ക്കാം. എന്നാൽ രക്ഷകർത്താക്കളുടെ ആശങ്കകൾ ദുരീകരിച്ച് അവർക്ക് എത്രത്തോളം ധൈര്യം കൊടുക്കാൻ കഴിയുമെന്നതാണ് വെല്ലുവിളി.
കെ.ബുഹാരി, ഹെഡ്മാസ്റ്റർ,
ഗവ.എൽ.പി.എസ്, കോട്ടൺഹിൽ, തിരുവനന്തപുരം
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകളൊന്നുമില്ല .നേരത്തെ പത്താം തരം ക്ലാസ് നടത്തിയപ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നല്ല രീതിയിൽ ക്ലാസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചു. കൊവിഡ് ഭീതിയെ കുറിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വ്യക്തമായ ധാരണയുണ്ട്.
സി.പി.ബീന , പ്രഥമാദ്ധ്യാപിക ,
ഗവ.ഹയർസെക്കൻഡറി സ്കൂൾ, കടന്നപ്പള്ളി
സ്കൂൾ തുറക്കുന്നതിനോട് യോജിപ്പ് തന്നെയാണ്.ഒന്നര വർഷമായി ഒാൺലൈൻ ക്ലാസുകളെ മാത്രം ആശ്രയിച്ച് പഠിക്കുന്ന കുട്ടികളുടെ മാനസിക -ശാരീരിക ബുദ്ധിമുട്ടുകൾ മാറാൻ സ്കൂളിലെ അന്തരീക്ഷം ഏറെ സഹായിക്കും.എങ്കിലും കൊവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ രക്ഷിതാവെന്ന നിലയിൽ ഏറെ ആശങ്കയുമുണ്ട്.
പി.സുവർണ്ണ,
രക്ഷിതാവ്, പട്ടുവം
കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയയ്ക്കുന്നതിൽ ആശങ്കയുണ്ട്.എന്നാൽ വീടുകളിലെ നാല് ചുവരുകൾക്കുള്ളിൽ മൊബൈൽ ഫോൺ, ടാബ്, കമ്പ്യൂട്ടർ എന്നിവയ്ക്ക് അടിമപ്പെടുന്ന ഒരു തലമുറയിൽ നിന്നും മാറി പുതുതലമുറയേ വാർത്തെടുക്കുന്നതിന് സ്കൂളിൽ നേരിട്ടെത്തി സഹപാഠികൾക്കൊപ്പമുള്ള പഠനം സഹായിക്കും.
അശ്വതി ആർ.
രക്ഷിതാവ്, കോട്ടയം