തെന്നിന്ത്യയിൽ ജ്യോതിക വിസ്മയം തീർക്കാൻ തുടങ്ങിയിട്ട് രണ്ടു പതിറ്റാണ്ട് പിന്നിടുന്നു. വിവാഹശേഷം കരിയറും കുടുംബ ജീവിതവും ഒരേപോലെ കൊണ്ടുപോകുക അത്ര എളുപ്പമല്ല.
താൻ ഇന്നും സിനിമയിൽ നിൽക്കാനുള്ള കാരണം ഭർത്താവും നടനുമായ സൂര്യയാണെന്ന് ജ്യോതിക മുൻപ് പറഞ്ഞിട്ടുണ്ട്. സിനിമാ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നാളുകളിലൂടെയാണ് താൻ കടന്നു പോകുന്നതെന്ന് ജ്യോതിക പറയുന്നു. അമ്പതാമത് സിനിമ റിലീസിനെത്തുന്ന സന്തോഷ വാർത്തയാണ് ജ്യോതിക ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.ജ്യോതികയുടെ അമ്പതാമത് ചിത്രം ഉടൻപിറപ്പേ ആമസോൺ പ്രൈമിൽ ഒക്ടോബർ 14 ന് റിലീസ് ചെയ്യും. ഇറ ശരവണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശിവകുമാറാണ് ജ്യോതിക യ്ക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ട്രെയ് ലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സമുദ്രക്കനി, കലൈയരസൻ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. സൂര്യയും ജ്യോതികയും ചേർന്ന് 2 ഡി എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.തമിഴിലും തെലുങ്കിലും എത്തുന്ന ചിത്രം തെലുങ്കിൽ രക്തബന്ധം എന്ന പേരിലാണ് ചിത്രമെത്തുന്നത്. ആർ വേൽ രാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഡി ഇമാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.
ബോളിവുഡ് ചിത്രം ഡോളി സാജാ കെ രഖ്നാ എന്ന ചിത്രത്തിലൂടെ സിനിമ അരങ്ങേറ്റം നടത്തിയ ജ്യോതിക തെന്നിന്ത്യയിലേക്ക് തന്റെ ചുവടുമാറ്റിയത്തോടെ രാശി തെളിയുകയായിരുന്നു. തമിഴ് ,മലയാളം,കന്നഡ, തെലുങ്ക് സിനിമകളിലൂടെ ദക്ഷിണേന്ത്യൻ സിനിമ ആരാധകരുടെ പ്രിയങ്കരിയായി. വിജയ്ക്കൊപ്പം ജെന്നിഫറായി എത്തിയ ഖുശി, വിക്രമിനൊപ്പം ഈശ്വരിയായി എത്തിയ ദൂൾ, മാധവിനൊപ്പം നന്ദിനിയായി എത്തിയ പ്രിയമാനതോഴി, സൂര്യക്കൊപ്പം അഭിനയിച്ച കാക്ക കാക്ക, രജനികാന്തിനൊപ്പം ചന്ദ്രമുഖി തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ജ്യോതികയെ പ്രശസ്തിയിലെത്തിച്ചു.
ഇതിനിടെ ജ്യോതിക സൂര്യ പ്രണയവും വിവാഹവും ഇരുവരുടെയും ആരാധകർ ആഘോഷിച്ചു.2006 സെപ്തംബറിലായിരുന്നു സൂര്യ- ജ്യോതിക വിവാഹം. വിവാഹശേഷവും തങ്ങളുടെ പ്രിയപ്പെട്ട താരം അഭിനയ രംഗത്ത് തുടർന്നത് ആരാധകരെ ആഹ്ളാദിപ്പിച്ചു. വിവാഹശേഷം ജീവിതത്തിലെ നായകൻ സൂര്യയ്ക്കൊപ്പം നായികയായി എത്തിയ സില്ലെൻട്ര് ഒരു കാതൽ ഗംഭീര വിജയമാവുകയും ചെയ്തു. 2009ൽ മലയാളത്തിൽ സീത കല്യാണം സിനിമയിൽ ജയറാമിനൊപ്പം അഭിനയിച്ച ശേഷം കുടുംബത്തിനായി ചെറിയ ഇടവേളയെടുത്ത താരം പിന്നീട് 36 വയതിലെ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.ഇപ്പോൾ നായികാ പ്രാധാന്യമുള്ള സിനിമകളാണ് ജ്യോതിക കൂടുതലും തിരഞ്ഞെടുക്കുന്നത്. പൊൻമകൾ വന്താൽ ആണ് ജ്യോതികയുടേതായി അവസാനം പ്രദർശനത്തിന് എത്തിയ ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |