SignIn
Kerala Kaumudi Online
Thursday, 28 March 2024 7.14 PM IST

സി ഇ ടിയിൽ വിദ്യാർത്ഥിനി ജീപ്പിടിച്ച് മരിച്ച സംഭവം: കുറ്റപത്രം സമർപ്പിക്കാതെ പൊലീസ്, നീതി കാത്ത് കുടുംബം

tytygty

തിരുവനന്തപുരം : ശ്രീകാര്യം ഗവ.എൻജിനീയറിംഗ് കോളേജ് കാമ്പസിൽ അതിരുവിട്ട ഓണാഘോഷത്തിനിടെ ജീപ്പിടിച്ച് വിദ്യാർത്ഥിനി മരിക്കാനിടയായ സംഭവത്തിൽ അഞ്ചുവർഷം പിന്നിട്ടിട്ടും നടപടിയില്ല. മദ്യലഹരിയിൽ കോളേജിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ നടത്തിയ ആഭാസ പ്രകടനമാണ് തിരുവനന്തപുരം ഗവ. എൻജിനീയറിംഗ് കോളേജിലെ ആറാം സെമസ്റ്റർ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനി മലപ്പുറം നിലമ്പൂർ വഴിക്കടവ് അങ്ങാടി കുന്നത്ത് പുല്ലഞ്ചേരി വീട്ടിൽ ബഷീറിന്റെയും സൈനുജയുടെയും മൂത്തമകൾ തസ്‌നി ബഷീറിന്റെ (21) ജീവനെടുത്തത്. സംഭവത്തിൽ അഞ്ചുവർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാനോ വിചാരണ ഉൾപ്പെടെയുള്ള നടപടികൾക്കോ പൊലീസും സർക്കാരും തയ്യാറാകാത്തതിനാൽ കുറ്റവാളികൾ രക്ഷപ്പെടാനും തസ്‌നിയുടെ കുടുംബത്തിന് നീതി നിഷേധിക്കപ്പെടാനുമുള്ള സാഹചര്യമാണുള്ളത്.

മറക്കാനാകാത്ത ദിനം

2015 ആഗസ്റ്റ് 17ന് കോളേജിൽ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു അപകടം. ലാബിൽ നിന്ന് പുറത്തേക്കിറങ്ങി കോളേജ് കാമ്പസിലൂടെ നടന്നുപോകുകയായിരുന്ന തസ്‌നിയെ ഓണാഘോഷത്തിന്റെ ഭാഗമായി കാമ്പസിൽ പ്രവേശിപ്പിച്ച ജീപ്പ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ തസ്‌നി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓണാഘോഷ പ്രകടനത്തിനെത്തിച്ച ചെകുത്താൻ എന്ന് പേരെഴുതിയ ലോറിയും അപകടമുണ്ടാക്കിയ ഓപ്പൺ ജീപ്പുൾപ്പെടെ രണ്ട് ജീപ്പുകളും പൊലീസ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കെ.സി.ടി. 2217 നമ്പറിലുള്ള ഓപ്പൺ ജീപ്പാണ് തസ്നിയെ ഇടിച്ചത്. എറണാകുളം കടവന്ത്ര നേതാജി ലൈൻ കളപ്പുരയ്ക്കൽ ടൗൺ സച്ചിന്റെ പേരിലാണ് ജീപ്പ് രജിസ്റ്റർ ചെയ്തിരുന്നത്. സംഭവത്തിൽ ജീപ്പോടിച്ച ഏഴാം സെമസ്റ്റർ വിദ്യാർത്ഥി ബൈജു .കെ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവശേഷം ബൈക്കിൽ തമിഴ്‌നാട്ടിലേക്ക് കടന്ന ബൈജു മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന്

തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ബൈജു ഓടിച്ചിരുന്ന ജീപ്പിൽ ഒപ്പമുണ്ടായിരുന്ന മറ്റ് എട്ടുപേരെയും പൊലീസ് പ്രതികളാക്കിയിരുന്നെങ്കിലും സംഭവശേഷം തെളിവ് നശിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ ജീപ്പ് ഒളിപ്പിച്ച് ഇവർ പലവഴിക്ക് കടന്നതിനാൽ വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. സംഭവ സമയം പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് തെളിയിക്കുന്നതിന് ഇത് തടസമായി. അശ്രദ്ധമായി വാഹനം ഓടിച്ചതിനെ തുടർന്നുണ്ടായ അപകടമെന്ന വിധത്തിൽ സാധാരണ വാഹന അപകടകേസുകളിലേതുപോലെയാണ് സംഭവത്തിൽ ആദ്യം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിലും സംഭവം വിവാദമാകുകയും പൊതു സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകുകയും ചെയ്തപ്പോഴാണ് മനപൂർവ്വമുള്ള നരഹത്യയെന്ന വിധത്തിൽ കേസ് മാറ്റിയത്. കേസിൽ ബൈജു ഒഴികെയുള്ള പ്രതികളിൽ മിക്കവരും ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യമെടുത്തതിനാൽ ഇവരെ അറസ്റ്ര് ചെയ്യാൻ പോലും പൊലീസിന് കഴിഞ്ഞില്ല. ദുരന്തത്തിനിരയായ തസ്‌നിയുടെ കുടുംബത്തിന് അന്നത്തെ യു.ഡി.എഫ് സർക്കാർ നൽകിയ പത്ത് ലക്ഷം രൂപയുടെ നഷ്ടപരിഹാരമല്ലാതെ യാതൊരു ആശ്വാസനടപടികളും സർക്കാരിൽ നിന്നുണ്ടായിട്ടില്ലെന്നിരിക്കെയാണ് കേസിന്റെ വിചാരണയുൾപ്പെടെയുള്ള നടപടികൾ വൈകുന്നതും കുടുംബത്തിന് നീതി നിഷേധിക്കുന്ന സാഹചര്യമുണ്ടായിട്ടുള്ളതും.

ഓണാഘോഷത്തിന്റെ പേരിൽ ബൈജുവും കൂട്ടുകാരും നടത്തിയ പേക്കൂത്താണ് തസ്‌നിയുടെ ജീവനെടുത്തത്. മദ്യലഹരിയിൽ ജീപ്പിന്റെ ബോണറ്റിലും ജീപ്പിനുള്ളിലും കൂട്ടുകാരെ നിരത്തി ഇരുത്തി അശ്രദ്ധമായും അമിതവേഗത്തിലും കോളേജിലെ മെയിൻ ബിൽഡിംഗിന് മുന്നിൽ നിന്ന് പ്രധാന ഗേറ്റിന്റെ ഭാഗത്തേക്ക് പായുന്നതിനിടെയാണ് വൈകുന്നേരം നാലുമണിയോടെ തസ്‌നിയെ ജീപ്പിടിച്ച് തെറിപ്പിക്കുന്നത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തസ്‌നി രണ്ട് ദിവസം നീണ്ട ചികിത്സകൾക്കൊടുവിൽ ആഗസ്റ്റ് 20ന് രാത്രി പതിനൊന്നരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓണാഘോഷപരിപാടിയിൽ വാഹനറാലിക്കായി ബൈജുവും സംഘവും കോളേജ് പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ കാമ്പസിനുള്ളിലെത്തിച്ച വാഹനങ്ങളിലൊന്നാണ് അപകടത്തിനിടയാക്കിയത്.

അപകടത്തിനിടയാക്കിയ ഓപ്പൺ ജീപ്പിനൊപ്പം വിദ്യാർത്ഥികൾ ഉപയോഗിച്ച ‘ചെകുത്താൻ’ ലോറി കഴക്കൂട്ടം ആറ്റിപ്രയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓണാഘോഷത്തിനായി വിദ്യാർത്ഥികൾ ലോറി വാടകക്കെടുക്കുകയായിരുന്നു. റാലിയിൽ ഉപയോഗിച്ച മറ്റൊരു ജീപ്പ് കാര്യവട്ടം തൃപ്പാദപുരത്തുനിന്ന് ശ്രീകാര്യം പൊലീസ് കണ്ടെടുത്തിരുന്നു. പ്രിൻസിപ്പലിന്റെ അനുമതിയില്ലാതെ വാഹനങ്ങൾ കോളേജിനുള്ളിൽ കയറുന്നത് ഗേറ്റിൽ സുരക്ഷാ ഉദ്യോഗസ്ഥൻ തടഞ്ഞെങ്കിലും അദ്ദേഹത്തെ തള്ളിമാറ്റിയാണ് ബൈജുവും സംഘവും വാഹനങ്ങളുമായി അകത്ത് പ്രവേശിച്ചത്. ആരവങ്ങളിൽനിന്ന് മാറി കാമ്പസിലൂടെ നടന്നുപോകുകയായിരുന്ന തസ്‌നിയെ ഇതിനിടെയാണ് ജീപ്പ് ഇടിച്ചിടുന്നത്.

സി.ഇ.ടിയിലെ

രണ്ടാമത്തെ അപകടം

പത്തൊമ്പത് വർഷം മുമ്പ് സി.ഇ.ടി കാമ്പസിൽ അമിത വേഗത്തിലോടിച്ച ബൈക്കിടിച്ച് അമിത ശങ്കർ എന്ന വിദ്യാർത്ഥിനിയും മരണമടഞ്ഞിരുന്നു . 2002 ജനുവരി 24നായിരുന്നു അത്. അമിത ശങ്കറിന്റെ മരണത്തിൽ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയുടെ പേരിൽ അന്ന് കേസെടുത്തിരുന്നു. കേസിൽ തെളിവുകളുടെ അഭാവത്തിൽ 2008ൽ പ്രതിയെ കോടതി വിട്ടയച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.