ലണ്ടൻ : കഴിഞ്ഞയാഴ്ച പ്രിമിയർ ലീഗ് ഫുട്ബാളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ മുഹമ്മദ് സലാ നേടിയ ഗോളാണ് ഇംഗ്ളണ്ടിൽ ഇപ്പോഴും സംസാര വിഷയം. ലിവർപൂൾ ആരാധകർക്കും പരിശീലകൻ യൂർഗൻ ക്ലോപ്പിനും സലായെ പ്രശംസിച്ചിട്ടു മതിയാകുന്നില്ല. ഇരുടീമുകളും 2–2 സമനിലയിൽ പിരിഞ്ഞ മത്സരത്തിന്റെ 59–ാം മിനിട്ടിൽ സാദിയോ മാനെയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയ സലാ 76–ാം മിനിട്ടിൽ നേടിയ ഉജ്വലമായ ഒറ്റയാൻ ഗോളാണ് പ്രശംസയ്ക്ക് പാത്രമായത്.
ഗോൾ വന്ന വഴി
വലതു വിംഗിലൂടെ ലിവർപൂളിന്റെ മുന്നേറ്റം. കർട്ടിസ് ജോൺസിൽ നിന്ന് ബോക്സിനു പുറത്തു പന്തു സ്വീകരിക്കുമ്പോൾ സലായ്ക്കു ചുറ്റും സിറ്റി കളിക്കാർ. യാവോ കാൻസലോയെ മറികടന്ന്, ബെർണാഡോ സിൽവയെ അടിപതറിച്ച്, സലാ ബോക്സിലേക്ക്. തടയാനെത്തിയ അയ്മറിക് ലപോർട്ടയെ കബളിപ്പിച്ച് പന്തു വലതു കാലിലേക്കു മാറ്റുന്നു. ഷോട്ട് ഗോൾകീപ്പർ എഡേഴ്സനു കയ്യെത്തിപ്പിടിക്കാനാവാതെ പോസ്റ്റിൽ തട്ടി വലയിലേക്ക്.
103
ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ തന്റെ 103-ാം ഗോളാണു സിറ്റിക്കെതിരെ സലാ നേടിയത്. ലിവർപൂൾ ക്ലബ്ബിന്റെ ചരിത്രത്തിലെ എക്കാലത്തെയും ടോപ് സ്കോറർമാരിൽ 10-ാം സ്ഥാനത്താണു സലാ. എല്ലാ ചാംപ്യൻഷിപ്പുകളിലുമായി 212 കളികളിൽ 134 ഗോളുകൾ.