തിരൂർ: വാഹനാപകടവിവരം അറിഞ്ഞെത്തിയ പൊലീസ് അപകടത്തിലായ കാറിൽ നിന്നും 15 ലക്ഷത്തിൽപ്പരം രൂപ വിലവരുന്ന മയക്കുമരുന്ന് കണ്ടെടുത്തു.സംഭവത്തിൽ കാറോടിച്ചിരുന്ന കാസർകോട് മഞ്ചേശ്വരം അൻസീന മൻസിൽ അൻസാറിനെ(30) പൊലീസ് അറസ്റ്റ് ചെയ്തു. അമിത വേഗതയിൽ അശ്രദ്ധമായി വന്ന കാർ തലക്കലടത്തൂരിൽ വച്ച് ബൈക്കിൽ ഇടിച്ചുവെന്ന വിവരത്തെ തുടർന്നാണ് പൊലീസെത്തി കാർ പരിശോധിച്ചത്. ഹാഷിഷ് ഓയിൽ, എം.ഡി.എം.എ എന്നിവയാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്നും അറിയാൻ തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.തിരൂർ എസ്.ഐ ജലീൽ കറുത്തേടത്ത്, എ.എസ്.ഐ. പ്രവീൺ, എസ്.സി.പി.ഒ. മുഹമ്മദ് കുട്ടി, സി.പി.ഒ.മാരായ ജോൺ ബോസ്‌ക്കോ, രഞ്ജിത്ത് ,അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.