കാസർകോട്: മൊഗ്രാൽ പുത്തൂർ ദേശീയപാതയിൽ മഹാരാഷ്ട്ര സ്വദേശിയായ സ്വർണ വ്യാപാരി രാഹുലിനെ തട്ടിക്കൊണ്ടുപോയി 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ മൂന്ന് പേരെ കാസർകോട് പൊലീസ് തൃശൂരിൽ നിന്ന് പിടികൂടി. വയനാട് പനമരം കായക്കുന്ന് കിഴക്കേ തുമ്പത്തു ഹൗസിൽ അഖിൽ ടോമി (24), തൃശ്ശൂർ കുട്ടനെല്ലൂർ എളംതുരുത്തി ചിറ്റിലപ്പള്ളി ഹൗസിൽ ബിനോയ് സി. ബേബി(25) വയനാട് പുൽപള്ളി പെരിക്കല്ലൂർ പുത്തൻ പുരക്കൽ അനു ഷാജു(28) എന്നിവരെയാണ് കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ ക്രൈം സ്‌ക്വാഡും കാസർകോട് ടൗൺ ഇൻസ്‌പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
സി.സി.ടി.വി ദൃശ്യങ്ങൾ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. സെപ്തംബർ 22നാണ് ഇന്നോവ കാറിൽ കടത്തി കൊണ്ടുപോയി പണം കവർന്നത്. തുടർന്ന് രാഹുലിനെ പയ്യന്നൂരിൽ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു, സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെ കുറിച്ചും സൂചനകൾ ലഭിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ. സി.കെ. ബാലകൃഷ്ണൻ, എസ്.ഐ. നാരായണൻ നായർ, രഞ്ജിത്ത് കുമാർ, എ.എസ്.ഐമാരായ അബൂബക്കർ, ലക്ഷ്മി നാരായണൻ, വിജയൻ, മോഹനൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവകുമാർ ഉദിനൂർ, സി.പി.ഒമാരായ രാജേഷ്, ഓസ്റ്റിൻ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രൻ, വിജയൻ, നിതിൻ സാരംഖ്, രഞ്ജീഷ് എന്നിവരും ഉണ്ടായിരുന്നു. കാസർകോട് എത്തിച്ച പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.