SignIn
Kerala Kaumudi Online
Thursday, 26 May 2022 2.05 PM IST

ഭാരതത്തിന്റെ വാക്സിൻ യജ്ഞം

vaccine

ആഗോളതലത്തിൽ ഒക്ടോബർ അഞ്ച് വരെ 634 കോടി ഡോസ് വാക്സിനാണ് കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ നൽകിയിരിക്കുന്നത്. വികസിത രാജ്യങ്ങളായ അമേരിക്കയും ബ്രിട്ടനുമാണ് വേഗത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ തയ്യാറാക്കിയത്. അനന്തരഫലമെന്നോണം ഡിസംബർ 2020 ൽ തന്നെ വികസിത രാജ്യങ്ങൾ അവർ ഉത്പാദിപ്പിക്കാൻ പോകുന്ന വാക്സിനുകളുടെ 50ശതമാനം തങ്ങളുടേതാക്കി കരാർ എഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭാരതത്തിന്റെ വാക്സിൻ യജ്ഞത്തെയും നരേന്ദ്രമോദി സർക്കാരിന്റെ ആർജ്ജവത്തെയും കാണേണ്ടത്. 100 കോടി ഡോസ് വാക്സിൻ എന്ന മഹാമേരു ഇന്ത്യ ഒൻപത് മാസങ്ങൾക്കുള്ളിൽ മറികടന്നിരിക്കുന്നു എന്നും ഓർക്കണം. ആഗോളതലത്തിൽ ഏഴിൽ ഒരു വാക്സിൻ ഇന്ത്യയിലാണ് നൽകിയതെന്നത് നമ്മുടെ നേട്ടത്തിന്റെ തെളിമ വർദ്ധിപ്പിക്കുന്നു. രണ്ട് ദിവസം മുൻപ് വരെയുള്ള കണക്കനുസരിച്ച് കേന്ദ്രസർക്കാർ 91 കോടി 77 ലക്ഷം ഡോസ് വാക്സിൻ കുത്തിവയ്‌ക്കുകയും സംസ്ഥാനങ്ങൾക്ക് എട്ട് കോടി 73 ലക്ഷം ഡോസ് അധികമായി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. 100 കോടി ഡോസ് കുത്തിവയ്‌പിലേക്ക് ദിവസങ്ങൾ മാത്രം ബാക്കി.


യജ്ഞത്തിന്റെ തുടക്കം

2021 ജനുവരി 16, ആ ദിനം രാജ്യം മറക്കില്ല. അന്നാണ് ഇന്ത്യ കൊവിഡ് പ്രതിരോധ കുത്തിവയ്പ് തുടങ്ങിയത്. ലോകത്തെത്തന്നെ ഏറ്റവും വലിയ കൊവിഡ് വാക്സിനേഷൻ യജ്ഞമാണ് നമ്മുടേത്. നരേന്ദ്രമോദിയുടെയും അദ്ദേഹത്തിന്റെ ഗവൺമെന്റിന്റെയും പ്രതിബദ്ധതയും ആസൂത്രണ മികവും പ്രതിരോധ കുത്തിവയ്പു പ്രവർത്തനത്തെ മഹായജ്ഞമാക്കി മാറ്റി. നമ്മുടെ ആരോഗ്യപ്രവർത്തകരും എല്ലാതലങ്ങളിലുമുള്ള സന്നദ്ധ പ്രവർത്തകരും സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യം നേടാനുള്ള ഓട്ടത്തിലാണ്.

നിരവധി ശാസ്ത്രജ്ഞരാണ് ഇന്ത്യയുടെ സ്വന്തം വാക്സിൻ കണ്ടുപിടിക്കുന്നതിനുവേണ്ടിയുള്ള കഠിനാധ്വാനത്തിൽ മുഴുകിയത്. കൊവാക്സിൻ നാം സ്വന്തമായി കണ്ടുപിടിച്ചു. ഇന്ത്യയുടെ ശാസ്ത്രമികവ് ലോകത്തിനു മുന്നിൽ കൂടുതൽ തെളിയിക്കപ്പെട്ട സന്ദർഭമായും അതു മാറി. നമ്മുടെ കൂട്ടത്തിൽ ഒരു ഡോസ് വാക്സിൻ സ്വീകരിച്ച് അടുത്തതിനു സമയമെത്താൻ കാത്തിരിക്കുന്നവരും ഒരു ഡോസ് പോലും എടുക്കാത്തവരുമുണ്ട്. പക്ഷേ, ആരും അക്കാര്യത്തിൽ അസ്വസ്ഥരല്ല. തങ്ങളുടെ ഊഴം ഉറപ്പായും എത്തുകതന്നെ ചെയ്യുമെന്ന് എല്ലാവർക്കും ഉറപ്പുണ്ട്. അതാണ് ഭരണാധികാരികൾ ജനങ്ങൾക്കു നൽകേണ്ട പ്രാഥമികസുരക്ഷ. തങ്ങൾക്കുള്ള വിഹിതം എത്തിച്ചേരുക തന്നെ ചെയ്യുമെന്ന ഉറപ്പ്. പ്രധാനമന്ത്രി നരേന്ദ്രമോദിയിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഭാരതത്തിന്റെ വാക്സിൻ യജ്ഞത്തെ വിജയത്തിലേക്ക് നയിക്കുന്നത്. സങ്കടകരമായ വസ്തുത, ആ വിശ്വാസത്തിൽ അലോസരപ്പെട്ടുകൊണ്ട് പ്രതിപക്ഷം തുടക്കത്തിൽ നമ്മുടെ വാക്സിന്റെ വിശ്വാസ്യതയെ വരെ ചോദ്യം ചെയ്തു എന്നതാണ്. രാജ്യം ഒരുമിച്ചു നിൽക്കേണ്ട ഘട്ടത്തിൽ പോലും ജനവിരുദ്ധ നിലപാടുകളായിരുന്നു പ്രതിപക്ഷത്തിന്റേത്.

ആഘോഷങ്ങളും രാപ്പകലുകളുടെ മാറ്റങ്ങളും പോലും അറിയാതെയും ശ്രദ്ധിക്കാതെയുമാണ് നമ്മുടെ ശാസ്ത്രജ്ഞർ വാക്സിൻ ഗവേഷണം നടത്തിയത്. അവരുടെ സമർപ്പണത്തെയാണ് പ്രതിപക്ഷം അവഹേളിച്ചത്.

കൈകോർത്തു പിടിക്കാറാകും

കൊവിഡിനൊപ്പം മുഴുവൻ സമയവും ചെലവഴിക്കേണ്ടി വരുന്ന ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ആശുപത്രികളിലെ ശുചീകരണത്തൊഴിലാളികൾ തുടങ്ങിയവർക്കാണ് ആദ്യം വാക്സിൻ നൽകിയത്. അതിൽ ഗവൺമെന്റ് ആശുപത്രിയെന്നോ സ്വകാര്യ ആശുപത്രിയെന്നോ വ്യത്യാസമുണ്ടായില്ല. അതിനൊപ്പമോ തൊട്ടുപിന്നാലെയോ പരിഗണന നൽകിയത് അവശ്യ സേവനങ്ങൾ നൽകുന്നവർ, പൊലീസ്, സൈനികർ അദ്ധ്യാപകർ തുടങ്ങിയവർക്കാണ്. മാധ്യമപ്രവർത്തകരെക്കൂടി കൊവിഡ് പോരാളികളുടെ പട്ടികയിൽപ്പെടുത്തി വാക്സിനേഷനിൽ മുൻഗണന നൽകി.

കേന്ദ്രത്തിന്റെ പിന്തുണയോടെ സംസ്ഥാന സർക്കാരുകൾ രാജ്യത്തിന്റെ മുക്കുമൂലകളിൽപ്പോലും വാക്സിനേഷന്റെ സന്ദേശം എത്തിച്ചു. വാക്സിനേഷൻ കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും കൊവിൻ എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം തയാറാക്കി. വാക്സിനെടുത്തവർക്ക് ഇതേ പ്ലാറ്റ്‌ഫോമിൽ നിന്നുതന്നെ സർട്ടിഫിക്കറ്റും ലഭ്യമാക്കി. രജിസ്റ്റർ ചെയ്തവർക്ക് ഒന്നാമത്തെ ഡോസ് കഴിഞ്ഞ് രണ്ടാമത്തെ ഡോസിനു സമയമാകുമ്പോൾ ഫോണിൽ സന്ദേശമെത്തി. ഈ സൗകര്യങ്ങളിൽ നിന്നൊക്കെ ഇപ്പോഴും അകലെ ജീവിക്കുന്നവർക്ക് നേരിട്ട് വാക്സിൻ വിവരങ്ങളെത്തിക്കാനുള്ള സംവിധാനങ്ങളും സജ്ജമാക്കി.

രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്ര വിപുലമായ ഒരു പ്രതിരോധ കുത്തിവയ്പു പരിപാടി ഉണ്ടായിട്ടില്ല.

ലോകത്ത് 60 ശതമാനത്തിലധികം കുട്ടികൾക്കു നൽകുന്ന ജീവൻരക്ഷാ വാക്സിനുകൾ ഇന്ത്യയിൽ ഉത്‌പാദിപ്പിക്കുന്നതാണ് എന്ന അഭിമാനകരമായ വസ്തുത കൂടി സാന്ദർഭികമായി പറയട്ടെ. കൊവിഡ് വാക്സിനുകളുടെ കണ്ടുപിടുത്തത്തോടെ ഇന്ത്യയിലെ ശാസ്ത്രജ്ഞരോടും വാക്സിൻ വിദഗ്ദ്ധരോടുമുള്ള ലോകത്തിന്റെ വിശ്വാസവും ആദരവും മുമ്പത്തെക്കാൾ വർദ്ധിച്ചു. കൊവിഡിനെതിരായ ഇന്ത്യയുടെ യുദ്ധം മുഖ്യമായും സ്വാശ്രയത്വത്തിലൂന്നിയാണ് എന്നതിന്റെ പ്രധാന തെളിവു കൂടിയാണ് നമ്മുടെ വാക്സിനുകൾ.

ദരിദ്രരാജ്യങ്ങളെയും വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്തരെയും നാം നമ്മുടെ പ്രയാസകാലത്തും വാക്സിൻ കയറ്റി അയച്ച് സഹായിച്ചു. ഇന്ത്യ അതിന്റെ ഏറ്റവും വലിയ പ്രയാസകാലത്തെ അതിജീവിക്കുന്നതിന്റെ നിർണായക ഘട്ടമാണ് 100 കോടി ആളുകളിൽ വാക്സിൻ എത്തുന്ന ഈ വേള. അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യാം, നമുക്ക്. പഴയതുപോലെ കൈകൾ കോർത്തുപിടിക്കാൻ ഇനി അധികം കാത്തുനിൽക്കേണ്ടി വരില്ല.

(ലേഖിക ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗമാണ് . )

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VACCINATION IN INDIA
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.