SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.03 PM IST

ആരെയും വേദനിപ്പിക്കാത്ത കോടീശ്വരൻ

illustraton

സ്വയം തള്ളലും ചൂണ്ടയിടലും കഥപറച്ചിലുമൊക്കെ ഇന്ത്യൻ ശിക്ഷാനിയമത്തിൽ ഒരു കുറ്റമാണോ? ഈ നാളുകളിൽ അച്ചടി - ദൃശ്യമാദ്ധ്യമങ്ങളെ വിരുന്നൂട്ടുന്ന മോൻസൺ മാവുങ്കൽ ചെയ്ത കുറ്റം എന്താണ് ? ആ പാവത്തിന്റെ ഇപ്പോഴത്തെ ബാങ്ക് ബാലൻസ് വെറും 200 രൂപയാണെന്നോർക്കണം. ആടും മാഞ്ചിയവും മാന്ത്രിക രുദ്രാക്ഷവും ധനാകർഷണ യന്ത്രവും നോട്ടിരട്ടിപ്പും കണ്ടാൽ കണ്ണുമഞ്ഞളിച്ച് പിറകെ പോകുന്ന മലയാളിക്ക് പുതിയൊരു ഇരയെ കിട്ടിയെന്നു മാത്രം. അത്താഴപ്പട്ടിണിക്കാരുടെ കഞ്ഞിയിൽ മണ്ണിടാനോ ഓണക്കിറ്റിൽ മായം ചേർക്കാനോ അയാൾ മിനക്കെട്ടില്ല. ആകെ ചെയ്തത് തന്നെത്തന്നെ സ്വയം തള്ളിക്കൊണ്ടിരുന്നു. ആരേയും മയക്കുന്ന മാന്ത്രിക കഥകൾ പറഞ്ഞു. വമ്പൻ സ്രാവുകൾക്കായി ചൂണ്ടയിട്ടു.

സത്യത്തിൽ ഒറിജിനൽ പുരാവസ്തുക്കളൊന്നും അയാൾ ദുരുപയോഗം ചെയ്തിട്ടില്ലെന്നു വേണം കരുതാൻ. ശബരിമല വിവാദത്തിൽ പുകഞ്ഞപ്പോൾ ചില ചരിത്രകാരന്മാർ ചെയ്യാറുള്ളതുപോലെ ഒരു ചെമ്പോല ഇറക്കിയെന്നതു ശരി. അത് വായിച്ച പുരാവസ്തുവിദഗ്ദ്ധൻ രാഘവവാര്യർക്കും ചെമ്പുതെളിഞ്ഞില്ല. എങ്കിലും പുരോഗമന പ്രസ്ഥാനങ്ങൾ അതിൽപ്പിടിച്ച് കത്തിക്കയറുകയും ശബരിമലയ്ക്ക് ആദിദ്രാവിഡ ചരിത്ര ചമയങ്ങളണിയിക്കുവാൻ ഇടയാവുകയും ചെയ്തു.

ശ്രീരംഗപട്ടണം പിടിച്ചെടുത്ത ഈസ്റ്റ് ഇന്ത്യാക്കമ്പനി ടിപ്പുവിന്റെ സ്വർണക്കടുവകളുള്ള സിംഹാസനം പൊളിച്ചുകടത്തിയത്രെ. വെല്ലസ്‌ലി പ്രഭുവിന് ഇത് രാജാവിന് സമ്മാനിക്കണമെന്നുണ്ടായിരുന്നു. എന്നാലതു നടന്നില്ല. വലിയ കടുവത്തല ജോർജ് മൂന്നാമന്റെ ഭാര്യ ഷാർലറ്റ് രാജ്ഞിക്ക് കിട്ടിയത് വിൻസർ പാലസിലുണ്ട്. രത്നങ്ങൾ പതിച്ച ചെറിയ തലകളിലൊന്ന് യു.കെയിലെ പോവിസ് കൊട്ടാരത്തിലാണ്. ഈ ചരിത്രവിശേഷങ്ങളൊന്നുമറിയാതെ മാവുങ്കലിന്റെ മ്യൂസിയത്തിലെ ടിപ്പുവിന്റെ സിംഹാസനത്തിലിരുന്ന് ആഹ്ളാദിച്ചത് അന്നത്തെ നമ്മുടെ പൊലീസ് മേധാവിയായിരുന്നുവെന്നോർക്കണം. (വെറുതെയല്ല ശരാശരി മനുഷ്യരുടെ കോമൺസെൻസ് ഇല്ലാത്തവരാണ് ഐ.എ.എസ് - ഐ.പി.എസുകാരെന്ന് എം.പി. നാരായണപിള്ള പണ്ട് പറഞ്ഞുവച്ചത്!) ഡി.ജി.പി - എ.ഡി.ജി.പി തലത്തിൽ കുറഞ്ഞവരെയൊന്നും മാവുങ്കൽ മൈൻഡു ചെയ്തിട്ടില്ല. ഒന്നാംകിടയിൽ കുറഞ്ഞ രാഷ്ട്രീയക്കാരെയും സിനിമാക്കാരെയും വെറുതേവിട്ടു. ഒരു പാസ്പോർട്ടു പോലുമില്ലാതെ പ്രവാസി മലയാളികളുടെ രക്ഷാധികാരിയായും ചാനൽ ചെയർമാനായും വിലസാമെന്നും തെളിയിച്ചു.

കരീനാകപൂറിന്റെ പഴയ കാറും ശ്രീകൃഷ്ണൻ കഴിച്ച വെണ്ണ സൂക്ഷിച്ച ഉറിയുമൊക്കെ കാണിച്ച് നടത്തിയ ഇന്ദ്രജാലത്തിൽ കള്ളപ്പണക്കാരൊക്കെ കുടുങ്ങി. ഒരു നയാപൈസയുടെ മൂലധനമില്ലെങ്കിലും ഏഴാം ക്ളാസും ഗുസ്തിയുമുണ്ടെങ്കിൽ, വാഗ്വിലാസം കൊണ്ട് ഏതു മലയാളിയെയും വരച്ചവരയിൽ നിറുത്താം. പെണ്ണും പൊന്നും മുപ്പതു വെള്ളിക്കാശുമുണ്ടെങ്കിൽ ആരേയും അടിയറവു പറയിക്കാം.

ആനക്കൊമ്പ് വേട്ടക്കാരേയും കള്ളക്കടത്തുകാരേയും പോലെ ഒരു റിസ്‌ക്കുമില്ല. ഒട്ടകത്തിന്റെ എല്ലുകൊണ്ട് ആനക്കൊമ്പുണ്ടാക്കാം. സൗന്ദര്യബോധമുള്ള ഒരാൾക്ക് ആക്രിശേഖരത്തെ പുരാവസ്തു മ്യൂസിയമാക്കാം. ലോകാത്ഭുതങ്ങൾ വില്പന നടത്തിയ ഒരു അന്താരാഷ്ട്ര തട്ടിപ്പുവീരനെക്കുറിച്ച് വായിച്ചതോർക്കുന്നു. അതുവച്ച് നോക്കിയാൽ മാവുങ്കൽ നടത്തിയത് എത്ര നിസാരം. തൃപ്പൂണിത്തുറ കൊട്ടാരമാണ് (ഹിൽപാലസ് ആണോ എന്നോ?) അദ്ദേഹം ബാംഗ്ളൂർ മലയാളിക്ക് വില്ക്കാൻ നോക്കിയത്. ഇടുക്കിയിലെ രാജകുമാരിയിൽ നിന്ന് തുടങ്ങിയ മാവുങ്കലിന്റെ ഈ അശ്വമേധം കുറച്ചുകാലം കൂടി തുടർന്നിരുന്നെങ്കിൽ രാഷ്ട്രപതിഭവനും ക്ളിഫ്‌ഹൗസും സെക്രട്ടേറിയറ്റുമെല്ലാം വിറ്റുപോയേനെ!

ഇല്ലാക്കഥകൾ പറഞ്ഞ് വമ്പന്മാരെ മയക്കിയെന്നത് നേര്. കളിത്തോക്കും കറുപ്പുമണിഞ്ഞ അംഗരക്ഷകരെയും വിലകൂടിയ പഴഞ്ചൻ കാറുകളും കാണിച്ച് കൊമ്പന്മാരെ വിരട്ടിയെന്നതും ശരിതന്നെ. അംഗരക്ഷകരെയും ബ്ളാക്ക് ക്യാറ്റുകളേയും പൊലീസിനേയും പട്ടാളത്തേയും കാണിച്ച് പാവങ്ങളെ വിരട്ടുന്ന രാഷ്ട്രീയ തന്ത്രം തന്നെ.

ഈ നിലയ്ക്ക് അവനവനെത്തന്നെ സ്വയം പുകഴ്‌ത്തുന്നതിനുള്ള നോബൽ സമ്മാനം മാവുങ്കലിന് കൊടുക്കണം. മികച്ച കഥപറച്ചിലുകാരനുള്ള ഓസ്‌കാറുമാവാം. പുരാവസ്തുക്കൾ തട്ടിയെടുക്കുകയോ മോഷ്ടിക്കുകയോ ചെയ്തിട്ടില്ല. ഡ്യൂപ്ളിക്കേറ്റുകളുടെ ഇന്ദ്രജാലം! ഹൈ ലെവൽ ആക്രിക്കച്ചവടം. ഏറ്റവും മികച്ച ചൂണ്ടയിടലിനുള്ള ഒളിമ്പിക് മെഡലും മാവുങ്കൽ കൊണ്ടുപോകും. ഐജിയും മന്ത്രിമാരും സിനിമാക്കാരും രാഷ്ട്രീയക്കാരും കൊത്തുന്ന മാന്ത്രിക ചൂണ്ടയുമായി മാവുങ്കൽമാരുടെ അടുത്ത അവതാരത്തിനായി മലയാളിക്ക് കാത്തിരിക്കാം.

യൂദാസിന്റെ വെള്ളിനാണയങ്ങൾ ഇനിയും ബാക്കിയുണ്ട് !

(ലേഖകന്റെ ഫോൺ: 9447575156 )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MONSON
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.