കൊച്ചി: തുടർച്ചയായ മൂന്നാംനാളിലും പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഇന്ധനവില കൂട്ടി. പെട്രോളിന് തിരുവനന്തപുരത്ത് 30 പൈസ വർദ്ധിച്ച് 105.48 രൂപയായി. ഡീസലിന് 37 പൈസ ഉയർന്ന് 98.72 രൂപ. ഈമാസം ഇതുവരെ പെട്രോളിന് കൂട്ടിയത് 1.60 രൂപയാണ്; ഡീസലിന് 2.01 രൂപയും. കൊച്ചിയിൽ 30 പൈസ വർദ്ധിച്ച് പെട്രോൾ വില 103.20 രൂപയായി; ഡീസലിന് 36 പൈസ വർദ്ധിച്ച് 96.53 രൂപ. 103.63 രൂപയാണ് കോഴിക്കോട്ട് പെട്രോളിന്; വർദ്ധന 29 പൈസ. ഡീസലിന് 37 പൈസ ഉയർന്ന് 96.99 രൂപ. ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) ബാരലിന് ഇന്നലെ 2.84 ശതമാനം വർദ്ധനയുമായി 80.49 ഡോളറായിട്ടുണ്ട്. വരുംദിവസങ്ങളിലും പെട്രോൾ, ഡീസൽ വില കൂടാനിത് ഇടയാക്കിയേക്കും.