വലിയഴീക്കലിൽ ലൈറ്റ്ഹൗസ് നിർമ്മാണം പൂർത്തിയായി
കൊല്ലം: കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ ലൈറ്റ് ഹൗസിന്റെ നിർമ്മാണം കൊല്ലം വലിയഴീക്കലിൽ പൂർത്തിയായി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആർച്ച് പാലമായ വലിയഴീക്കൽ പാലത്തോടു ചേർന്നാണ് ലൈറ്റ് ഹൗസ്. രാജ്യത്ത് അഞ്ചു വശങ്ങളുള്ള ആദ്യ പെന്റഗൺ ലൈറ്റ് ഹൗസ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
കഴിഞ്ഞ ജൂൺ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചു തുടങ്ങിയിരുന്നു. അധികം വൈകാതെ ഉദ്ഘാടനം നടക്കും. ദിവസവും വൈകിട്ട് 6.30 മുതൽ രാവിലെ 7വരെയാണ് ലൈറ്റ് ഹൗസിന്റെ പ്രവർത്തനം. കപ്പലുകളുടെ ദിശ, വേഗം എന്നിവ അറിയാനുള്ള സംവിധാനവും ഉണ്ട്. രാത്രി കടലിൽ പോകുന്ന തൊഴിലാളികൾക്കും ഏറെ പ്രയോജനപ്പെടും. ലിഫ്റ്റിലൂടെ ലൈറ്റ് ഹൗസിന് മുകളിലെത്തിയാൽ കടലിലും കരയിലുമുള്ള ഒട്ടേറെ വിസ്മയ കാഴ്ചകൾ മനസിനു കുളിർമയേകും. 10 കിലോമീറ്റർ ദൂരെയുള്ള കാഴ്ചകൾ വരെ കാണാനാവും. ലൈറ്റ് ഹൗസിന് മുകളിൽ സഞ്ചാരികൾക്കായി ഒരു മ്യൂസിയവും ഒരുക്കുന്നുണ്ട്.
പ്രകാശം ചൊരിയും
41.26 മീറ്റർ ഉയരം
15 സെക്കൻഡിൽ 3 ഫ്ലാഷുകൾ വീതം പ്രകാശിക്കും
24 വാട്ട് വരുന്ന 3 എൽ.ഇ.ഡി പാനലുകളായി ലൈറ്റിംഗ് സംവിധാനം
കടലിൽ 22 നോട്ടിക്കൽ മൈൽ വരെ പ്രകാശമെത്തും