SignIn
Kerala Kaumudi Online
Friday, 29 March 2024 11.54 AM IST

നാരദനും മായയും

ithi

ഒരിക്കൽ നാരദമഹർഷി മഹാവിഷ്‌ണുവിനെ സന്ദർശിച്ച് ''പ്രഭോ, ദയവായി മായ എന്താണെന്ന് എനിക്ക് പറഞ്ഞുതന്നാലും.""

എന്നപേക്ഷിച്ചു. വിഷ്‌ണു ഒരു പുഞ്ചിരിയോടെ പറഞ്ഞു.

''നാരദരേ, ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്നു എന്ന് തോന്നുന്നതൊക്കെ തന്നെയാണ് മായ. എല്ലാം സംഭവിക്കുന്നു എന്നു തോന്നുന്നത് മായ കൊണ്ടാണ്. യഥാർത്ഥത്തിൽ ഒന്നും സംഭവിക്കുന്നില്ലെങ്കിലും എന്തൊക്കെയോ സംഭവിച്ചതായോ സംഭവിക്കുന്നതായോ നമുക്ക് തോന്നാം. മായ കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്.""

മഹാവിഷ്‌ണുവിന്റെ ഈ വിശദീകരണം നാരദർക്ക് അത്ര തൃപ്‌തികരമായില്ല.

''പ്രഭോ, എനിക്ക് കുറച്ചുകൂടി വിശദീകരിച്ചു പറഞ്ഞുതന്നാലും.""

''നമുക്ക് ഒരു ചെറിയ യാത്ര പോയി വരാം. യാത്ര കഴിയുമ്പോൾ നാരദർക്ക് എല്ലാം ബോദ്ധ്യമാകും.""

മഹാവിഷ്‌ണു നാരദനേയും ഗരുഡന്റെ പുറത്തേറ്റി ഒരു യാത്ര ചെയ്യാനൊരുങ്ങി. പോകുന്ന വഴിയിൽ താഴെ ഭൂമിയിൽ നഗരങ്ങളും വനങ്ങളും മലകളും പുഴകളും മറ്റും കണ്ടു. ഒരുചെറിയ പൊയ്‌കയുടെ മുകളിലെത്തിയപ്പോൾ വിഷ്ണു ഗരുഡനോട് താഴെയിറക്കാൻ അപേക്ഷിച്ചു. ഗരുഡൻ സാവകാശം പൊയ്‌കയുടെ കരയിൽ പറന്നിറങ്ങി. നാരദനും വിഷ്‌ണുവും താഴെയിറങ്ങി.

മഹാവിഷ്‌ണു നാരദനോട് പറഞ്ഞു.

''നാരദരേ അങ്ങ് പൊയ്‌കയിലിറങ്ങി ഒന്നു കുളിച്ചുവരൂ.""

മുങ്ങി നിവർന്ന നാരദരുടെ രൂപം സുന്ദരിയായ ഒരു സ്ത്രീയുടേതായി മാറി. എന്നു മാത്രമല്ല താൻ നാരദനായിരുന്നു എന്ന ബോധവും നഷ്‌ടപ്പെട്ടിരുന്നു. കുളികഴിഞ്ഞ സുന്ദര കരയ്‌ക്കുകയറിയപ്പോൾ താലധ്വജൻ എന്നുപേരായ ഒരു രാജാവ് അവിടെയെത്തി. ഒറ്രനോട്ടത്തിൽ തന്നെ താലധ്വജന് സുന്ദരിയോട് അനുരാഗം തോന്നുകയും തന്റെ ആഗ്രഹം തുറന്നു പറയുകയും ചെയ്‌തു. സുന്ദരിക്ക് തിരിച്ചും അനുരാഗം തോന്നുകയാൽ ഇരുവരും ഭാര്യാഭർത്താക്കന്മാരായി പുതിയ ദാമ്പത്യജീവിതമാരംഭിച്ചു. വർഷങ്ങളോളം തുടർന്ന ദാമ്പത്യജീവിതത്തിൽ അവർക്ക് ധാരാളം സന്താനങ്ങളും അവർ വിവാഹം കഴിച്ച് അനേകം ചെറുമക്കളുമായി അവരുടെ കുടുംബം അതിവിപുലമായി.

ഇങ്ങനെ കഴിയവേ ഒരു നാൾ മറ്റൊരു രാജാവ് താലധ്വജന്റെ രാജ്യം ആക്രമിക്കുകയും അവരുടെ പുത്രകളത്രാദികളെ വധിക്കുകയും ചെയ്‌തു. പ്രാണരക്ഷാർത്ഥം താലധ്വജൻ ഒരു മാളത്തിൽ കയറി രക്ഷപ്പെട്ടു. തിരിച്ചു കൊട്ടാരത്തിലെത്തിയപ്പോൾ സുന്ദരി ഭയന്ന് നിൽക്കുകയായിരുന്നു. താലധ്വജൻ പറഞ്ഞതുകേട്ട് സുന്ദരി നടുങ്ങിപ്പോയി. തന്റെ സന്തതികൾ ഒന്നോടെ വധിക്കപ്പെട്ടതറിഞ്ഞ് ആ സ്ത്രീ അലമുറയിടാൻ തുടങ്ങി. അവരെ അവസാനമായി കാണണമെന്ന് അവർ താലധ്വജനോട് അപേക്ഷിച്ചു. അവർ ഇരുവരും കൊട്ടാരത്തിൽ നിന്നും പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്‌ച ഭീതിജനകമായിരുന്നു. സന്താനങ്ങൾ വികൃതമായ നിലയിൽ രക്തത്തിൽ കുളിച്ചു കിടക്കുന്നു. ദുഃഖം സഹിക്കാനാകാതെ അലമുറയിട്ടു കരയുന്ന സുന്ദരിയെ സമാധാനിപ്പിക്കാൻ വഴി കാണാതെ താലധ്വജൻ ഏറെ വിഷമിച്ചു. ഉടനെ ഒരു വൃദ്ധബ്രാഹ്മണൻ അവരുടെ സമീപമെത്തി. ബ്രാഹ്മണൻ ചോദിച്ചു.

''ഈ സ്ത്രീ എന്തിനാണിങ്ങനെ അലമുറയിടുന്നത്?""

''എന്റെ മക്കളും കൊച്ചുമക്കളുമൊക്കെ മരിച്ചു കിടക്കുന്നത് അങ്ങ് കാണുന്നില്ലേ? എനിക്കിതെങ്ങനെ സഹിക്കാൻ കഴിയും?""

എന്നായിരുന്നു സുന്ദരിയുടെ മറുപടി.

''അങ്ങനെയൊന്നും ഇവിടെ സംഭവിച്ചിട്ടില്ല, എല്ലാം നിങ്ങളുടെ തോന്നലാണ്.""

ബ്രഹ്മണൻ വ്യക്തമാക്കി. എന്നാൽ ബ്രാഹ്മണൻ പറയുന്നത് വിശ്വസിക്കാൻ സുന്ദരികൂട്ടിക്കിയില്ല. അവർ നിലവിളി തുടർന്നു. രാഹ്മണൻ വീണ്ടും പറഞ്ഞു.

''എങ്കിൽ മരിച്ചുപോയ നിങ്ങളുടെ അച്‌ഛന്റെ ശ്രാദ്ധ കർമ്മം ചെയ്യുന്നതിന് ഞാൻ നിങ്ങളെ സഹായിക്കാം. നിങ്ങൾ പൊയ്‌കയിലിറങ്ങി കുളിച്ചുവരൂ.""

ഉടനേ താലധ്വജനും സുന്ദരിയും കിളിക്കാനായി പൊയ്‌കയിലിറങ്ങി. ഒന്നു മുങ്ങി നിവർന്നപ്പോൾ താലധ്വജൻ സ്വന്തം രൂപത്തിലും സുന്ദരി നാരദന്റെ രൂപത്തിലും ബ്രാഹ്മണൻ വിഷ്‌ണുവിന്റെ രൂപത്തിലും മാറിക്കഴിഞ്ഞിരന്നു. നാരദൻ നോക്കുമ്പോൾ തന്റെ വീണ മഹാവിഷ്‌ണുവിന്റെ കൈകളിലിരിക്കുന്നു.

ഒരു മന്ദഹാസത്തോടെ മഹാവിഷ്‌ണു പറഞ്ഞു

''നാരദരെ ഇതാണ് മായ. ഇവിടെ ഒന്നും സംഭവിച്ചില്ല എങ്കിലും പൊയ്‌കയിൽ ഒന്നു മുങ്ങി നിവർന്നപ്പോൾ എന്തൊക്കെയോ സംഭവിച്ചുപോയതുപോലെയുള്ള ഈ തോന്നിൽ തന്നെയാണ് മായ."

പരിസരബോധം വരാതെ നാരദനും താലധ്വജനും പരസ്‌പരം നോക്കി നിന്നുപോയി. മഹാവിഷ്‌ണു രണ്ടുപേരോടും ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങൾ പറഞ്ഞു മനസിലാക്കി. താലധ്വജനോട് വനത്തിൽപോയി തപസ് ചെയ്ത് മോക്ഷം നേടാൻ ഉപദേശിച്ചിട്ട് നാരദന്റെ ഗരുഡന്റെ പുറത്തുകയറ്റി വൈകുണ്ഠത്തേക്ക് യാത്രതിരിച്ചു. മായയാൽ സൃഷ്ടിക്കപ്പെട്ട താലധ്വജൻ അപ്രത്യക്ഷനായി. നാരായണ! നാരായണ! എന്നു ജപിക്കാൻ മാത്രമേ നാരദന് ത്രാണി ഉണ്ടായിരുന്നുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RITUALS, WEEKLY, RITUALS
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.