മൂക്കുകുത്തൽ പെൺകുട്ടികളുടെ സ്വപ്നമാണ്. അത്രയധികം ട്രെൻഡുകളിൽ മൂക്കുത്തികൾ ദിനംപ്രതി വിപണിയിലെത്തുകയും ചെയ്യുന്നു. മൂക്കുത്തിയെ അഴകിന്റെ പര്യായമാണ് സുന്ദരികൾ കാണുന്നത്.മൂക്കുത്തിയിട്ടിരിക്കുന്നതൊക്കെ കാണാൻ രസം തന്നെ എന്നാൽ നല്ല ശ്രദ്ധ വേണ്ട കാര്യമാണ് മൂക്കു കുത്തുക എന്നത്. മൂക്കുകുത്തും മുൻപും അതു കഴിഞ്ഞും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുമുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
* മൂക്ക് കുത്തി പരിചയമുള്ള ഡോക്ടറുടെയോ തട്ടാന്റെയോ അടുത്ത് കുത്തുന്നതാണ് ഏറ്റവും നല്ലത്, നാഡീ ഞരമ്പുകൾക്ക് ക്ഷതമേൽക്കാതെ കുത്താൻ അവർക്കറിയാം. ബ്യൂട്ടിപാർലറുകളിൽ പോയി ഷൂട്ട് ചെയ്യിക്കുന്നതിന് മുൻപ് ഇക്കാര്യത്തിലുള്ള പരിചയവും വൃത്തിയും ഉറപ്പാക്കിയിട്ട് മാത്രം പോയാൽ മതി.
* മൂക്ക് കുത്തിക്കഴിഞ്ഞ് സ്വർണം തന്നെ ഇടാൻ ശ്രദ്ധിക്കണം. മറ്റു ലോഹങ്ങൾ 70 ശതമാനം ആളുകൾ അലർജിയോ ഇൻഫെക്ഷനോ ഉണ്ടാക്കും. അസ്വസ്ഥതകൾ തോന്നിയാൽ എത്രയും പെട്ടെന്ന് ഡോക്ടറെ കാണുക. സ്വയം ചികിത്സ പാടില്ല.
* മുറിവ് പൂർണമായി ഉണങ്ങാതെ മൂക്കുത്തി ഇളക്കി മാറ്റരുത്. മാറ്റിയാൽ മൂക്കിലിട്ട തുള വേഗം അടഞ്ഞുപോകും.
* മൂക്ക് കുത്തിയിട്ട് തല തുവർത്തുമ്പോഴും മുടി ചീകുമ്പോഴും ഒക്കെ ശ്രദ്ധിക്കണം. മുടിയും കൈയും തട്ടി മൂക്കുത്തി വലിഞ്ഞ് വേദനയുണ്ടാകും. ചിലപ്പോൾ ചോര പൊടിഞ്ഞെന്നും വരാം.
* മൂക്കുകുത്തി ഒരു വിധം ഉണങ്ങുന്നത് വരെ മലർന്നു കിടന്ന് ഉറങ്ങുന്നതാണ് നല്ലത്. തലയിണയിലും ഷീറ്റിലും തട്ടി മൂക്കുത്തി വലിയാതിരിക്കും.
* മുഖം തുടയ്ക്കുമ്പോഴും തലവഴി ഉടുപ്പിടുമ്പോഴും മറ്റും മൂക്കുത്തി എവിടെയും ഉടക്കാതിരിക്കാൻ ശ്രമിക്കുക.
* സ്പിരിറ്റ് ഉപയോഗിച്ച് മൂക്കും പരിസരവും തുടയ്ക്കരുത്. അത് കൂടുതൽ ഇൻഫെക്ഷൻ ഉണ്ടാക്കുകയേ ചെയ്യൂ.
* സാധാരണ മൂന്നാഴ്ചയ്ക്കുളളിൽ മൂക്കു കുത്തിയത് ഉണങ്ങും. അതിന് ശേഷവും രക്തംവരൽ, നീര്, വീക്കം, ചൊറിച്ചിൽ, പഴുപ്പ് എന്നിവയുണ്ടെങ്കിൽ ഡോക്ടറെ കാണുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |