SignIn
Kerala Kaumudi Online
Monday, 16 May 2022 11.57 AM IST

ഓരോതവണയും മാറ്റുകൂടുന്നപ്രതിഭ,​ അവസാന നാടകം കൊച്ചിയിൽ

nedu

കൊച്ചി: സിനിമയിൽ പ്രശസ്തനായപ്പോഴും നെടുമുടി വേണു നാടകത്തെ മറന്നില്ല. ഏറ്റവും ഒടുവിൽ അദ്ദേഹം നാടകം അവതരിപ്പിച്ചത് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിലാണ്. 2008 സെപ്തംബറിൽ എറണാകുളം പ്രസ് ക്ലബിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ നാടകമേളയുടെ അവസാനദിവസം വേണുവും കൂട്ടരും കാവാലത്തിന്റെ 'അവനവൻ കടമ്പ' അവതരിപ്പിച്ചു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് ആയിരുന്നു വേദി. നാടാകാചാര്യൻ കാവാലം നാരായണപ്പണിക്കരുടെ 80–ാം പിറന്നാളിന് അദ്ദേഹത്തിന് പ്രണാമം എന്നനിലയ്ക്കായിരുന്നു പ്രസ് ക്ലബ് നാടകമേള അവതരിപ്പിച്ചത്. നാഷനൽ സ്‌കൂൾ ഒഫ് ഡ്രാമയുടെ റീജനൽ റിസോഴ്‌സ് സെന്ററുമായി സഹകരിച്ചായിരുന്നു.

സദസിൽ സൂചി കുത്താൻ ഇടമില്ലാത്തത്ര തിരക്കായിരുന്നു. നടൻ മുകേഷും മുൻ എം.എൽ.എ സുരേഷ് കുറുപ്പും ഉൾപ്പടെയുള്ള പ്രമുഖർ വേദിയിൽ ഒരുമൂലയിൽ ഇരുന്നു. കാണികൾക്കിടയിലാണ് വേണുവും സംഘവും നാടകം കളിച്ചത്. സിനിമാതിരക്കിലായതിനാൽ വേണു നാടകത്തിന് വരുമോയെന്ന് കാവാലം സംശയം പ്രകടിപ്പിച്ചതോടെ അദ്ദേഹത്തെ ക്ഷണിക്കുന്ന ചുമതല പ്രശസ്ത നാടകസംവിധായകനായ പ്രൊഫ. ചന്ദ്രദാസൻ ഏറ്റെടുത്തു. നാടകമെന്നു കേട്ടതോടെ സന്തോഷം കൊണ്ടുമതിമറന്ന വേണു ക്ഷണം സ്വീകരിച്ചുവെന്നു മാത്രമല്ല ജഗന്നാഥൻ, കൃഷ്ണൻകുട്ടി നായർ തുടങ്ങിയ പഴയ സഹനടൻമാരെ സംഘടിപ്പിക്കുന്ന ചുമതലയും ഏറ്റെടുത്തു. അവിസ്മരണീയമായ അനുഭവമായി ആ നാടകസന്ധ്യ മാറി.

 ആദ്യ നാടകത്തിൽ

മനം കവർന്നു

1971 ൽ ജൻമനാടായ കുറവിലങ്ങാടു വച്ചാണ് ചന്ദ്രദാസൻ വേണുവിനെ ആദ്യമായി കാണുന്നത്. കാവാലത്തിന്റെ തിരുവരങ്ങിന്റെ ആഭിമുഖ്യത്തിൽ അവനവൻ കടമ്പ അവതരിപ്പിക്കാനാണ് നാടകസംഘം അവിടെ എത്തിയത്. സ്കൂൾ കോമ്പൗണ്ടിലെ മരത്തിന്റെ ചുവട്ടിലായിരുന്നു അവതരണം. ജി.അരവിന്ദൻ, ഭരത് ഗോപി, കവി അയ്യപ്പപണിക്കർ,നട്ടുവം പരമേശ്വരൻ, ജഗന്നാഥൻ, കൃഷ്ണൻകുട്ടിനായർ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. തോളിൽ ഒരു സഞ്ചിയുമിട്ട് കോമ്പൗണ്ടിലൂടെ നടന്നുവന്ന കറുത്ത ഷർട്ട് ധരിച്ച ചെറുപ്പക്കാരൻ വേണുഗോപാൽ എന്ന് സ്വയം പരിചയപ്പെടുത്തി. രണ്ടു സംഘങ്ങൾ തമ്മിലുള്ള സംവാദത്തിലൂടെയാണ് നാടകം മുന്നോട്ടു നീങ്ങുന്നത്. രണ്ടു മണിക്കൂർ നേരം എങ്ങനെ പോയെന്ന് അറിയില്ല. കഥാപാത്രത്തിന്റെ നിസഹായതയും സരസതയും വേണു കൈകാര്യം ചെയ്യുന്നതു കണ്ട് അമ്പരന്നു. പിന്നീട് ഇതേ നാടകം അഞ്ചോ ആറോ വേദികളിൽ കൂടി കാണാൻ അവസരം ലഭിച്ചു. ഓരോ തവണയും കഥാപാത്രത്തെ വേണു വത്യസ്തമായി അവതരിപ്പിക്കുന്നത് അത്ഭുതത്തോടെ കണ്ടു നിന്നു. ഒന്നിൽ കൂടുതൽ മാനങ്ങളുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോഴാണ് വേണുവിന്റെ പ്രതിഭ അപ്പാടേ പുറത്തുവരുന്നത്. സിനിമയിൽ തിരക്കുള്ള നടനായപ്പോഴും അദ്ദേഹം നാടകവുമായുള്ള ബന്ധം നിലനിർത്തി. പ്രൊഫ. ചന്ദ്രദാസൻ പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM, NEDUMUDI
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.