SignIn
Kerala Kaumudi Online
Wednesday, 18 May 2022 10.38 PM IST

എട്ടു വർഷം ഒരു കട്ടിലിൽ ഒരുമിച്ചുറങ്ങിയ കൂട്ടുകാരൻ

fasil

41 വർഷമായി അണമുറിയാതെ തുടർന്നുപോരുന്ന ആത്മബന്ധമാണ് വേണുവുമായി എനിക്കുള്ളത്. അത് സിനിമാ ബന്ധം മാത്രമായിരുന്നില്ല. അതിനുമൊക്കെ എത്രയോ അപ്പുറമായിരുന്നു. അസുഖബാധിതനായി ഇപ്പോൾ ആശുപത്രിയിൽ പ്രവേശിച്ച ദിവസവും രാവിലെ ഞങ്ങൾ ഏറെ സമയം സംസാരിച്ചിരുന്നതാണ്. പെട്ടെന്ന് ഇങ്ങനെ വിട്ടുപോകുമെന്ന് കരുതിയില്ല.

ആലപ്പുഴ എസ്.ഡി.കോളേജിലെ വിദ്യാഭ്യാസ കാലത്താണ് ഞങ്ങൾ കലയുടെ കളരിയിലേക്ക് ഇറങ്ങുന്നത്. കാവാലം നാരായണപ്പണിക്കർ സാറിന്റെ സമിതിയായിരുന്നു ഞങ്ങളുടെ കളരി. എത്രയോ വേദികളിൽ ഒരുമിച്ച് വേഷമിട്ടു. അതിനുശേഷമാണ് മോണോആക്ടിന്റെ ലോകത്തേക്ക് കടക്കുന്നത്. അന്ന് മിമിക്രി അത്ര വലിയ പ്രചാരം നേടിയിട്ടില്ല.

അക്കാലത്ത് നെടുമുടിയിൽ നിന്ന് ആലപ്പുഴയിലെത്താൻ രണ്ടു കടത്തുകൾ കടക്കണം.അതിനാൽ എല്ലാ ദിവസവും അവിടെ നിന്ന് കോളേജിലേക്ക് എത്തുക പ്രയാസമാണ്. മിക്കപ്പോഴും ആലപ്പുഴ റബർ ഫാക്ടറിക്ക് സമീപമുള്ള എന്റെ കുടുംബവീട്ടിലാവും വേണു തങ്ങുക. അഭിനയവും കലാപ്രവർത്തനങ്ങളുമാണ് ഞങ്ങളുടെ ഇഴയടുപ്പം ദൃഢമാക്കിയത്. എട്ടുവർഷത്തോളമാണ് ഒരുകട്ടിലിൽ ഒരുമിച്ചുറങ്ങിയിട്ടുള്ളത്.

കോളേജ് വിദ്യാഭ്യാസത്തിനു ശേഷം വേണു തിരുവനന്തപുരത്തേക്ക് പോയതിനു പിന്നിൽ കാവാലത്തിന്റെ പ്രേരണയുമുണ്ടായിരുന്നു. നാടകത്തിന് കൂടുതൽ സമയം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഞാൻ സിനിമാ സ്വപ്നങ്ങളുമായി ഉദയാ സ്റ്റുഡിയോയിലേക്കും പോയി. തിരുവനന്തപുരത്തെത്തിയ വേണു കാവാലം നാരായണപ്പണിക്കരുടെ ദൈവത്താർ, അവനവൻ കടമ്പ തുടങ്ങിയ നാടകങ്ങളിലെ ഉജ്ജ്വല പ്രകടനത്തിലൂടെ വേഗത്തിൽ ശ്രദ്ധേയനായി. അരവിന്ദനും ഭരതനും പത്മരാജനുമെല്ലാം വേണുവിനെ വാരിപ്പുണർന്ന കാലം. ഞാനും എന്റെ ആദ്യ ചിത്രമായ 'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' തുടങ്ങുന്നത് ഏറക്കുറെ ഇതേ സമയത്താണ്. എന്റെ സിനിമയിൽ വേണു ഒരു വേഷം ചെയ്യണമെന്ന് എനിക്ക് നിർബ്ബന്ധമായിരുന്നു. വേണുവും സിനിമയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സമയമാണ്. ഞാൻ ഇക്കാര്യം വേണുവിനെ അറിയിച്ചു. കൊടൈക്കനാലിലെ ലൊക്കേഷനിൽ എത്തിയാണ് 'സെയ്തലവി ' എന്ന ചായക്കച്ചവടക്കാരന്റെ ചെറിയ വേഷം അദ്ദേഹം ചെയ്തത്. പിന്നീട് എന്റെ എത്രയോ സിനിമകളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

എല്ലാ സിനിമകളിലും ഒരുമിച്ച് സഹകരിച്ചിട്ടില്ലെങ്കിലും ഞങ്ങൾ തമ്മിലുള്ള ആദ്യകാല സ്നേഹബന്ധം ഒരു തരിപോലും കുറയാതെയാണ് തുടർന്നത്.മലയാള സിനിമയ്ക്കുണ്ടായ വലിയ നഷ്ടമാണ് വേണുവിന്റെ വിയോഗം. വ്യക്തിപരമായി എനിക്കുണ്ടായ തീരാനഷ്ടവും. അദ്ദേഹത്തിന്റെ ഓർമ്മകൾക്കു മുന്നിൽ സ്നേഹപൂർവ്വം പ്രണമിക്കട്ടെ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: GENARAL
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.