SignIn
Kerala Kaumudi Online
Saturday, 20 April 2024 1.40 AM IST

ഹരിശങ്കർ, പൊലീസിലെ ഷെർലക്...!

hari

തിരുവനന്തപുരം: പാമ്പിന്റെ കടിപ്പാടുകളിൽ പല്ലുകളുടെ വിടവ് കണക്കാക്കി എസ്.പി എസ്.ഹരിശങ്കർ നടത്തിയ അതിസങ്കീർണമായ അന്വേഷണം പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ പൊൻതൂവലാണ്. ദൃക്സാക്ഷികളും നേരിട്ടുള്ള തെളിവുകളുമില്ലാത്ത ഉത്ര വധക്കേസിൽ, ശാസ്ത്രീയ-സാഹചര്യ തെളിവുകൾ കൂട്ടിയിണക്കിയുള്ള അന്വേഷണം ഐ.പി.എസ് ട്രെയിനികൾക്കുള്ള പാഠപുസ്തകത്തിന് തുല്യമായി. തിരുവിതാംകൂർ ദേവസ്വം ബോർഡംഗമായിരുന്ന കെ.പി.ശങ്കരദാസിന്റെ മകനായ ഹരിശങ്കർ തിരുവനന്തപുരം പേട്ട സ്വദേശിയാണ്.

കിടപ്പുമുറിയിൽ രണ്ടുവട്ടം പാമ്പുകടിച്ചതും സംസ്കാരചടങ്ങിൽ സൂരജിന്റെ അസ്വാഭാവിക പെരുമാറ്റവും പൊലീസിൽ സംശയമുണ്ടാക്കി. അന്താരാഷ്ട്ര ജേർണലുകൾ പഠിച്ച് പാമ്പുകളുടെ സ്വഭാവം മനസിലാക്കുകയായിരുന്നു ആദ്യപടി. നിലത്തിഴയുന്ന അണലി പടികയറി മുകൾനിലയിലെത്തി കിടന്നുറങ്ങുന്നയാളെ കടിക്കില്ലെന്നും സന്ധ്യയ്ക്ക് മാത്രം ഇരതേടിയിറങ്ങുന്ന മൂർഖൻ പാതിരാത്രിയിൽ പ്രകോപനമില്ലാതെ വിഷം വമിച്ച് കടിക്കില്ലെന്നും മനസിലാക്കി.

സൂരജ് പാമ്പിനെ കൈയിലെടുത്തും മെരുക്കിയും നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് കണ്ടെടുത്തു. അണലി കടിച്ച് തിരുവല്ലയിലെ മെഡി.കോളേജിൽ ഉത്ര കിടക്കുമ്പോൾ ഐ.സി.യുവിന് പുറത്ത് മൂർഖനെ മെരുക്കുന്നതെങ്ങനെയെന്ന് യൂട്യൂബിൽ തിരയുകയായിരുന്നു സൂരജെന്ന് സൈബർ വിദഗ്ദ്ധർ കണ്ടെത്തി.

പാമ്പിനെ കാണുന്നതുപോലും പേടിയാണെന്ന് സൂരജ് പറഞ്ഞപ്പോൾ, പാമ്പിനെ കൈയിലെടുത്തു നിൽക്കുന്ന ചിത്രം ഹരിശങ്കർ കാട്ടിക്കൊടുത്തു.സൂരജ് കുറ്റം സമ്മതിച്ചെങ്കിലും ഡമ്മിയുണ്ടാക്കി കൈയിൽ കോഴിയിറച്ചി കെട്ടിവച്ച് മൂർഖനെക്കൊണ്ട് കടിപ്പിച്ച് അതിശക്തമായ ശാസ്ത്രീയ തെളിവുണ്ടാക്കി. ഡിവൈ.എസ്.പി എ.അശോകനും മികച്ച കുറ്റാന്വേഷകനെന്ന് പേരെടുത്തു.

ശാസ്ത്രീയ തെളിവ്

# മൂർഖന്റെ കടിപ്പാടിൽ പല്ലുകൾക്കിടയിൽ ശരാശരി 1.7സെ.മീ അകലമുണ്ടാവും. ആറടി നീളമുണ്ടെങ്കിൽ രണ്ട് സെ.മി വരെയാകാം. ഉത്രയുടെ ശരീരത്തിലെ രണ്ട് കടിപ്പാടുകളുടെ അകലം 2.3സെ.മീറ്ററും 2.8സെ.മീറ്ററുമായിരുന്നു. ഇത് ബലപ്രയോഗത്തിലൂടെയാണെന്ന് ഡെമ്മി പരീക്ഷണത്തിലൂടെ കണ്ടെത്തി.

#പ്രകോപനമുണ്ടായാലേ മൂർഖൻ വിഷം വമിച്ച് കടിക്കൂ. പത്തി വിടർത്തി പേടിപ്പിക്കൽ, ചീറ്റൽ, വിഷം വമിക്കാതെ കടിക്കൽ എന്നിവയാണ് ആദ്യപടി. ഉറങ്ങിക്കിടന്നയാളെ പ്രകോപനമില്ലാതെ കടിക്കില്ലെന്ന് തെളിയിച്ചു.

#മൂർഖനെ സൂക്ഷിച്ചിരുന്ന ജാർ കണ്ടെത്തി അതിലെ അവശിഷ്ടങ്ങളിൽ നിന്ന് ഡി.എൻ.എ ശേഖരിച്ചു. പാമ്പിന്റെ ശവം പോസ്റ്റുമാർട്ടം നടത്തിയും ഡി.എൻ.എ ശേഖരിച്ചു. രണ്ടും ഒന്നാണെന്ന് തെളിയിച്ചു.

പരാജയം പഠിച്ചു

നാഗ്പൂരിലും പൂനെയിലും സമാനമായ രണ്ടു കേസുകളിൽ പ്രതികൾ രക്ഷപെട്ടതെങ്ങനെയെന്ന് പഠിച്ചു. പാമ്പിനെ വാങ്ങിയതിനും മരിച്ചയാളും കൊന്നവരും ഒരുമിച്ചുണ്ടായിരുന്നതിനും തെളിവ് ലഭ്യമായിരുന്നു. പക്ഷേ, കടിപ്പിച്ചതാണെന്ന് കോടതിയെ ബോധ്യപ്പെടുത്താനായില്ല. ഈ പോരായ്മ മറികടക്കനാണ് ഡെമ്മി

യിൽ ഇറച്ചി കെട്ടിവച്ച് പാമ്പിനെ കൊണ്ട് കൊത്തിച്ച് തെളിവുണ്ടാക്കിയത്.

"ശാസ്ത്രീയ-സാഹചര്യ തെളിവുകളിലൂടെ കൊലപാതകമെന്ന് കോടതിയെ ബോധ്യപ്പെടുത്താനായി. എല്ലാ തെളിവുകൾക്കും കോടതിയിൽ മൂല്യമുണ്ടായി. പ്രതിക്ക് വധശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ."

എസ്.ഹരിശങ്കർ, എസ്.പി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: POLICE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.