ആലപ്പുഴ: നാടകവേദികളിൽ നെടുമുടി വേണുവിന് 'ദൈവത്താറി'ലെ 'കാലൻ കണിയാ'നോളം നിരൂപകപ്രശംസ നേടിക്കൊടുത്തൊരു കഥാപാത്രമുണ്ടാവില്ല. കുട്ടനാടൻ ശീലുകളും താളങ്ങളും ഒരുപോലെ നെഞ്ചേറ്റിയ രണ്ട് അതുല്യപ്രതിഭകളുടെ സംഗമം കൂടിയായിരുന്നു ദൈവത്താർ.
നാടിന്റെ പേര് ഒപ്പം കൂട്ടിയ കാവാലം നാരായണപ്പണിക്കരും നെടുമുടി വേണുവും. അടുത്ത സുഹൃത്തായ ഫാസിൽ സംവിധാനം ചെയ്ത 'വിചാരണ' എന്ന നാടകം ആലപ്പുഴയിലെ ഒരു നാടക മത്സരത്തിൽ അരങ്ങേറിയതാണ് പ്രതിഭകളുടെ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. വിധി കർത്താവായി കാവാലവും നടനായി നെടുമുടിയും. മികച്ച നടനെയും സംവിധായകനെയും കാവാലം തന്റെ നാടക കൂട്ടായ്മയിലേക്ക് ക്ഷണിച്ചു. അന്നുവരെ പരിചയിച്ച നാടകശീലുകളിൽ നിന്ന് അടിമുടി വ്യത്യസ്തമായിരുന്നു കാവാലത്തിന്റെ നാടക ശൈലിയെന്ന് നെടുമുടി വേണു തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ടും കുട്ടനാടിന്റെ താളമെന്ന വികാരം ഇരു കണ്ണികളെയും ഇണക്കിച്ചേർത്തു.
അങ്ങനെ മുന്നിൽ കർട്ടനോ, രംഗം മാറുന്നതനുസരിച്ച് മാറുന്ന പിൻദൃശ്യങ്ങളോ ഇല്ലാത്ത 'ദൈവത്താറി'ലെ കാലൻ കണിയാരെന്ന വേഷം നെടുമുടി കെട്ടിയാടി. ആലപ്പുഴ എസ്.ഡി.വി സ്കൂളിലെ കാവ്യപ്രമുഖരടങ്ങുന്ന സദസിലായിരുന്നു അരങ്ങേറ്റം. കാവാലത്തിന്റെ നാടകവേദി തിരുവനന്തപുരത്തേക്ക് ചേക്കേറിയപ്പോൾ വേണുവിനെയും ഒപ്പം കൂട്ടി. വരുമാനത്തിനായി ലേഖകന്റെ ജോലിയും വാങ്ങി നൽകി. തന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത് കാവാലമാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇരുവരും കാലയവനികയ്ക്ക് പിന്നിൽ മാഞ്ഞു.