അമ്പലപ്പുഴ: വേണുഗോപാൽ ആലപ്പുഴ എസ്.ഡി കോളേജിൽ ബി.എ പഠനത്തിന് എത്തിയതും വേണുവിന്റെ കലാപ്രകടനം കണ്ട് പാർത്ഥസാരഥി അയ്യങ്കാർ വിസ്മയിച്ചതും തനിക്ക് മറക്കാൻ കഴിയില്ലെന്ന് പ്രൊഫ. ജി. ബാലചന്ദ്രൻ അനുസ്മരിച്ചു. ഒരു ദിവസം ഉച്ചക്ക് ഊണും കഴിഞ്ഞ് വരുമ്പോൾ കോളേജ് വരാന്തയിൽ സാറിന്റെ ശബ്ദവും ഭാവവും കുട്ടികളുടെ മുന്നിൽ അനുകരിക്കുന്നത് കണ്ട് താൻ ചിരിച്ചപ്പോൾ അയ്യോ ബാലചന്ദ്രൻ സർ എന്നുപറഞ്ഞ് ഓടി മറയുന്ന വേണുവിന്റെ രൂപം ഇന്നും ഓർക്കുന്നു. ആകാശവാണിയിലെ നാടക പരിപാടിക്ക് ഫാസിലും വേണുവും കൊമേഴ്സ് അദ്ധ്യാപകൻ സുബ്രഹ്മണ്യനും താനും ചേർന്നാണ് പോയത്. ചിരിപ്പിക്കാൻ പറ്റുന്നതെന്തെങ്കിലും വേണമെന്ന് ആകാശവാണിക്കാർ പറഞ്ഞപ്പോൾ ഇരുവരും ചേർന്ന് പെട്ടെന്ന് ഒരു സ്കിറ്റ് തയ്യാറാക്കി. വേണു മണ്ടൻ മുസ്തഫയും ഫാസിൽ ചേട്ടനുമായി. ഇരുവരുടെയും കന്നി അരങ്ങേറ്റമായിരുന്നു ഇത്. പിന്നീട് അഭിനയകുലപതിയായി വേണു നെടുമുടി എന്ന ദേശം അനശ്വരമാക്കി.