SignIn
Kerala Kaumudi Online
Friday, 29 March 2024 8.30 PM IST

മന്ത്രവാദം മറയാക്കി തട്ടിപ്പ് ജോയ്സ് ഒടുവിൽ പിടിയിൽ

nvbbhbn

ഇടുക്കി : ആഭിചാരത്തിനും ദുർമന്ത്രവാദത്തിനും പഞ്ഞവുമില്ലാത്ത നാടാണ് നമ്മുടേത്. പ്രശ്നപരിഹാരത്തിനും ശത്രുദോഷം അകറ്റാനുമൊക്കെ ഇത്തരത്തിലുള്ള ക്രിയകളിൽ ഏർപ്പെടുന്ന നിരവധി പേരുണ്ട്. ചാത്തനും മാടനും മറുതയും തുടങ്ങി പേരറിയാത്ത നിരവധി രൂപങ്ങളുടെ സാമീപ്യത്തിൽ ഇത്തരംകർമ്മങ്ങളിലൂടെ ദോഷങ്ങൾ ഒഴിപ്പിക്കാമെന്നും പ്രശ്നപരിഹാരമുണ്ടാക്കാമെന്നുമുള്ള വാഗ്ദാനങ്ങളിൽപ്പെട്ടുപോകുന്ന ധാരാളം പേർ ഇപ്പോഴുമുണ്ട്. ഇത് മറയാക്കി ആഭിചാരക്രിയകളുടെയും ദുർമന്ത്രവാദത്തിന്റെയും പേരിൽ ആളുകളിൽ നിന്ന് സ്വർണവും പണവും തട്ടിയെടുക്കുന്നത് പതിവാക്കിയ തട്ടിപ്പുകാരൻ ഒടുവിൽ ഇടുക്കിയിൽ പൊലീസിന്റെ വലയിലായി.

മന്ത്രവാദത്തിന്റെ പേരിൽ ഹൈസ്കൂൾ അദ്ധ്യാപികയെ കബളിപ്പിച്ച് മൂന്ന് പവന്റെ മാല തട്ടിയെടുത്ത സംഭവത്തിൽ ഇടുക്കി കട്ടപ്പന ചെമ്പകപ്പാറ മുണ്ടത്താനത്ത് ജോയ്സ് ജോസഫിനെയാണ് (29) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈസ്കൂൾ അദ്ധ്യാപികയായ ആർപ്പൂക്കര സ്വദേശിനിയുടെ സ്വർണമാലയാണ് നഷ്ടപ്പെട്ടത്.

സമൂഹമാദ്ധ്യമത്തിലൂടെ

പരിചയപ്പെടും,​ തട്ടിപ്പിൽ കുടുക്കും

പത്താംക്ളാസ് വരെ പഠിച്ച് നാട്ടിൽ ചില ചുറ്റിക്കളികളുമായി കറങ്ങി നടന്ന ജോയ്സ് ഏതാനും വർഷം മുമ്പ് നാടുവിട്ടു. വർഷങ്ങൾ കഴിഞ്ഞ് തിരികയെത്തിയത് മന്ത്രവാദവും പ്രശ്നപരിഹാര ക്രിയകളും പരിശീലിച്ചതായി നാട്ടുകാരെ പറഞ്ഞ് വിശ്വസിപ്പിച്ചുകൊണ്ടാണ്. ഫേസ് ബുക്കിലൂടെ ഇത്തരം തട്ടിപ്പുകളിൽ ആളുകളെ കുടുക്കാനുള്ള തന്ത്രങ്ങളും ജോയ്സ് പയറ്റുകയും ചെയ്തു. തട്ടിപ്പിനിരയായ അദ്ധ്യാപികയെ ജോയ്സ് കുടുക്കിയതും ഫേസ് ബുക്ക് സൗഹൃദത്തിലൂടെ തന്നെയാണ്. ഫേസ് ബുക്കിലെ സൗഹൃദാഭ്യർത്ഥനയിൽ വീണുപോയ അവരുമായി നിരന്തരം ചാറ്റ് ചെയ്ത് കുടുംബപരവും വ്യക്തിപരവുമായ വിവരങ്ങൾ മനസിലാക്കിയ ജോയ്സ് അദ്ധ്യാപികയ്ക്ക് ജാതകവശാലും ഗൃഹസംബന്ധമായും ദോഷങ്ങളുള്ളതായി ധരിപ്പിച്ചു. ഇതിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ മരണം വരെ സംഭവിക്കാമെന്ന് അറിയിച്ചതോടെ അവർ തട്ടിപ്പിന്റെ ചൂണ്ടയിൽ കുരുങ്ങി.

സ്വർണമാലയ്ക്ക് പകരം കിട്ടിയത്

കടലയും മ‍ഞ്ചാടിക്കുരുവും

അദ്ധ്യാപികയുടെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ചില ബാധകളാണെന്ന് വിശ്വസിപ്പിച്ചായിരുന്നു ജോയ്സിന്റെ തട്ടിപ്പ്. ചില പൂജകൾ നടത്തിയാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നും ബാധകളെ ഒഴിപ്പിക്കാനാകുമെന്നും ജോയ്സ് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചു.

ഇതിന്റെ ഭാഗമായി പൂജകൾ ആരംഭിച്ചു. ആദ്യം പൂജകൾ നടത്തുന്നതിനിടെ വെള്ളി ആഭരണം ആവശ്യപ്പെട്ടു. വെള്ളിമാലയാണ് ഇവർ നൽകിയത്. ജോയ്സ് ചെറിയ കുടത്തിൽ ഈ മാല ഇട്ട് പൂജകൾ നടക്കുന്ന സ്ഥലത്തു വച്ചു. തുടർന്ന് കണ്ണടച്ചു പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു. പൂജകൾ കഴിഞ്ഞ് വെള്ളിമാല തിരിച്ചുകൊടുത്തു. പിന്നീട് മറ്റൊരു കുടത്തിൽ പൂജാസാധനങ്ങൾക്കൊപ്പം സ്വർണമാല ഇടാൻ ആവശ്യപ്പെട്ടു. മൂന്നു പവന്റെ സ്വർണമാല ഊരി ഈ കുടത്തിലിട്ടു. ഇതിനു ശേഷം കണ്ണടച്ചു പ്രാർഥിക്കാൻ ആവശ്യപ്പെട്ടു. മാലയിട്ട കുടം അടച്ച് തിരികെ ഏൽപ്പിച്ചു. രണ്ടു ദിവസം കഴിഞ്ഞു മാത്രമേ കുടം തുറക്കാവൂവെന്ന് പറഞ്ഞ് ജോയ്സ് സ്ഥലംവിട്ടു. രണ്ട് ദിവസം കഴിഞ്ഞ് തുറക്കുന്നതിന് മുമ്പായി ജോയ്സിനെ അദ്ധ്യാപിക വിളിച്ചപ്പോൾ ബാധ പൂർണമായും ഒഴിഞ്ഞുപോയിട്ടില്ലെന്നും കുറച്ച് സമയം കൂടി എടുക്കുമെന്നും പറഞ്ഞു.

അഞ്ച് ദിവസം കഴിഞ്ഞ് കുടം തുറന്നാൽ മതിയെന്ന് അറിയിച്ചു. അഞ്ചാം ദിവസം വിളിച്ചപ്പോൾ ബാധ ഒഴിഞ്ഞുപോകാൻ ചില കർമ്മങ്ങൾ കൂടി താൻ നടത്തിയിട്ടുണ്ടെന്നും മൂന്നാഴ്ച കൂടി കാത്തിരിക്കണമെന്നും നിർദേശിച്ചു. സംശയം തോന്നിയ അദ്ധ്യാപിക കുടം തുറന്നപ്പോൾ സ്വർണമാലയ്ക്ക് പകരം കടല, മ‍ഞ്ചാടിക്കുരു, രുദ്രാക്ഷം എന്നിവയാണ് ഉണ്ടായിരുന്നത്. തുടർന്ന് ഇവർ പൊലീസിൽ നൽകിയ പരാതിയിലാണ് ജോയ്സ് കുടുങ്ങിയത്.

ആളെ പിടിക്കാൻ

വാട്സ് ആപ്പ് കൂട്ടായ്മ

ഭൂതപ്രേതപിശാചുക്കളെ വരച്ച വരയിൽ നിർത്തുന്ന ദുർമന്ത്രവാദം, നെഗറ്റീവ് എനർജി ഇല്ലാതാക്കുന്നതിനുള്ള കർമ്മം ... മന്ത്രവാദത്തിന്റെ പേരിൽ ഹൈസ്കൂൾ അദ്ധ്യാപികയുടെ മാല തട്ടിയെടുത്ത കേസിൽ ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്ത ജോയ്സ് ജോസഫിന്റെ (29) മൊബൈൽ ഫോണിൽ ഇത്തരം തട്ടിപ്പുകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും കണ്ട് പൊലീസും അമ്പരന്നു. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പ്രതി അദ്ധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചത്. ഡേവിഡ് ജോൺ എന്നായിരുന്നു ഫേസ്ബുക്കിലെ പേര്. സമാനമായ രീതിയിൽ നിരവധി സ്ത്രീകളെ പ്രതി കബളിപ്പിച്ചതായുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ് ജോയ്‌സ് ജോസഫ്. ഒട്ടേറെ പേരാണ് ജോയ്സിന്റെ സൗഹൃദപ്പട്ടികയിൽ ഉണ്ടായിരുന്നത്.

ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി പല ജില്ലകളിൽ നിന്നുള്ള നൂറു കണക്കിനു പേരാണ് വാട്സ് ആപ്പ് കൂട്ടായ്മയിലെ അംഗങ്ങൾ. ദുർമന്ത്രവാദം, പരിഹാരക്രിയകൾ എന്നിവയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവച്ചിരിക്കുന്നത് ഒട്ടേറെ പേരാണ്. പ്രേതശല്യം, ബാധ ഒഴിപ്പിക്കൽ തുടങ്ങിയ അനുഭവങ്ങൾ സ്ത്രീകൾ ഉൾപ്പെടെ വാട്സ് ആപ്പ് കൂട്ടായ്മയിൽ പങ്കുവച്ചിട്ടുണ്ട്. ജില്ലയിൽ ഒട്ടേറെപ്പേർ ഇത്തരം ദുർമന്ത്രവാദത്തിന്റെ പേരിൽ തട്ടിപ്പുകളിൽ വീണിട്ടുണ്ടെന്ന് ഫോൺ രേഖകളിൽ നിന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാൽ പരാതി നൽകാൻ ഇവർ മുന്നോട്ടു വന്നിട്ടില്ല. പരാതി ഇല്ലെങ്കിലും ഫോണിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത്തരം തട്ടിപ്പുകൾ അന്വേഷിക്കുമെന്ന് ഡിവൈ.എസ്.പി ജെ. സന്തോഷ് കുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.