നടനുവേണ്ട പ്രധാനഗുണം രൂപസൗന്ദര്യമാണെന്ന സങ്കല്പത്തെ പൊളിച്ചെഴുതിയാണ് നെടുമുടി വേണു എന്ന കലാകാരൻ മലയാളസിനിമയിൽ രംഗപ്രവേശം ചെയ്തത്. തുടർന്ന് അദ്ദേഹം അവതരിപ്പിച്ച വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ അഭിനയകലയുടെ അത്ഭുത പ്രപഞ്ചങ്ങൾ തുറന്നുകാട്ടിയെന്നു മാത്രമല്ല ഇന്ത്യൻ സിനിമകണ്ട എക്കാലത്തെയും മികച്ച നടൻമാരിലൊരാളായി വേണുവിന്റെ പരിണാമത്തിനാണ് ചായമിട്ടത്. പത്രപ്രവർത്തനവും നാടകവും സംഗീതവും സിനിമയുമെല്ലാം ഒരുപോലെ വഴങ്ങിയ വേണു ജീവിതത്തിന്റെ അരങ്ങൊഴിയുമ്പോൾ വലിയൊരു കാലത്തിന്റെ ഓർമ്മകളാണ് ബാക്കിയാകുന്നത്. അപ്രതീക്ഷിതമായ ആ വേർപാടിന്റെ നഷ്ടം പറഞ്ഞറിയിക്കാനാവില്ല.
ജനിച്ചുവളർന്ന കുട്ടനാടിന്റെ ഹൃദയതാളം ഏറ്റുവാങ്ങിയാണ് വേണുവിലെ കലാകാരൻ ചുവടുകൾ വച്ചത്. വയലേലകളിലെയും നാട്ടുപാതകളിലെയും മണ്ണിന്റെ ഈർപ്പവും നാടൻ പാട്ടുകളുടെ ഈണവും ഉള്ളിലാവാഹിച്ച വേണുവിന് പല കഥാപാത്രങ്ങളേയും പാകപ്പെടുത്താൻ ജീവിതാനുഭവങ്ങളുടെ മാതൃകകളുണ്ടായിരുന്നു. നെടുമുടി പോലൊരു ഗ്രാമത്തിൽ ജനിച്ചതും, മകൻ കലാകാരനാകുന്നതിൽ അഭിമാനിച്ച അച്ഛന്റെയും ആ അച്ഛന് എല്ലാ പിന്തുണയും നൽകിയ അമ്മയുടെയും മകനായതും തന്റെ മഹാഭാഗ്യങ്ങളാണെന്ന് വേണു പറഞ്ഞിട്ടുണ്ട്.
സാഹിത്യത്തിലും അഭിനയത്തിലും സംഗീതത്തിലും നൃത്തത്തിലും താളവാദ്യങ്ങളിലും നേടിയ നൈസർഗികമായ വൈദഗ്ദ്ധ്യമാണ് നെടുമുടി വേണു എന്ന നടനെ അതുല്യനാക്കുന്നത്. ആഴമാർന്നതും വൈവിദ്ധ്യമാർന്നതുമായ ഭാവങ്ങളെ അത്യന്തം സൂക്ഷ്മമായും അനായാസമായും പ്രകാശിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് വേണുവിനെ മറ്റു നടൻമാരിൽനിന്ന് വ്യത്യസ്തനാക്കി ഉയരങ്ങളിൽ പ്രതിഷ്ഠിക്കുന്നത്. നവരസങ്ങളുടെ ചാരുത പ്രകടമാക്കുന്നതായിരുന്നു ആ ശൈലി. കുട്ടിക്കാലത്തുതന്നെ നാടകവും താളവാദ്യങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയ വേണുവിലെ നടനെ മറ്റൊരു തലത്തിലേക്ക് മാറ്റിയെടുത്തത് കാവാലം നാരായണപ്പണിക്കരുടെ തനതു നാടകങ്ങളായിരുന്നു. അവനവൻ കടമ്പയും ദൈവത്താറുമൊക്കെ പതിവ് നാടകമാതൃകകളെ മാറ്റിയെഴുതിയപ്പോൾ അതിലൂടെ വേണുവിലെ നടനും വളരുകയായിരുന്നു. ഈ കാലയളവിൽ കേരളകൗമുദി പ്രസിദ്ധീകരണങ്ങളിൽ ലേഖകനായും അദ്ദേഹം പ്രവർത്തിച്ചു. കലാരംഗത്തെ പ്രതിഭകളുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ അത് അവസരമൊരുക്കിയെന്ന് വേണു എപ്പോഴും പറയുമായിരുന്നു. വലിയ സൗഹൃദങ്ങളുടെ ആ കാലമാണ് വേണുവിന് സിനിമയിലേക്കും വഴിയൊരുക്കിയത്. ജി.അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലാണ് വേണു സിനിമയിൽ ആദ്യമായി വേഷമിട്ടത്. ആരവം എന്ന ചിത്രത്തിൽ കമലഹാസനായി മാറ്റിവച്ച മരുത് എന്ന കഥാപാത്രത്തെ സംവിധായകൻ ഭരതൻ വേണുവിന് നൽകിയപ്പോൾ നടനവൈഭവം പീലിവിടർത്തിയാടുന്ന കാഴ്ചയാണ് ചലച്ചിത്രലോകം കണ്ടത്. ആ ചിത്രത്തിൽ കാവാലം എഴുതിയ മുക്കൂറ്റി തിരുതാളി എന്ന പാട്ടിനൊപ്പം ആടിക്കളിക്കുന്ന വേണുവിന്റെ മരുതിനെ ഒരിക്കലും മറക്കാനാവില്ല. ഭരതനും പദ്മരാജനും ചേർന്നൊരുക്കിയ തകരയിലെ ചെല്ലപ്പനാശാരിയിലൂടെ നെടുമുടി വേണു മലയാള സിനിമയിൽ തന്റെ മേൽവിലാസമുറപ്പിച്ചു. നടുവിനൊരു പിടുത്തമിട്ട് പിൻഭാഗം കുറച്ചു പിറകോട്ടുതള്ളി കൈയ്യിൽ മുഴക്കോലും സഞ്ചിയുമായി ഒരു പ്രത്യേകതാളത്തിൽ നടക്കുന്ന ആശാരിയെക്കണ്ട് പ്രേക്ഷകർ ഹരംകൊണ്ടു കൈയടിച്ചു. തുടർന്ന് എത്രയെത്ര വേഷങ്ങൾ. ഭരതന്റെ തന്നെ ചാമരത്തിലെ പുരോഹിതനായ വിദ്യാർത്ഥി,മോഹന്റെ വിടപറയും മുമ്പെയിലെ സേവ്യർ,മംഗളം നേരുന്നു, രചന എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ. പദ്മരാജന്റെ ഒരിടത്തൊരു ഫയൽവാനിലെ മേസ്തിരി, കള്ളൻ പവിത്രൻ തുടങ്ങി വേണു അവിസ്മരണീയമാക്കിയ റോളുകൾ എണ്ണമറ്റതാണ്. ലെനിൻ രാജേന്ദ്രന്റെ വേനലിൽ അയ്യപ്പപ്പണിക്കരുടെ പകലുകൾ രാത്രികൾ എന്ന കവിത ചൊല്ലി കേരളത്തിലെ കാമ്പസുകളെയും വേണു കൈയ്യിലെടുത്തു. ഭരതന്റെ തന്നെ ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, മർമ്മരം, സിബി മലയിലിന്റെ ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, തുടങ്ങി വേണു അവതരിപ്പിച്ച കഥാപാത്രങ്ങൾ ഓരോന്നും ഒന്നിനൊന്നു മികച്ചതായിരുന്നു. ഗൗരവമേറിയതും ഹാസ്യപ്രധാനമായതുമായ ഏത് വേഷവും വേണുവിനു ചേരുമായിരുന്നു. പ്രിയദർശന്റെ ഉൾപ്പെടെയുള്ള ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. അമ്പട ഞാനെയിലെ പടുവൃദ്ധനടക്കം പലപ്രായങ്ങളിലുള്ള കഥാപാത്രങ്ങളെയും അദ്ദേഹം മനോഹരമാക്കി.
മികച്ച നടനുള്ള സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള വേണുവിന് ഏറ്റവും മികച്ച നടനുള്ള ദേശീയ അവാർഡ് കിട്ടാതെ പോയതിന്റെ കാരണം ഇന്നും വ്യക്തമല്ല.പലപ്പോഴും അന്തിമ പരിഗണനയിൽ വേണുവിന് അർഹതപ്പെട്ട ദേശീയ അവാർഡുകൾ പലതും പ്രത്യേക പരാമർശങ്ങളായി ഒതുങ്ങി. ഒരു കലാകാരന് ലഭിക്കേണ്ട ഏറ്റവും വലിയ ആദരമായ ജനങ്ങളുടെ അംഗീകാരം ആവോളം ലഭിച്ചിട്ടുള്ളതിനാൽ അതേക്കുറിച്ചൊരിക്കലും വേണു പരിഭവം പറഞ്ഞില്ല. മലയാളത്തിനു പുറമെ തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഏറ്റവുമൊടുവിൽ രാജീവ് മേനോന്റെ സർവം താളമയം എന്ന ചിത്രത്തിൽ മൃദംഗവിദ്വാൻ ഉമയാൾപുരം ശിവരാമനെ അനുസ്മരിപ്പിക്കുന്ന വേമ്പു അയ്യരെന്ന കഥാപാത്രം ഇതിൽ എടുത്തുപറയേണ്ടതാണ് .
നടനത്തിനു പുറമെ വേണു സിനിമയ്ക്ക് കഥയും തിരക്കഥയും രചിക്കുകയും സംവിധായകന്റെ കുപ്പായം അണിയുകയും ചെയ്തിട്ടുണ്ട്. സമാന്തര സിനിമകളിലും വാണിജ്യ സിനിമകളിലും മടികൂടാതെ അഭിനയിച്ച വേണു ദക്ഷിണേന്ത്യൻ ചലച്ചിത്രവേദിയിലെയും നാടകലോകത്തിലെയും അതുല്യനടൻമാരുടെ നിരയിൽ വരുന്ന അസാധാരണ നടനാണ്. പരകായപ്രവേശം എന്ന മാന്ത്രികസിദ്ധിയാണ് നെടുമുടി വേണു അവതരിപ്പിച്ച കഥാപാത്രങ്ങളെ നിത്യവിസ്മയങ്ങളാക്കുന്നത്. നെടുമുടി പിറവിയിലേ പൂർണനായ കലാകാരനാണ്.നെടുമുടി വേണുവിന് പകരം വയ്കാൻ നെടുമുടി വേണു മാത്രമേയുള്ളൂ. ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരളകൗമുദി കുടുംബത്തിലെ ഒരംഗത്തിന്റെ വേർപാടാണിത്. ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകന്റെ നിത്യസ്മരണയ്ക്കു മുന്നിൽ പ്രണാമമർപ്പിക്കുകയും സന്തപ്ത കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.