കൊല്ലം: സാക്ഷികൾ ഇല്ലെങ്കിലും ഉത്രയെ സൂരജ് കൊന്നതാണെന്ന് പൊലീസിന് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു. എന്നാൽ, ശിക്ഷ ഉറപ്പാക്കാൻ കോടതിയിൽ സമർപ്പിക്കേണ്ട ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുക എന്നത് വലിയ വെല്ലുവിളിയായി. മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് തെളിയിക്കാൻ യഥാർത്ഥ പാമ്പിനെ ഉപയോഗിച്ച് ഡമ്മി ശരീരത്തിൽ പരീക്ഷണം നടത്താൻ തീരുമാനിച്ചത് അതുകൊണ്ടാണ്. ഉറക്കത്തിലായ ഒരാളെ പാമ്പ് കടിക്കുമോ? ഏത് സാഹചര്യത്തിലാകും കടിച്ചിട്ടുണ്ടാവുക? സ്വാഭാവികമായും പ്രകോപനമുണ്ടാക്കിയും കടിച്ചാലുണ്ടാകുന്ന മുറിവുകളുടെ ആഴമെത്ര? ഈ ചോദ്യങ്ങൾക്ക് കോടതി മുമ്പാകെ അന്വേഷണ സംഘം സമർപ്പിച്ചത് ഡമ്മി പരീക്ഷണത്തിന്റെ ദൃശ്യങ്ങളും വിവരണങ്ങളുമാണ്. സൂരജ് പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചതാണെന്ന് കോടതി നിരീക്ഷിക്കാൻ ഇത് ഉപകരിച്ചു.
ഉത്ര മരിച്ചതിന്റെ രണ്ടാംദിനം സൂരജിന്റെ മുറിയിൽ നിന്ന് ഉറക്ക ഗുളികകൾ പൊലീസ് കണ്ടെടുത്തിരുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലത്തിൽ ഇവയുടെ അംശം കണ്ടെത്താനായത് അന്വേഷണത്തിന് ഗുണംചെയ്തു. ഉത്രയെ മയക്കിക്കിടത്തിയശേഷമാണ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചതെന്ന് തെളിയിക്കാൻ പരിശോധനാ ഫലങ്ങൾ ഉപകരിച്ചു.
''
സൂരജിന്റെ ബന്ധുക്കൾക്ക് കൊലപാതകത്തിൽ പങ്കില്ലെന്ന് പൂർണ ബോദ്ധ്യം വന്നിരുന്നു. കേസിൽ കിറുകൃത്യമായ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയത്. അതാണ് അന്വേഷണത്തിന്റെ വിശ്വാസ്യതയും.
-ഹരിശങ്കർ, എ.ഐ.ജി- പൊലീസ് ഹെഡ് ക്വാർട്ടേഴ്സ്