SignIn
Kerala Kaumudi Online
Tuesday, 23 April 2024 7.12 PM IST

കാലത്തിന്റെ ചുമരിലെ മായാത്ത വരപ്പാടുകൾ

ee

മലയാള കാർട്ടൂൺ രംഗത്ത് സജീവസാന്നിദ്ധ്യമായി നിലനിന്ന പ്രതിഭാധനനായ കാർട്ടൂണിസ്റ്റായിരുന്നു യേശുദാസൻ.ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ കാർട്ടൂണിസ്റ്റ് ശങ്കറിന്റെ വൽസലശിഷ്യനായിരുന്നു അദ്ദേഹം. ആറു പതിറ്റാണ്ടുകാലം വരയെ വരദാനമാക്കിയ മലയാളത്തിന്റെ കാർട്ടൂൺ കാരണവർ വിടപറഞ്ഞിരിക്കുന്നു. കാലത്തിന്റെ ചുമരിൽ കറുപ്പിലും വെളുപ്പിലും കോറിയിട്ട ചരിത്രരേഖകളായി അദ്ദേഹത്തിന്റെ കാർട്ടൂണുകൾ എന്നെന്നും നിലനിൽക്കും.

ശങ്കർ എന്ന കർക്കശക്കാരനായ കാരണവരുടെ കളരിയിലെ പാഠങ്ങൾ അദ്ദേഹം വരയിൽ വ്രതം പോലെ പിന്തുടർന്നു.അബു എബ്രഹാം, ഒ.വി വിജയൻ, കുട്ടി,സാമുവൽ,ബാലൻ തുടങ്ങി ശങ്കേഴ്സ് വീക്കിലിയെന്ന കാർട്ടൂൺ സർവകലാശാലയിൽനിന്ന് പുറത്തിറങ്ങിയ പ്രഗൽഭ മലയാളി കാർട്ടൂണിസ്റ്റുകളിൽ യേശുദാസനെപ്പോലെ അരനൂറ്റാണ്ടിലധികം സംസ്ഥാനദേശീയരാഷ്ട്രീയത്തിലെ ഗതിവിഗതികൾ കറുപ്പിലും വെളുപ്പിലും അടയാളപ്പെടുത്താൻ സാധിച്ച മറ്റൊരു കാർട്ടൂണിസ്റ്റ് ഇല്ല. നെഹ്‌‌റു മുതൽ മോദി വരെ, ഇ.എം.എസ് മുതൽ പിണറായി വിജയൻ വരെ.നിരവധി ഭരണാധികാരികളും രാഷ്ട്രീയമാറ്റങ്ങളും അദ്ദേഹത്തിന്റെ വരകളിൽ നിറഞ്ഞു. വിജയനും അബുവും കുട്ടിയും ശങ്കറിന്റെ പാരമ്പര്യ രീതികളിൽനിന്ന് വഴിമാറി പുതിയ രചനാ ശൈലികൾ രൂപപ്പെടുത്തിയപ്പോഴും ഡേവിഡ് ലോയും ശങ്കറും പിൻപറ്റിയ വരയിലെ ക്ലാസിക് ശൈലി യേശുദാസൻ അണുവിടാതെ മുറുകെ പിടിച്ചു.

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്‌ക്കെതിരെ നടന്ന വിമോചനസമരകാലത്ത് സർക്കാരിനെ അതിനിശിതമായി വിമർശിക്കുന്ന കാർട്ടൂണുകൾ പ്രാധാന്യത്തോടെ പത്രങ്ങൾ പ്രസിദ്ധീകരിച്ചു.കെ എസ് പിള്ളയടക്കം അക്കാലത്തെ പ്രമുഖ കാർട്ടൂണിസ്റ്റുകളെല്ലാം കമ്മ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലായിരുന്നു. കമ്മ്യൂണിസ്റ്റ് വിരുദ്ധ നീക്കങ്ങൾക്ക് സിപിഐ മുഖപത്രമായ ജനയുഗം കാർട്ടൂണിലൂടെ തന്നെ മറുപടി നൽകി. യേശുദാസന്റെ കിട്ടുമ്മാവനിലൂടെ വിമോചന സമരത്തേയും മന്നത്ത് പത്മനാഭനേയും സരസമായി കളിയാക്കി ജനയുഗം ശക്തമായ പ്രതിരോധം തീർത്തു.അതിരൂക്ഷ വിമർശനം അഴിച്ചു വിട്ടായിരുന്നു കിട്ടുമ്മാവന്റെ തുടക്കം.

ee

കേരള കാർട്ടൂൺ ചരിത്രത്തിൽ മറ്റൊരു കഥാപാത്രത്തിനും അന്നോളം ലഭിക്കാത്ത വരവേല്പ് കിട്ടുമ്മാവന് ലഭിച്ചു.കിട്ടുമ്മാവനെന്ന മുഖ്യ കഥാപാത്രത്തോടൊപ്പം പൈലി, കാർത്ത്യായനി, പാച്ചരൻ ഭാഗവതർ, ചെവിയൻ പപ്പു, കാഥികൻ കിണറ്റുകുഴി, അയൽക്കാരൻ വേലുപിള്ള, ചായക്കടക്കാരൻ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി പല കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഇത്രയേറെ കഥാപാത്രങ്ങൾ ഒരു പോക്കറ്റ് കാർട്ടൂണിൽ ഉണ്ടായിട്ടില്ല എന്നത് പ്രത്യേകതയാണ്. കമ്മ്യൂണിസ്റ്റ് ജാഥകളിൽ ഈ കാർട്ടൂൺ കഥാപാത്രങ്ങളുടെ വേഷം ധരിച്ച് പ്രവർത്തകർ പങ്കെടുക്കുമായിരുന്നു. സ്ഥിരം കഥാപാത്രത്തെ കേന്ദ്രീകരിച്ച് മലയാളത്തിൽ തുടർച്ചയായി പത്രത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ലക്ഷണമൊത്ത ആദ്യപോക്കറ്റ് കാർട്ടൂൺ കോളം യേശുദാസന്റെ കിട്ടുമ്മാവനാണ്.

ശങ്കേഴ്സ് വീക്ക്ലി,ജനയുഗം,അസാധു,ടക് ടക് തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചതിനുശേഷമാണ് യേശുദാസൻ മലയാള മനോരമയിൽ കാർട്ടൂണിസ്റ്റായി ചേരുന്നത്. മലയാളികൾക്ക് ചിരിയുടെ പൂക്കാലം സമ്മാനിച്ച ബോബനും മോളിയുടെയും സൃഷ്‌ടാവ് റ്റോംസിനൊപ്പം മലയാളമനോരമ പത്രത്തിന്റെ മുഖമുദ്ര‌യായി മാറാനും യേശുദാസന്റെ കാർട്ടൂണുകൾക്ക് സാധിച്ചു. ബോബനും മോളിയും കേസിനെത്തുടർന്ന് റ്റോംസ് മനോരമയിൽ നിന്ന് വഴി പിരിഞ്ഞപ്പോഴും സ്ഥാപനത്തോട് ഒപ്പം നിന്ന യേശുദാസൻ പിന്നീട് മനോരമ വിട്ടതിനുശേഷം മെട്രോവാർത്തയിലും ദേശാഭിമാനിയിലും ജനയുഗത്തിലും സജീവമായി വര തുടർന്നിരുന്നു.

ഒന്നാം കേരള മന്ത്രിസഭ മുതൽ ഇങ്ങ് പിണറായിക്കാലം വരെ തന്റെ വരകളിലൂടെ യേശുദാസൻ അടയാളപ്പെടുത്തിയിരുന്നു. യേശുദാസന്റെ അറുപത് വർഷത്തെ കാർട്ടൂണുകളിൽ നിന്ന് തിരഞ്ഞെടുത്തവ സമാഹാരമാക്കിയാൽ അത് കേരളത്തിന്റെ രാഷ്ട്രീയചരിത്രമായിരിക്കും. അത്തരമൊരു സമാഹാരമായിരിക്കും അദ്ദേഹത്തിന്റെ ഓർമ്മകൾ മാദ്ധ്യമവിദ്യാർത്ഥികളടക്കമുള്ള പുതുതലമുറയിലേക്ക് പകർന്നുനൽകാനുള്ള ഉചിതമായ സ്‌മാരകം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CARTOON STORIES, WEEKLY, VARAYORMAKAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.