കോട്ടയം: മൂലവട്ടത്ത് ട്രെയിനിൽ നിന്നു വീണ് മലപ്പുറം സ്വദേശിയായ പത്തുവയസുകാരൻ മരിച്ചു. മമ്പാട് പുള്ളിപ്പാടം കുണ്ടൻതൊടിക സിദിഖിന്റെ മകൻ മുഹമ്മദ് ഇഷാനാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 12.30 ഓടെ മൂലവട്ടം റെയിൽവേ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം.
തിരുവനന്തപുരത്ത് വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം - നിലമ്പൂർ രാജ്യറാണി എക്സ്പ്രസിൽ മലപ്പുറത്തേയ്ക്ക് മടങ്ങുകയായിരുന്നു 13 അംഗ കുടുംബം. ഇതിനിടെ മൂലേടം - മാടമ്പുകാട് ഭാഗത്ത് വച്ച് ബാത്ത് റൂമിൽ പോയ കുട്ടി കാൽ വഴുതി വീഴുകയായിരുന്നു.
ഇതു കണ്ട് ബന്ധുക്കൾ ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. നാട്ടുകാരുമായി ചേർന്ന് നടത്തിയ തെരച്ചിലിൽ പ്രദേശത്തെ കലുങ്കിനടിയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് പ്രദേശവാസിയുടെ വാഹനത്തിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ് : ജസ്ന, സഹോദരി :ഫാത്തിമ ലിയാന.
ഇഷാനെ .. ഇഷാനെ ..
ഇഷാനെ .. ഇഷാനെ എന്ന വിളികേട്ടാണ് റെയിൽവേട്രാക്കിന് അരികിൽ താമസിക്കുന്ന അശ്വിൻ വിനോദും സിജിൻ ലാലും ഉണർന്നത്. ട്രാക്കിലേക്ക് നോക്കുമ്പോൾ ട്രെയിൻ നിറുത്തിയിട്ടിരിക്കുന്നു.
കുറച്ച് ആളുകൾ ട്രെയിനിൽ നിന്ന് ചാടിയിറങ്ങി ഓടുന്നതും കണ്ടു. ഒാടിച്ചെന്നപ്പോഴാണ് ചോരയൊലിച്ച നിലയിൽ കുട്ടിയെയും കൈയിലെടുത്ത് ചിലർ ട്രാക്കിലൂടെ നടന്നു വരുന്നത് കണ്ടത്. ഉടൻ അയൽവാസിയുടെ കാറിൽ കുട്ടിയെയുമായി ജില്ലാ ജനറൽ ആശുപത്രിയിലേയ്ക്കു കുതിച്ചു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |