# 'ശശി'യുടെ ഓർമ്മകളിൽ ഉള്ളുലഞ്ഞ് ആത്മമിത്രം
ആലപ്പുഴ: ഒന്ന്, രണ്ട്, മൂന്ന്... എണ്ണിയെണ്ണി മുപ്പതിലെത്തും മുമ്പ് കൈമൾ ചേട്ടൻ നടത്തം നിറുത്തി പറഞ്ഞു, വലിയവനാകേണ്ട നീ എന്റെ മുന്നിൽ തോൽക്കരുത്. ഞാൻ ഇന്ന് മുതൽ കള്ളുകുടി നിറുത്തി. ശശിയുടെ (നെടുമുടി വേണു) വേർപാടിൽ ഉള്ളുലഞ്ഞ് പഴയ ഓർമ്മകൾ അയവിറക്കുകയാണ് ആത്മസൃഹൃത്തും ബന്ധുവുമായ സുരേഷ് ബാബു.
പണ്ട് കുട്ടനാട്ടിൽ കർഷക തൊഴിലാളികൾക്ക് ജോലിക്കിടെ ചായകുടിക്കാനുള്ള ഏക ആശ്രയം കളരിക്കൽ ക്ഷേത്രത്തിന് സമീപത്തെ പരമേശ്വര കൈമിളിന്റെ ചായപ്പീടികയായിരുന്നു. തൊഴിലാളികളും നാട്ടുകാരും പരമേശ്വര കൈമളിനെ കുട്ടപ്പൻ എന്നാണ് വിളിച്ചിരുന്നത്.
കുട്ടപ്പൻ എല്ലാ ദിവസവും വൈകിട്ട് കട അടയ്ക്കുന്നതിന് മുമ്പ് സമീപത്തെ ഷാപ്പിൽ നിന്ന് കള്ള് അകത്താക്കുന്ന പതിവുണ്ടായിരുന്നു. ഇക്കാര്യം നാട്ടിലാകെ പാട്ടാണ്. സിനിമയിൽ അഭിനയം തുടങ്ങിയ ശേഷം തിരുവനന്തപുരത്ത് നിന്ന് നാട്ടിലെത്തിയ വേണു എനിക്കൊപ്പം കുട്ടപ്പന്റെ ചായക്കടയിലെത്തി.
കുശലാന്വേഷണത്തിനിടയിൽ കുട്ടപ്പന്റെ മദ്യപാനവും ചർച്ചയായി. ഇതിനിടെ കള്ളുകുടി നിറുത്തിക്കുമെന്ന് ശശി കുട്ടപ്പനുമായി പന്തയം വച്ചു. കള്ളിന്റെ വീര്യത്തിൽ കാലിടറാതെ നടക്കണമെന്നായിരുന്നു പന്തയം. ഒന്ന് മുതൽ 30വരെ എണ്ണും കാലുകൾ ഇടറിയില്ലെങ്കിൽ അടുത്ത ദിവസത്തെ കള്ളിന്റെ പണം തരാമെന്നായി ശശി. ഇടറിയാൽ ഇന്നുകൊണ്ട് മദ്യപാനം ഒഴിവാക്കണം. പന്തയം ഏറ്റെടുത്ത കുട്ടപ്പൻ കാലുകൾ ഇടറാതെ നടക്കാൻ ശ്രമിച്ചു. ശശി എണ്ണിത്തീരും മുമ്പ് നടത്തം നിറുത്തി കുട്ടപ്പൻ പറഞ്ഞു, വലിയവനാകേണ്ട നീ തോൽക്കുകയോ, ഞാൻ കള്ളുകുടി നിറുത്തി.
നാട്ടിലെത്തിയാൽ തനി കുട്ടനാട്ടുകാരനാണ് ശശി. വാലേഴത്ത് വീട്ടിൽ ഞങ്ങൾ സുഹൃത്തുക്കൾക്കൊപ്പം ഒത്തുകൂടുമായിരുന്നു. വാലേഴത്ത് തറവാട്ടിൽ കഥകളി സംഗീത കച്ചേരി വിദഗ്ദ്ധൻ വാസുദേവനെ വരുത്തി കച്ചേരി ആസ്വദിക്കണമെന്ന ആഗ്രഹം സഫലമാക്കാതെയാണ് ശശി യാത്രയായത്. പ്രീയ സുഹൃത്തിനെ തിരുവനന്തപുരത്ത് വട്ടിയൂർകാവിലെത്തി അവസാനമായി കണ്ട് യാത്രഅയച്ചാണ് സുരേഷ് ബാബു ഇന്നലെ വീട്ടിൽ മടങ്ങിയെത്തിയത്.
കർഷകരിലൊരാളായി പാടത്ത്
ചെറുപ്രായം മുതൽ ഞങ്ങൾ ഒന്നിച്ചാണ് കളിച്ചുവളർന്നത്. എന്റെ അമ്മയുടെ അപ്പച്ചിയുടെ മകളുടെ മകനാണ് ശശി. പ്രാഥമിക വിദ്യാഭ്യാസം നെടുമുടിയിലും ഹൈസ്കൂൾ വിദ്യാഭ്യാസം ചമ്പക്കുളത്തും ഞങ്ങൾ ഒന്നിച്ചായിരുന്നു. ബന്ധു എന്നതിലുപരി ആത്മസുഹൃത്തുക്കളുമായിരുന്നു. വേണുവിന് കൃഷിയോട് അതിയായ താല്പര്യമായിരുന്നു. ജ്യേഷ്ഠൻ രാമചന്ദ്രൻ നായരോടൊപ്പം കൃഷിയിടങ്ങളിൽ ചക്രപാട്ടും ഞാറ്റു പട്ടും പ്രത്യേക താളത്തിൽ പാടി കർഷകർക്കൊപ്പം പണിയെടുത്തിരുന്നു.
സിനിമാരംഗത്തേക്ക് ശശി കടന്നതോടെ എനിക്ക് പോസ്റ്റുമാൻ ജോലി ലഭിച്ചു. 35 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ചപ്പോൾ എന്റെ സർവീസിനെ കുറിച്ച് വേണു നടത്തിയ അനുസ്മരണം ഇപ്പോഴും മറക്കാനാവുന്നില്ല.