ഇന്ന് അന്തർദേശിയ ദുരന്ത ലഘൂകരണദിനം
കൊച്ചി: സാമൂഹ്യ സേവനരംഗത്ത് സമാനതകളില്ലാത്ത കേരള മോഡലായി അഗ്നിരക്ഷാസേനയുടെ സ്വന്തം സിവിൽ ഡിഫൻസ്. നാലായിരത്തിനടുത്തുള്ള സേനാംഗങ്ങൾക്കൊപ്പം ആറായിരത്തിലേറെ സന്നദ്ധസേവകരാണ് സിവിൽ ഡിഫൻസിന്റെ ഭാഗമായി രംഗത്തുള്ളത്.
2018 ലെ മഹാപ്രളയത്തിൽ നിന്നുൾക്കൊണ്ട പാഠമാണ് ജനകീയ സന്നദ്ധസേന. 2019 ൽ അത് യാഥാർത്ഥ്യമാക്കി. രണ്ടുവർഷത്തെ പ്രവർത്തനം പുതിയ മാതൃകകളും സൃഷ്ടിച്ചു.
ഓരോ അഗ്നിരക്ഷാനിലയങ്ങളിലും ഡെസിഗ്‌നേറ്റഡ് നോഡൽ ഓഫീസറുടെ കീഴിൽ സ്റ്റേഷൻ, ജില്ല, സംസ്ഥാന തലങ്ങളിൽ പരിശീലനം നേടിയ സ്ത്രീകൾ ഉൾപ്പെടെ 50 വീതം വോളന്റിയർമാർ പ്രവർത്തിക്കുന്നുണ്ട്. അഗ്നിരക്ഷാസേന നേതൃത്വം നൽകുന്ന എല്ലാ ദുരന്തനിവാരണ- രക്ഷാദൗത്യങ്ങളിലും സ്വയം സന്നദ്ധരായി ഓടിയെത്തുന്നവരാണ് സിവിൽ ഡിഫൻസുകാർ.
എണ്ണത്തിൽ
50 വീതം 129 യൂണിറ്റുകളിലായി 6450 പേർ
പരിശീലനം
പ്രഥമ ശുശ്രൂഷ, പ്രളയ രക്ഷാപ്രവർത്തനം, അപകടങ്ങളോടുള്ള പ്രതികരണം, തിരച്ചിലും രക്ഷാപ്രവർത്തനവും, അഗ്‌നിസുരക്ഷ, ദുരന്തനിവാരണം, ബോധവത്ക്കരണം
കൊവിഡ് കാലത്ത്
●2,08,843 വാഹനങ്ങൾ അണു നശീകരണം വരുത്തി
●86,636 മാസ്‌കുകൾ നിർമ്മിച്ച് നൽകി
●2,855 ലിറ്റർ സാനിറ്റൈസർ നിർമ്മിച്ചു
●58,141 ഭക്ഷണപൊതികൾ അന്യസംസ്ഥാന ലോറികളിലെ ഡ്രൈവർമാർക്ക് വിതരണം ചെയ്തു
●61,318 പേർക്ക് കമ്യൂണിറ്റി കിച്ചൺ വഴി ഭക്ഷണം നൽകി
●43,403 ഭക്ഷ്യക്കിറ്റുകൾ (പൊതുവിതരണ സമ്പ്രദായം) നിറച്ചുകൊടുത്തു
●25,903 പേർക്ക് സമ്പൂർണലോക്ക്ഡൗൺ കാലത്ത് വീടുകളിൽ അവശ്യമരുന്ന് എത്തിച്ചുനൽകി
●872 പേർക്ക് രക്തദാനം ചെയ്തു
●7,359 ബോധവത്കരണ പരിപാടികൾ നടത്തി
●1,610 രോഗികളെ ആശുപത്രിയിൽ എത്തിച്ചു
സിവിൽ ഡിഫൻസ് സേനാ വിഭാഗത്തിൽ വിദ്യാർത്ഥികൾ മുതൽ പ്രഫഷനലുകൾ വരെയുണ്ട്. സ്തുത്യർഹമായ സേവനങ്ങളാണ് രണ്ട് വർഷമായി വോളന്റിയർമാർ ചെയ്തുവരുന്നത്.
വി.സിദ്ധകുമാർ, ആർ.എഫ്.ഒ (സ്റ്റേറ്റ് നോഡൽ ഓഫീസർ), സിവിൽ ഡിഫൻസ്