SignIn
Kerala Kaumudi Online
Sunday, 29 May 2022 5.03 AM IST

ഉത്ര വധക്കേസും ചില പാഠങ്ങളും

uthra-case

വസ്‌തുതകളുടെയും തെളിവുകളുടെയും വിചാരണയുടെയും അടിസ്ഥാനത്തിലാണ് കോടതികൾ കേസുകളിൽ തീർപ്പ് കല്‌പിക്കുന്നത്. ചില കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് പ്രതിയെ സംബന്ധിച്ച് നൂറുശതമാനം ഉറപ്പുണ്ടെങ്കിലും തെളിയിക്കാനുള്ള വസ്‌തുതകളുടെ പൊരുത്തമില്ലായ്‌മയുടെ പഴുതിലൂടെ പ്രതി രക്ഷപ്പെടാം. സമാനതകളില്ലാത്ത ഉത്ര വധക്കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരും പ്രോസിക്യൂഷൻ സംഘവും തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു.

മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് അതിക്രൂരമായി ഉത്രയെ കൊലപ്പെടുത്തിയ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി സംശയരഹിതമായി കണ്ടെത്തിയിരിക്കുകയാണ്. സൂരജിനുള്ള ശിക്ഷ ഇന്നറിയാം. ഈ കേസ് തെളിയിക്കാൻ അന്നത്തെ കോട്ടയം എസ്.പി എസ്. ഹരിശങ്കർ നടത്തിയ അതിസങ്കീർണമായ അന്വേഷണം സിനിമാക്കഥകളെ വെല്ലുന്നതും പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിൽ പൂർവമാതൃകകൾ ഇല്ലാത്തതുമാണ്. ദൃക്‌സാക്ഷികളും നേരിട്ടുള്ള മറ്റ് തെളിവുകളുമില്ലാത്ത സാഹചര്യത്തിൽ ശാസ്‌ത്രീയ സാഹചര്യ തെളിവുകൾ കൂട്ടിയിണക്കിയുള്ള അന്വേഷണമാണ് പൊലീസ് നടത്തിയത്. ഇതിലേറ്റവും പ്രധാനം നാഗ്‌പൂരിലും പൂനെയിലും സമാനമായ കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടതെങ്ങനെയെന്ന് പഠിച്ചു എന്നതാണ്. ആ കേസുകളിൽ പാമ്പ് കടിപ്പിച്ചതാണെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്താനാവാത്തതാണ് പ്രതികൾ രക്ഷപ്പെടാനിടയാക്കിയത്. ഈ കേസിൽ മറ്റൊരു മൂർഖൻ പാമ്പിനെ ഉപയോഗിച്ച് പരീക്ഷണം നടത്തി. ബലം പ്രയോഗിച്ച് കോഴിയിറച്ചിയിൽ പാമ്പിനെ കടിപ്പിക്കുകയാണ് ചെയ്തത്. ബലമായി കടിപ്പിക്കുമ്പോൾ പാമ്പിന്റെ കടിയേൽക്കുന്ന ശരീരഭാഗത്തിലെ പല്ലുകളുടെ വ്യത്യാസം 2.4 സെന്റിമീറ്റർ വരെയാകുമെന്നും ഉത്രയുടെ ശരീരത്തിൽ പാടുകൾ തമ്മിലുള്ള അകലം ഇത്രയുമായിരുന്നെന്നും സമർത്ഥിക്കാൻ പൊലീസിന് കഴിഞ്ഞു.

കേസ് തെളിയിക്കുന്നതിൽ കൗമുദി ടിവിയിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച പരിപാടിയായ 'സ്നേക്ക് മാസ്‌റ്റർ" ഒരു നല്ല പങ്ക് വഹിച്ച കാര്യവും അഭിമാനത്തോടെ സ്മരിക്കുന്നു. ഉത്ര വധക്കേസിൽ നിർണായക സാക്ഷിയായി ഈ പരിപാടിയുടെ അവതാരകൻ വാവ സുരേഷ് മാറി.

ഉത്ര കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം വാവ സുരേഷും സംഘവും ഷൂട്ടിംഗിനായി അഞ്ചലിലെത്തിയിരുന്നു. മുൻപൊരിക്കൽ അണലിയുടെ കടിയേറ്റ യുവതി മൂർഖന്റെ കടിയേറ്റ് മരിച്ചെന്ന് അറിഞ്ഞാണ് ചെന്നത്. ഉത്രയ്‌ക്ക് അണലിയുടെ കടിയേറ്റ സമയത്തും ഇങ്ങനെ സംഭവിക്കാൻ സ്വാഭാവികമായി സാദ്ധ്യതയില്ലെന്ന് വാവ സുരേഷ് സ്നേക്ക് മാസ്റ്റ‌റിൽ പറഞ്ഞിരുന്നു. അതും കോടതി കണക്കിലെടുത്തു.

മൂർഖന്റെയോ മറ്റോ കടിയേറ്റാൽ കഠിനമായ വേദനയുണ്ടാകുമെന്നും മയക്കി കിടത്തിയതിനു ശേഷം കടിപ്പിച്ചതാവാമെന്നുമാണ് വാവാ സുരേഷ് തന്റെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ വ്യക്തമായി പറഞ്ഞത്. ഇക്കാര്യം വ്യക്തമാക്കാൻ പിന്നീടും ഉത്രയുടെ വീട്ടിലെത്തി സ്നേക്ക് മാസ്റ്ററിന്റെ പ്രത്യേക പരിപാടി ചെയ്തു. മുറിയിൽ പാമ്പ് ഇഴഞ്ഞു നടന്നതിന്റെ പാടുകളില്ലെന്നും നടന്നത് കൊലപാതകമാണെന്നും ആദ്യമായി ലോകത്തെ അറിയിച്ചത് കൗമുദി ടിവിയാണ്. സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ് അന്വേഷണ സംഘത്തിന് വഴികാട്ടിയായി മാറി. അതാണ് ഏറെ അനുഭവസമ്പത്തുള്ള വാവയെ കേസിൽ സാക്ഷിയാക്കി മാറ്റാൻ പ്രോസിക്യൂഷനെ പ്രേരിപ്പിച്ചത്. ഇനി ഇതുപോലൊരു സംഭവം ആവർത്തിക്കുന്നത് തടയാനും അത് ഇടയാക്കുന്നതായി. ഉത്ര വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ നീക്കങ്ങളും പഠനങ്ങളും ശാസ്ത്രീയമായ വഴിയിലൂടെയുള്ള കുറ്റമറ്റ തെളിവ് ശേഖരണവും മറ്റും എല്ലാ അന്വേഷണ സംഘങ്ങൾക്കും പാഠങ്ങളായി മാറണം. കാരണം സാഹചര്യത്തെളിവുകളുടെ മാത്രം അടിസ്ഥാനത്തിൽ പ്രതി ശിക്ഷ ഏറ്റുവാങ്ങാൻ പോകുന്ന അപൂർവ കേസാണിത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UTHRA MURDER CASE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.