തിരുവനന്തപുരം : പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ മാതൃകാ മാനസികാരോഗ്യ കേന്ദ്രമാക്കി മാറ്റുമെന്നും ഇതിനുള്ള ചർച്ചകൾ ആരംഭിച്ചതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ 150ാം വാർഷികാഘോഷ ലോഗോ പ്രകാശനവും മ്യൂസിക് സിസ്റ്റം കൈമാറ്റവും നിർവഹിക്കുകയായിരുന്നു മന്ത്രി. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക എന്നത് സർക്കാരിന്റെ പ്രധാന ദൗത്യമാണ്. വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. കെ.എസ്. ഷിനു, ആശുപത്രി സൂപ്രണ്ട് ഡോ. എൽ. അനിൽകുമാർ, ചീഫ് കൺസൾട്ടന്റ് ഡോ.കെ.ജെ.നെൽസൺ, ആശുപത്രി വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.