SignIn
Kerala Kaumudi Online
Wednesday, 06 July 2022 7.26 AM IST

25 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു:ഒൻപത് വീടുകൾ തകർന്നു: മഴക്കലിപ്പ്

rain
കനത്ത മഴയെ തുടർന്ന് മഞ്ചപ്പാലം ടി.കെ. ഹൗസിൽ ഇന്ദിരയുടെ വീട്ടുപരിസരത്ത് വെള്ളം കയറിയ നിലയിൽ

കണ്ണൂർ:കനത്ത മഴയെത്തുടർന്ന് ജില്ലയിൽ വിവിധ ഭാഗങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലായി. ഒമ്പത് വീടുകൾ ഭാഗികമായി തകർന്നു. 55 വീടുകളിൽ വെള്ളം കയറി. 25 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കണ്ണൂർ താലൂക്കിലെ മുഴപ്പിലങ്ങാട് ഒന്നാം വാർഡിലെ ഉട്ടൻമുക്ക് പ്രദേശത്തെ വെള്ളക്കെട്ടിലായതിനെത്തുടർന്ന് 35 വീടുകൾ വെള്ളക്കെട്ടിലായി. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ചൊവ്വ സ്പിന്നിംഗ് മിന്നിൽ പ്രദേശത്ത് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പടന്നപ്പാലത്ത് ഇരുപതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പാപ്പിനിശ്ശേരിയിലെ കരക്കട്ട് കോളനിയിൽ കുന്നിടിച്ചലിനെ തുടർന്ന് അപകട ഭീഷണിയിലായ രണ്ട് വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തളിപ്പറമ്പ് താലൂക്കിൽ ആറ് വീടുകളും തലശ്ശേരി താലൂക്കിൽ ഒരു വീടും ഭാഗികമായി തകർന്നു. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിക്കേണ്ട സാഹചര്യമില്ലെന്ന് ജില്ലാകളക്ടർ അറിയിച്ചു. മഴ തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലർട്ടും 14 മുതൽ 16 വരെ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. മോറാഴ പുന്നക്കുളങ്ങര മുണ്ട ഹൗസിൽ രത്നവതിയുടെ വീടിനോട് ചേർന്ന കിണർ കനത്ത മഴയിൽ പൂർണമായും തകർന്നു.


കൺട്രോൾ റൂം തുറന്നു

ജില്ലയിൽ കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ ജില്ലാ തലത്തിൽ കളക്ടറേറ്റിലും താലൂക്ക് തലത്തിൽ എല്ലാ താലൂക്കുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. കളക്ടറേറ്റ് 0497 2700645, കണ്ണൂർ 0497 2704969, തലശ്ശേരി 0490 2343813, തളിപ്പറമ്പ്0460 2203142, ഇരിട്ടി 0490 2494910, പയ്യന്നൂർ 04985 204460


കരകവിഞ്ഞ് പുഴകൾ,​ വ്യാപക കൃഷിനാശം

അഞ്ചരക്കണ്ടിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് ഊർപ്പള്ളി, ചാമ്പാട് ഭാഗങ്ങളിൽ വൻ കൃഷി നാശം. നൂറ് ഏക്കറോളം സ്ഥലത്തെ കൊയ്യാറായ നെൽകൃഷി വെള്ളം കയറി നശിച്ചു.രണ്ട് ദിവസങ്ങളിലായി പെയ്ത കനത്ത മഴയിലാണ് പാഠശേഖരങ്ങളിൽ വൻതോതിൽ വെള്ളം കയറിയിട്ടുള്ളത്. ചാമ്പാട്, ഊർപ്പള്ളി, പടുവിലായി, വേങ്ങാട് അങ്ങാടി ഭാഗങ്ങളിലാണ് വെള്ളപ്പൊക്കം. അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നെൽകൃഷി പൂർണ്ണമായും വെള്ളത്തിനടിയിലായി. ഊർപ്പള്ളിയിലെ പടുവിലായി പാഠശേഖരത്തിലാണ് വ്യാപക കൃഷിനാശം. 75 ഏക്കർ സ്ഥലത്തെ നെൽകൃഷിയാണ് ഈ ഭാഗത്ത് മാത്രം നശിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് കൃഷിക്കാർക്ക് ഉണ്ടായിട്ടുള്ളതെന്ന് കർഷകനായ മുയോടൻ തമ്പാൻ പറഞ്ഞു. കർഷരായ ഗോപാലൻ, വത്സല, വിജയലക്ഷ്മി, സി.വിജയൻ, രമേശൻ, ബാബു എന്നിവരുടെ ക്യഷിയും നശിച്ചു.

കാസർകോട്ടും വ്യാപകനാശം
കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നെൽകൃഷി വ്യാപകമായി നശിച്ചു. കാസർകോട് മടിക്കൈ കാലിച്ചാംപൊതി ചെമ്പിക്കോട്ടെ കുഞ്ഞിരാമന്റെ വീടിനോട് ചേർന്നുള്ള കുളത്തിന്റെ ഭിത്തി ഇടിഞ്ഞു. വിളവെടുപ്പിന് പാകമായ ആഞ്ഞൂറിൽപരം മത്സ്യങ്ങളാണ് ചത്തുപൊങ്ങിയത്. തിങ്കളാഴ്ച രാത്രിയിലുണ്ടായ മഴയിലാണ് അപകടം സംഭവിച്ചത്.

ഉദുമ, പാലക്കുന്ന്, ബേഡഡുക്ക, കൊളത്തൂർ, പനയാൽ പാടശേഖരങ്ങളിൽ വ്യാപകമായി നെൽകൃഷി നശിച്ചു.

കനത്ത മഴയെ തുടർന്ന് ചെറുവത്തൂർ, തൃക്കരിപ്പൂർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. തെക്കുമ്പാട് മുത്തപ്പൻ ക്ഷേത്ര പരിസരത്തെ ടി.വി. ബീനയുടെ വീടിന്റെ മതിലിടിഞ്ഞു വീണു. കുണിയൻ പുഴയിലും പാടിൽ പുഴയിലും വെള്ളം കയറി. ചെറുവത്തൂർ വി.വി. നഗറിലെ കെ.വി.രാധയുടെ കിണർ തകർന്നു. ഓരി, കാരി , മയ്യിച്ച തുടങ്ങിയ പ്രദേശങ്ങളിലും വെളളം കയറി


മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാമുന്നറിയിപ്പ്

15 വരെ കേരള ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 55 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.