SignIn
Kerala Kaumudi Online
Friday, 19 April 2024 7.18 PM IST

മഹാകവി വിടവാങ്ങിയിട്ടിന് നാളെ ഒരാണ്ട്

akkitham

പാലക്കാട്: വിവിധ തലങ്ങളിൽ കണ്ട വ്യത്യസ്ത ചിന്തകളെ നാനാവിധം രേഖപ്പെടുത്തിയ അക്കിത്തം അച്യുതൻ നമ്പൂതിരി കുമരനെല്ലൂരിനോടും മലയാളത്തോടും വിട പറഞ്ഞിട്ട് നാളേക്ക് ഒരാണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ച് ചെങ്കൊടിയേന്തി വളണ്ടിയർ ക്യാപ്ടനാകുമ്പോൾ തന്നെ വേദത്തിലെ സംവാദസൂക്തമാണ് ലോകത്തെ ആദ്യ കമ്യൂണിസ്റ്റ് കൃതിയെന്നും വിശ്വസിച്ചിരുന്നു അക്കിത്തം.

വള്ളത്തോളിന്റെ ഋഗ്വേദ തർജ്ജമയും ഇ.എം.എസിന്റെ സോഷ്യലിസവും അച്ചുതമേനോന്റെ സോവിയറ്റ് നാടും വെൽസൺ വിൽക്കിയുടെ ഏകലോകവും ബാല്യകാലത്ത് ഏതാണ്ട് ഒരേസമയം വായിച്ച അക്കിത്തത്തെ മാർക്‌സ് ഏറെ വശീകരിച്ചിരുന്നു. വൈരുദ്ധ്യങ്ങളെ ഒന്നായി കാണുമ്പോഴും മാർക്‌സിന്റേതിനെ ഭൗതിക പരീക്ഷണമെന്നും വ്യാസന്റേതിനെ ആത്മീയ പരീക്ഷണമെന്നും വിളിക്കാനായിരുന്നു അക്കിത്തം ഇഷ്ടപെട്ടിരുന്നത്.

ജീവിതഗന്ധിയല്ലാത്തതൊന്നും കവിതയാകില്ലെന്ന് വിശ്വസിച്ച മഹാകവി ആത്മീയ പരീക്ഷണത്തെയും ഭൗതിക പരീക്ഷണത്തെയും സ്‌നേഹത്തിലേക്കുള്ള വഴിയായി കണ്ടു. പൊന്നാനിക്കളരിയിലെ എല്ലാ കവികളും സനാതന ധർമ്മ വിശ്വാസികളായിരുന്നു എന്ന എം.കെ. സാനുവിന്റെ വാക്കുകൾ കടമെടുത്താൽ അത് അക്കിത്തത്തിന്റെ ജീവിതരേഖ കൂടിയായിരുന്നു.

സനാതന ധർമ്മ വിശ്വാസിയാകുമ്പോഴും ഇന്നലെകളിൽ കുരുക്കിയിടുന്ന, മനുഷ്യനെ പരസ്പരം അകറ്റുന്ന ജാതി മത വർണ്ണ വർഗ വ്യത്യാസങ്ങൾ ഇല്ലാതായി തീരണമെന്ന് കവി ആഗ്രഹിച്ചിരുന്നു. തീണ്ടലിനെതിരെ നടന്ന പാലിയം സത്യഗ്രഹത്തിൽ പങ്കെടുത്തത് ഇതിനൊരു ഉദാഹരണം മാത്രം.

ബ്രാഹ്മണർ മാത്രമല്ല, അബ്രാഹ്മണനും വേദം പഠിക്കണമെന്നും വേദ സംസ്‌കാരം ഉൾക്കൊണ്ട് ജാതിമതഭേദമന്യേ എല്ലാവരും സനാതന ധർമ്മം പരിപാലിക്കണമെന്നുമായിരുന്നു അക്കിത്തത്തിന്റെ സന്ദേശം. ആ പുരോഗമന ആശയത്തിന് വേണ്ടി തൃശൂർ, തിരുനാവായ, ബ്രഹ്മസ്വം മഠങ്ങൾ കേന്ദ്രീകരിച്ച് വേദവിദ്യാഭ്യാസത്തിന്റെ പ്രചരണത്തിന് ഏറെ വിയർപ്പൊഴുക്കി. സനാതന ധർമ്മമൊഴികെ രാഷ്ട്രീയം, ജാതി, മതം എന്നീ വീക്ഷണകോണുകളൊന്നും അക്കിത്തത്തെ സമ്മർദ്ദപ്പെടുത്തിയിരുന്നില്ല... അമ്പലങ്ങളീവണ്ണം തുമ്പില്ലാതെ വരയ്ക്കുകിൽ, വമ്പനാമീശ്വരൻ വന്നിട്ടെമ്പാടും നാശമാക്കിടും... എന്ന വരികളിൽ ഇത് വ്യക്തം.

സ്‌നേഹത്തിലും സമത്വബോധത്തിലും അധിഷ്ഠിതമായ കമ്യൂണിസം പ്രയോഗത്തിൽ ഹിംസാത്മകവും മനുഷ്യവിരുദ്ധവുമാകുന്നുവെന്ന കുമ്പസാരമാണ് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലുള്ളത്. എന്നാൽ നാനാവിധ ചിന്തകളെ അതത് കാലത്ത് രേഖപ്പെടുത്തുകയായിരുന്നു കവി.

യോഗക്ഷേമസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കാലത്ത് വീരവാദം, വളകിലുക്കം എന്നീ നമ്പൂതിരി സമുദായത്തിലെ പ്രശ്‌നങ്ങൾ ഏറിയ കൂറും പ്രതിപാദിക്കപ്പെട്ട കവിതകൾ രചിച്ചപ്പോൾ കുതിർന്ന മണ്ണും ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസവും സാമൂഹിക വിപ്ലവത്തിന്റെ തീച്ചൂളയിൽ നിന്നും ഉരുകിയുണ്ടായതാണ്. സർവോദയ പ്രവർത്തകരുമായി ബന്ധപ്പെട്ട കാലത്താണ് ധർമ്മസൂര്യന്റെ പിറവി.

മനുഷ്യൻ മൃഗാവസ്ഥയിൽ നിന്നും ദേവത്വത്തിലേക്ക് എത്തണമെന്ന് ആശിച്ച അക്കിത്തം വിടപറഞ്ഞ് ഒരാണ്ട് പിന്നിടുമ്പോഴും അദ്ദേഹം കവിതയായി വിരിയിച്ച മനുഷ്യസ്‌നേഹം നിളയുടെ തീരഭൂമികകളിൽ മാത്രമല്ല, മലയാളത്തിനാകെ പച്ചപ്പുകൾ പകരുന്നു.

ഭാരതീയ പൈതൃകത്തിന്റെ അരണി കടഞ്ഞെടുത്ത യാഗാഗ്‌നിയുടെ വെളിച്ചം, ആത്മാന്വേഷണത്തിന്റെ വഴിയിൽ മിഴിനീരുറഞ്ഞുണ്ടാകുന്ന കല... എന്നിങ്ങനെ അക്കിത്തം കവിതകളെ പഠനവിധേയമാക്കുന്നവർക്ക് വ്യാഖ്യാനിക്കാം, എങ്കിലും ഒന്നുറപ്പിക്കാം... കവി തേടിയത് മനുഷ്യസ്‌നേഹം മാത്രമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.