തെന്നിന്ത്യൻ താരസുന്ദരി ശ്രിയ ശരൺ ഗർഭിണിയായതും അമ്മയായതുമെല്ലാം പാപ്പരാസികളും സിനിമാലോകവും അറിയാതെ ഒരു വർഷത്തോളം രഹസ്യമാക്കി വച്ചു.
ആരുടെയും കണ്ണിൽ പെടാതെ ഇതെങ്ങനെ സാദ്ധ്യമായി എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രമിലൂടെ താൻ അമ്മയായ വിവരം ശ്രിയ പുറത്തുവിട്ടതിന്റെ അമ്പരപ്പ് ആരാധകർക്ക് ഇപ്പോഴും മാറിയിട്ടില്ല. തങ്ങളോട് ഇത് മറച്ചുവെച്ച പരിഭവവും പ്രേക്ഷകർ ശ്രിയയെ അറിയിച്ചു. അതിനുശേഷം ശ്രിയ നൽകിയ അഭിമുഖത്തിലാണ് രാധ എന്നാണ് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ പേരെന്നും ഭർത്താവ് ആൻഡ്രി കൊസ്ചേവിന് രാധ എന്ന പേര് ഒരുപാട് ഇഷ്ടമാണെന്നും ശ്രിയ പറഞ്ഞു.
മകളെ പരിചയപ്പെടുത്തികൊണ്ട് ശ്രിയഇൻസ്റ്റഗ്രമിൽ പങ്കുവച്ച വീഡിയോയിൽ ആൻഡ്രി കൊസ്ചേവും ഉണ്ട്.
കോവിഡ് മഹാമാരിയെ തുടർന്ന് വീട്ടിൽ ക്വാറന്റൈനിൽ നിന്ന സമയത്തായിരുന്നു ശ്രിയ ഗർഭിണിയായത് .ലോകം മുഴുവൻ കൊവിഡ് പ്രതിസന്ധിയിൽ കഴിഞ്ഞപ്പോഴായിരുന്നു തങ്ങളുടെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷങ്ങൾ സംഭവിച്ചതെന്ന് ശ്രിയ പറഞ്ഞു. സ്പെയിനിലെ ബാർസലോണയിലാണ് രാധ ജനിച്ചത്.
2018 ലായിരുന്നു ശ്രിയയും റഷ്യൻ ടെന്നീസ് താരം ആൻഡ്രി കൊസ്ചേവുമായുള്ള വിവാഹം . ശ്രിയയുടെ മുംബൈയിലെ അന്ധേരിയിലെ വസതിയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. മാലദ്വീപിൽ വെച്ചാണ് ശ്രിയ ആൻഡ്രിയെ ആദ്യമായി കാണുന്നത്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു .
കാർത്തിക് നരേന്റെ നരകാസുരൻ , ഗമനം, തട്ക, ആർ ആർ ആർ തുടങ്ങിയവയാണ് ശ്രിയയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |