SignIn
Kerala Kaumudi Online
Monday, 25 October 2021 1.03 PM IST

നിയമസഭാ കൈയാങ്കളി കേസ്: ശിവൻകുട്ടിയും മുൻ മന്ത്രിമാരും വിചാരണ നേരിടണം

niyamasabha-rucks

തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിലെ പ്രതികളായ മന്ത്രി വി.ശിവൻകുട്ടി, മുൻ മന്ത്രി ഇ.പി.ജയരാജൻ, കെ.ടി.ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ.കുഞ്ഞമ്മദ്, സി.കെ.സദാശിവൻ, കെ.അജിത്ത് എന്നിവർ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് ആർ.രേഖ ഉത്തരവിട്ടു. പ്രതികളുടെ വിടുതൽ ഹർജി തള്ളിയ കോടതി, നവംബർ 22ന് പ്രതികളെല്ലാം ഹാജരാകാൻ നിർദ്ദേശിച്ചു.

പ്രഥമദൃഷ്ട്യാ പ്രതികളെല്ലാം കുറ്റക്കാരാണെന്ന സർക്കാർ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. പ്രതികളുടെ പ്രവൃത്തികൾ ഗുരുതരമായ സംശയങ്ങളുണ്ടാക്കുന്നതാണെന്നും വിചാരണ നേരിടുന്നതിൽ നിന്ന് അവരെ ഒഴിവാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. സർക്കാരിനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ കെ. ബാലചന്ദ്രമേനോൻ ഹാജരായി.

വാദങ്ങളും മറുപടിയും

പ്രതിഭാഗം- അക്രമം നടത്തണമെന്ന് പ്രതികൾക്ക് ദുരുദ്ദേശ്യമില്ലായിരുന്നു. പൊലീസ് നടത്തിയ ബലപ്രയോഗം പ്രതിരോധിച്ചപ്പോഴാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.

കോടതി- ആറ് പ്രതികളും ബഡ്ജ​റ്റ് അവതരണത്തിന്റെ തലേദിവസം തന്നെ നിയമസഭയിൽ തങ്ങിയതിനാൽ സഭ തല്ലിത്തകർക്കാൻ ഉദ്ദേശ്യമില്ലായിരുന്നുവെന്ന വാദം അംഗീകരിക്കാനാവില്ല. പ്രതികൾ 2,20,093 രൂപയുടെ പൊതുമുതലാണ് നശിപ്പിച്ചത്.

പ്രതിഭാഗം- ബഡ്ജറ്റ് അവതരണം തടയാൻ തോമസ് ഐസക്, സി.രവീന്ദ്രനാഥ്, വി.എസ്.സുനിൽകുമാർ, പി.ശ്രീരാമകൃഷ്ണൻ, എ.പ്രദീപ്കുമാർ, ജെയിംസ് മാത്യു, ടി.വി.രാജേഷ് എന്നിവരെല്ലാം സ്പീക്കറുടെ ഡയസിൽ കയറിയിട്ടും അവരെയൊന്നും പ്രതികളാക്കിയില്ല.


കോടതി- അക്രമത്തിൽ പ്രതികളുടെ പങ്കിനെക്കുറിച്ചും അവർ തല്ലിത്തകർത്ത സാധനങ്ങളെക്കുറിച്ചും അഞ്ച് സാക്ഷികൾ വ്യക്തമായ മൊഴി നൽകിയിട്ടുണ്ട്. ബഡ്ജ​റ്റ് അവതരണം തടയുക മാത്രമായിരുന്നു ലക്ഷ്യമെന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ടതല്ല.

-പ്രതികളുടെ പങ്ക് വ്യക്തമെന്ന് കോടതി-

ശിവൻകുട്ടിയുടെ അഭിഭാഷകൻ- സ്പീക്കറുടെ ഡയസിലെ ഇലക്ട്രോണിക് പാനൽ ശിവൻകുട്ടി നശിപ്പിച്ചെന്നാണ് കുറ്റമെങ്കിലും നശിപ്പിക്കപ്പെട്ട സാധനങ്ങളുടെ പട്ടികയിൽ അതില്ല. അതിനാൽ ശിവൻകുട്ടി തെറ്റു ചെയ്തിട്ടില്ല.

കോടതി- . സി.സി.ടി.വി ദൃശ്യങ്ങളിലും, സാക്ഷി മൊഴികളിലും നിന്ന് കു​റ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വ്യക്തമാണ്. ആവശ്യത്തിലേറെ തെളിവുകളുമുണ്ട്. അടുത്ത ദിവസമാണ് എഫ്.ഐ.ആർ രജിസ്​റ്റർ ചെയ്തതെന്ന വാദത്തിൽ കഴമ്പില്ല.

പ്രതിഭാഗം-തെളിവ് നിയമത്തിലെ 65(ബി) പ്രകാരം ദൃശ്യങ്ങൾ തെളിവായി ഹാജരാക്കുമ്പോൾ അത് സൂക്ഷിച്ചിരുന്നയാളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങേണ്ടതുണ്ട്. അത് പാലിച്ചിട്ടില്ലാത്തതിനാൽ ദൃശ്യങ്ങൾ കൃത്രിമമാണ്

കോടതി-ദൃശ്യങ്ങൾക്ക് സാക്ഷ്യപത്രമില്ലാതിരുന്നതിനാൽ കൃത്രിമം കാണിച്ചിരിക്കാമെന്നും അവ വ്യാജമാണെന്നുമുള്ള വാദം അംഗീകരിക്കാനാവില്ല. ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നത് നിയമസഭാ സെക്രട്ടറിയാണ്. അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് നേരിട്ട് ദൃശ്യങ്ങൾ നൽകിയിരുന്നില്ല. നിയമസഭയിലെ ഇലക്ട്രോണിക്സ് അസി. എൻജിനിയർ നേരിട്ടാണ് പകർപ്പെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന് നൽകിയത്. ദൃശ്യങ്ങൾ വ്യാജമല്ലെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NIYAMASABHA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.