SignIn
Kerala Kaumudi Online
Friday, 03 December 2021 4.15 PM IST

ദുരൂഹമായി സി.പി.എം പ്രവർത്തകന്റെ തിരോധാനം ഉത്തരം മുട്ടി പാർട്ടിയും പൊലീസും

sajee

ആലപ്പുഴ : സി.പി.എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ തോട്ടപ്പള്ളി പൊരിയന്റെ പറമ്പില്‍ സജീവന്റെ (54) തിരോധാനം രണ്ടാഴ്ച പിന്നിടുമ്പോഴും പാർട്ടിക്കും പൊലീസിനും ഉത്തരമില്ല. സജീവനെ കണ്ടെത്താനായുളള അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് കസ്റ്റഡിയിലെടുത്ത സി.പി.എം തോട്ടപ്പള്ളി പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ എം.മുരളിയെ പൊലീസ് മർദ്ദിച്ചതായി പരാതി ഉയരുകയും അദ്ദേഹം പൊലീസിനെതിരെ രംഗത്തുവരികയും ചെയ്തതോടെ ദുരൂഹമായ തിരോധാനവും അതുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണവും പുതിയ വഴിത്തിരിവിലെത്തി നിൽക്കുകയാണ്.

സി.പി.എം പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ അപ്രതീക്ഷിതമായ സജീവിന്റെ തിരോധാനത്തെ ദോഷൈകദൃക്കുകളായ ചിലർ പാർട്ടി സമ്മേളനവുമായി കൂട്ടിക്കെട്ടുകയും ബ്രാഞ്ച് സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തതോടെ പാർട്ടിയെയും സംഘ

ടനാ സംവിധാനത്തെയും പിടിച്ചുലയ്ക്കുന്ന പ്രശ്നമായി വിഷയം മാറി.

തീരമണഞ്ഞ

സജീവ് എവിടെ?

കഴിഞ്ഞമാസം 29 ന് പുലർച്ചെ വീട്ടിൽ നിന്ന് പതിവുപോലെ വള്ളത്തിൽ പണിക്ക് പോയതാണ് സജീവ്. തോട്ടപ്പളളിയിൽ നിന്ന് പതിവ് വള്ളത്തിൽ കടലിൽ പണിക്ക് പോയ സംഘം തീരത്ത് നിന്ന് അധികം അകലെയല്ലാതെ കടലിൽ വലവിരിക്കുന്നതിനിടെയാണ് വീട്ടിൽ നിന്ന് സജീവിന്റെ ഫോണിലേക്ക് വിളിയെത്തിയത്. അത്യാവശ്യമായി വീട്ടിലേക്ക് വരണമെന്നായിരുന്നു ഭാര്യയുടെ ഫോൺ സന്ദേശം. വലനീട്ടികഴിഞ്ഞയുടൻ മറ്റൊരു വള്ളത്തിൽ തീരത്തെത്തിയ സജീവ് അവിടെ നിന്ന് ഒരു ആട്ടോ റിക്ഷ പിടിച്ചാണ് വീട്ടിലെത്തിയത്. വീട്ടിലെത്തിയ സജീവ് അധികസമയം അവിടെ ചെലവഴിച്ചില്ല. തന്റെ മൊബൈൽഫോൺ വീട്ടിൽ വച്ചശേഷം ഉച്ചയോടെ തോട്ടപ്പള്ളി ഹോം സ്റ്റേയ്ക്ക് സമീപമെത്തി. അവിടെ പലരും സജീവിനെ കാണുകയും സംസാരിക്കുകയും ചെയ്തെങ്കിലും അസ്വാഭാവികത ഒന്നും ആർക്കും തോന്നിയില്ല. തോട്ടപ്പള്ളിയിൽ നിന്ന് അന്ന് ഉച്ചയ്ക്ക് കാണാതായ സജീവിനെപ്പറ്റി പിന്നീട് ആർക്കും യാതൊരു വിവരവുമില്ല. മൊബൈൽഫോൺ വീട്ടിൽ ഉപേക്ഷിച്ചിട്ടാണ് പോയിരിക്കുന്നത് എന്നതിനാൽ ഫോൺ കേന്ദ്രീകരിച്ചുളള അന്വേഷണവും വഴിമുട്ടി. രാത്രിയായിട്ടും സജീവിനെ കാണാതായപ്പോഴാണ് വീട്ടുകാർ പലരോടും വിളിച്ച് അന്വേഷിക്കാൻ തുടങ്ങിയത്. സജീവിനെ കാണാനില്ലെന്ന് മനസിലാക്കിയ പാർട്ടി പ്രവർത്തകരാണ് സംഭവത്തിൽ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ മാൻമിസിംഗിന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പൊലീസ് ഭാര്യ,കുടുംബാംഗങ്ങൾ, അടുത്ത ബന്ധുക്കൾ, അയൽവാസികൾ, പാർട്ടി പ്രവർത്തകർ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും മൊഴിയെടുക്കുകയും ചെയ്തെങ്കിലും സജീവിനെ കണ്ടെത്താൻ സഹായകമായ യാതൊരു സൂചനകളും ലഭിച്ചിട്ടില്ല.

തലേരാത്രിയിൽ അടച്ചിട്ട

മുറിയിൽ സംഭവിച്ചതെന്ത്?

സജീവിനെ കാണാതായതിന് തലേദിവസം പ്രദേശത്തെ പാർട്ടി പ്രവർത്തകരായ രണ്ടുപേർ രാത്രി സജീവിന്റെ വീട്ടിലെത്തിയിരുന്നു. സജീവിന്റെ മുറിക്കുള്ളിൽ കയറി കതകടച്ച് സജീവുമായി ഏറെനേരം ചെലവഴിച്ച ഇവർ എന്തൊക്കെയോ രഹസ്യ ചർച്ചകൾക്ക് ശേഷമാണ് വീട് വിട്ടുപോയത്. പാർട്ടിസമ്മേളനത്തിന്റെ പശ്ചാത്തലത്തിലുള്ള കൂടിക്കാഴ്ചയായാണ് ചെമ്മീൻ കമ്പനി ജീവനക്കാരിയായ സജീവിന്റെ ഭാര്യയും കുടുംബാംഗങ്ങളും ഇതിനെ കണ്ടത്. കൂടിക്കാഴ്ചയുടെ വിഷയം എന്താണെന്ന് സജീവ് ഭാര്യയോട് പോലും വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് അവർ പൊലീസിനോടും പാർട്ടി പ്രവർത്തകരോടും പറയുന്നത്. തിരോധാനത്തിന് തൊട്ടുമുമ്പത്തെ ദിവസമായിരുന്നു രഹസ്യസംഗമം എന്നതിനാൽ പാർട്ടി ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട വിഷയമാകാം കൂടിക്കാഴ്ചയുടെ വിഷയമെന്നാണ് പാർട്ടിപ്രവർത്തകരും നാട്ടുകാരിൽ ചിലരും സംശയിക്കുന്നത്.


ഫോൺ വിളികൾ

സംശയനിഴലിലാക്കി


സജീവിനെ കാണാതാകുന്നതിന് തൊട്ടുമുമ്പും തലേ ദിവസവും മൊബൈൽ ഫോണിലേക്ക് തുടർച്ചയായി തോട്ടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗവും പൂത്തോപ്പ് ബ്രാഞ്ച് സെക്രട്ടറിയുമായ തോട്ടപ്പള്ളി അമരയുടെതോപ്പിൽ എം.മുരളി വിളിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുരളിയെ അമ്പലപ്പുഴ പൊലീസ് ഇക്കഴിഞ്ഞ ശനിയാഴ്ച അഞ്ച് മണിക്കൂർ ചോദ്യം ചെയ്തു. വൈകിട്ട് 6 മുതൽ രാത്രി 11 വരെയായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ പൂർത്തിയാക്കി രാത്രിയിൽ മുരളിയെ വീട്ടിലെത്തിച്ച പൊലീസ് ഇതിന്റെ വീഡിയോയും റിക്കാ‌ഡ് ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിനിടെ പൊലീസ് ക്രൂരമായി മർദിച്ചുവെന്നാരോപിച്ച് മുരളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയതോടെ സംഭവത്തിൽ പൊലീസും വിവാദത്തിലായി. മുട്ടിനു താഴെ മുളവടികൊണ്ട് അടിച്ചതായും വസ്ത്രം അഴിപ്പിച്ച ശേഷം കരണത്തടിച്ചതായുമാണ് മുരളി പൊലീസിനെതിരെ ഉന്നയിക്കുന്ന പരാതി. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. തിരോധാനത്തിന് മുമ്പ് തുട‌ർച്ചയായ ഫോൺകോളുകളുടെ രഹസ്യമെന്തെന്ന് അന്വേഷിക്കാനും സജീവിന്റെ തിരോധാനത്തിന് ഉത്തരം കണ്ടെത്താനുമാണ് മുരളിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടത്. മുരളിക്ക് പുറമേ ലോക്കൽ കമ്മിറ്റി അംഗം എന്‍.അജയകുമാറിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

മുരളിയെ കഴിഞ്ഞ ശനിയാഴ്ച രാത്രി ചോദ്യം ചെയ്ത ശേഷം അടുത്ത ദിവസം വീണ്ടും ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഹാജരായില്ല. ഇതിനിടെയാണ് ചോദ്യം ചെയ്യലിനിടെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ച് മുരളി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ഇത്തരം സീനുകൾ

സിനിമകളിൽ മാത്രം

സ്റ്റേഷനിലെത്തിയ തന്നെ സജീവൻ എവിടെ എന്ന് ചോദിച്ച് മർദ്ദിച്ചെന്നാണ് മുരളിയുടെ ആരോപണം. അറിയില്ലെന്ന് പറഞ്ഞപ്പോൾ മർദ്ദനം തുടർന്നു. ഇതുവരെ ഒരു കേസിൽ പോലും പെട്ടിട്ടില്ല. അവർ പറയുന്ന ഭാഷ പോലും പുറത്തുപറയാൻ കൊള്ളില്ല. അത്ര മോശപ്പെട്ട ഭാഷയാണ്. കുനിച്ച് നിർത്തി ഇടി, മുട്ടുകാലിൽ നിർത്തുക, പുറത്ത് ഇടിക്കുക, ചെവിക്ക് ഇടിക്കുക എന്നിങ്ങനെയാണ്. നമ്മൾ സിനിമകളിൽ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളൂ. ഇപ്പോൾ ഇരിക്കാനും കിടക്കാനും വയ്യ. നടുവിനൊക്കെ ചവിട്ടി. മർമ്മഭാഗത്തും പരിക്കേറ്റു. വണ്ടാനം മെഡിക്കൽ കോളേജിൽ പോയി ചികിത്സ തേടി. സ്‌കാനിംഗ് അടക്കം ചെയ്തു. ഇനിയും ചികിത്സിക്കണം. രാത്രി 11 മണിവരെ മർദ്ദനത്തിനിരയായി. കുനിച്ച് നിർത്തി ഇടിച്ചെന്നും വസ്ത്രം അഴിപ്പിച്ച് മുട്ടുകാലിൽ നിർത്തി. ചെവികളിൽ അടിച്ചുപരിക്കേൽപ്പിച്ചു. മോശമായ ഭാഷയിലാണ് പൊലീസുകാർ പെരുമാറിയതെന്നും മുരളി ആരോപിച്ചു.

സംഭവത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകുമെന്നും മുരളി മാദ്ധ്യമങ്ങളോട് പറഞ്ഞു.

അതേസമയം,​ സംഭവത്തിൽ ശാസ്ത്രീയ പരിശോധനയും അന്വേഷണവും ആവശ്യപ്പെട്ട് എച്ച്.സലാം എം.എല്‍.എയും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നിവേദനം നൽകി.

ദേഹോപദ്രവം

ഏൽപ്പിച്ചില്ല: സി.ഐ

ചോദ്യം ചെയ്തതല്ലാതെ ദേഹോപദ്രവം ഏൽപ്പിച്ചിട്ടില്ലെന്ന് സി.ഐ എസ്.ദ്വിജേഷ് പറഞ്ഞു. തെളിവുകൾ ശേഖരിച്ചു വരികയാണ്. വേണ്ടി വന്നാൽ‍ ഇനിയും മുരളിയെ ചോദ്യം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.