SignIn
Kerala Kaumudi Online
Thursday, 18 April 2024 9.12 PM IST

എന്താണ് ഗതിശക്തി പ്രോജക്ട് ? 2024ൽ പൂർത്തീകരിക്കുന്ന, മൂന്നാം തവണയും മോദിയെ പ്രധാനമന്ത്രി കസേരയിൽ ഇരുത്താൻ തക്ക പവറുള്ള 100 ലക്ഷം കോടിയുടെ പദ്ധതിയെ കുറിച്ച് അറിയാം 

modi

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഒക്ടോബർ 13 ബുധനാഴ്ച പ്രഖ്യാപിച്ച ഗതിശക്തി പ്രോജക്ട് 100 ലക്ഷം കോടി രൂപയുടേതാണ്. രാജ്യത്തെ ആഗോളതലത്തിൽ ഉത്പാദക രാഷ്ട്രമാക്കി മത്സരശേഷി വർദ്ധിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനാണ് പ്രധാനമായും ഈ പദ്ധതി ലക്ഷ്യമിടുന്നത്.കേന്ദ്ര സർക്കാരിന്റെ 'ആത്മനിർഭർ ഭാരത്' കാഴ്ചപ്പാടിന്റെ മൂല്യം പതിന്മടങ്ങ് ഉയർത്താൻ ശേഷിയുള്ള ഗതിശക്തി പ്രോജക്ട് 2024ൽ പൂർത്തീകരിക്കുക എന്ന ലക്ഷ്യവും കേന്ദ്രത്തിനുണ്ട്. 2024 എന്ന വർഷം രാജ്യത്തിന് പൊതു തിരഞ്ഞെടുപ്പിന്റെ കൂടെയാണ്. അതിനാൽ തന്നെ മൂന്നാം തവണയും മോദിയെ പ്രധാനമന്ത്രി കസേരയിൽ ഇരുത്താൻ തക്ക ശേഷിയുള്ള പദ്ധതിയായിട്ടാണ് ഗതിശക്തി പ്രോജക്ടിനെ വിശേഷിപ്പിക്കുന്നത്.

ഗതിശക്തി പദ്ധതിയെ കുറിച്ച് രാജ്യം ആദ്യം ശ്രവിച്ചത് 2021 ഓഗസ്റ്റ് 15 ന് നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ്. പ്രധാനമന്ത്രി ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് യുവജനങ്ങൾക്ക് തൊഴിലവസരങ്ങളിലേക്ക് നയിക്കുന്ന ഒരു ചാലകമായിട്ടാണ് പുതിയ പദ്ധതിയെക്കുറിച്ച് പ്രസ്താവിച്ചത്. കൊവിഡ് കാരണം മാന്ദ്യത്തിലായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തുടർച്ചയായ പ്രത്യാഘാതങ്ങൾക്കും ശേഷം തിരികെ കരകയറാൻ തക്കശേഷിയുള്ളതാണ് ഗതിശക്തി പ്രോജക്ട്. രാജ്യത്തെ വ്യാവസായിക ഇടനാഴികളിലേക്ക് രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും കണക്ടിവിറ്റി ഉറപ്പാക്കുക എന്നതാണ് ഗതിശക്തി പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കുകയെന്ന കേന്ദ്ര സർക്കാരിന്റെ പ്രതിജ്ഞയ്ക്ക് ദേശീയ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ലോജിസ്റ്റിക്കൽ, സപ്ലൈ ചെയിൻ മെച്ചപ്പെടുത്തലിനും ഇതിൽ ഏറെ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്. ഇതുവഴി പ്രാദേശിക ഉൽപന്നങ്ങൾക്ക് മികച്ച മാർക്കറ്റ് ലഭ്യമാക്കാനാവും.


2024-25 ആകുമ്പോഴേക്കും ഇന്ത്യയുടെ ദേശീയപാത ശൃംഖല 2 ലക്ഷം കിലോമീറ്ററായി ഉയർത്തുകയെന്നതാണ് ഗതിശക്തി പ്രോജക്ടിന്റെ മുഖ്യ ലക്ഷ്യം. ഇതിന് പുറമേ ഇന്ത്യൻ റെയിൽ ശൃംഖലയിൽ ചരക്ക് നീക്കത്തിനായി പ്രത്യേക പദ്ധതികളും വിഭാവനം ചെയ്യുന്നുണ്ട്. കാർഗോ ശേഷി 1,600 ദശലക്ഷം ടണ്ണായി ഉയർത്തും. ഇതിന് പുറമേ രാജ്യത്തെ വ്യോമയാന മേഖലയുടെ വികസനത്തിനും ഗതിശക്തി പ്രോജക്ട് ഊന്നൽ നൽകുന്നുണ്ട്. 2024 - 25 ഓടെ 220 എയർപോർട്ടുകൾ, ഹെലിപാഡുകൾ, വാട്ടർ എയറോഡ്രോമുകൾ എന്നിവയുടെ നിർമ്മാണത്തിനും ഊന്നൽ നൽകുന്നു.

ഊർജ്ജ മേഖലയിലും വൻ വിപ്ലവങ്ങൾക്കാണ് വരുന്ന നാളുകൾ സാക്ഷിയാവാൻ പോകുന്നത്. 2024 - 25 ഓടെ 17,000 കി.മീ പുതിയ ഗ്യാസ് പൈപ്പ് ലൈനുകൾ കൂട്ടിച്ചേർക്കും. ഇന്ത്യയിലെ വൈദ്യുതി ട്രാൻസ്മിഷൻ ശൃംഖല മൊത്തം 4,54,200 സർക്യൂട്ട് കിലോമീറ്ററായി ഉയർത്താനും പദ്ധതിയുണ്ട്. അടിസ്ഥാന വികസനം യാഥാർത്ഥ്യമാകുന്നതോടെ ഗ്രാമീണ സമ്പദ്വ്യവസ്ഥ കൂടുതൽ മെച്ചപ്പെടും. കർഷകരുടെ വരുമാനം ഇരട്ടിയാക്കും, ഇതിനായി മഗാ ഫുഡ് പാർക്കുകളും കാർഷിക സംസ്‌കരണ കേന്ദ്രങ്ങളും രാജ്യവ്യാപകമായി നിർമ്മിക്കും. അടിസ്ഥാന സൗകര്യങ്ങളിൽ ഉയർച്ച ഉണ്ടാവുന്നതിനൊപ്പം ആത്മനിർഭർ ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രതിരോധ നിർമ്മാണവും മെഡിക്കൽ, ഫാർമ, ടെക്‌സ്റ്റൈൽ എന്നീ മേഖലകളിൽ നിരവധി പദ്ധതികൾ നടപ്പിലാവും, ഇതിലൂടെ 2021 ഓഗസ്റ്റ് 15 ന് നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി വാഗ്ദ്ധാനം ചെയ്ത പോലെ ലക്ഷക്കണക്കിന് യുവതീ യുവാക്കൾക്ക് സ്വന്തം രാജ്യത്ത് തൊഴിലവസരം വന്നു ചേരും. ഈ ലക്ഷ്യങ്ങൾ നടപ്പിലാക്കുന്നതിനായി ഗതിശക്തി പ്രോജക്ട് രാജ്യത്തിന് കരുത്തേകും എന്ന കാര്യത്തിൽ സംശയം വേണ്ട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, GATHI SAKTHI PROJECT, MODI DREAM, MODI NDIA, PM MODI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.